അസ്ന മോള്‍ക്കായി 'ഷൈബു' ബസ് ഓടുന്നു
text_fieldsചികിത്സ ധനസഹായ അഭ്യർഥനയുമായി ഓടുന്ന ഷൈബു സ്വകാര്യബസ്
മുണ്ടക്കയം: മുണ്ടക്കയം-കോരുത്തോട് റൂട്ടില്‍ സര്‍വിസ് നടത്തുന്ന 'ഷൈബു' എന്ന സ്വകാര്യ ബസിലെ ജീവനക്കാരനും ഉടമയുമായ വി.എസ്. അലി യാത്രക്കാരുടെ മുന്നില്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി എത്തിയത് ടിക്കറ്റ് ബാഗും മെഷീനുമില്ലാതെ. ടിക്കറ്റ് ചോദിക്കുന്നതിന് പകരം അസ്‌ന ആബീസ് എന്ന കുരുന്നിന്‍റെ ജീവന്‍ നിലനിര്‍ത്താന്‍ സഹായം ചോദിക്കും. കാര്യമറിഞ്ഞ യാത്രക്കാര്‍ കൈയയച്ച് സഹായിച്ചു.
മജ്ജമാറ്റിവെക്കല്‍ ശസ്ത്രക്രിയക്കൊരുങ്ങുന്ന മുണ്ടക്കയം വണ്ടന്‍പതാല്‍ സ്വദേശി അബീസിന്റെ മകള്‍ ഏഴു വയസ്സുകാരി അസ്‌നക്കായാണ് പ്രദേശത്തെ സ്വകാര്യബസ് ഓടുന്നത്. ചൊവ്വാഴ്ച മുതല്‍ ബസില്‍ പ്രത്യേകം തയാറാക്കിയ ബക്കറ്റിലാണ് കാരുണ്യത്തിന്റെ വിഹിതം ഏറ്റുവാങ്ങിയത്. ബുധനാഴ്ച ലഭിച്ച ബസിന്റെ കലക്ഷന്‍ മുഴുവന്‍ ചികിത്സക്കായി നല്‍കി. വ്യാഴാഴ്ചയും വെള്ളിയാഴ്ചയും ബക്കറ്റ് കലക്ഷന്‍ തുടരും.
ബസിൽ യാത്രചെയ്ത വിദ്യാര്‍ഥികള്‍ കണ്ടക്ടര്‍ക്ക് നല്‍കാനായി കൈയില്‍ ചുരുട്ടിപ്പിടിച്ചിരുന്ന കണ്‍സഷന്‍ പൈസക്കൊപ്പം തങ്ങളുടെ ചെറിയതുക കൂടി നല്‍കി.മുണ്ടക്കയം, കൊമ്പുകുത്തി, തെക്കേമല, കോരുത്തോട്, കുഴിമാവ് മേഖലയില്‍ സര്‍വിസ് നടത്തുന്ന ഷൈബു ബസിന്റെ മുന്നില്‍ വലിച്ചുകെട്ടിയിരിക്കുന്ന ബാനര്‍ കണ്ട് നിരവധിയാളുകളാണ് സഹായഹസ്തവുമായി എത്തിയത്.
ചൊവ്വാഴ്ച മുതല്‍ വെള്ളിയാഴ്ചവരെ ബസിൽ വെച്ചിരിക്കുന്ന ബക്കറ്റില്‍ ചികിത്സ സഹായ യാത്രക്കാര്‍ക്ക് തുക നിക്ഷേപിക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. മുമ്പ് നിരവധി ആളുകളുടെ ചികിത്സ സഹായ ധനസമാഹരണത്തിന് സൗജന്യമായി സര്‍വിസ് നടത്തി ഷൈബു ബസും ജീവനക്കാരും മാതൃകയായിട്ടുണ്ട്.