മലയോരമേഖല കാട്ടുതീ ഭീതിയിൽ
text_fieldsമലയോരമേഖലയിലെ കാട്ടു തീ
മുണ്ടക്കയം: വേനൽച്ചൂട് ശക്തമായതോടെ മലയോരമേഖല കാട്ടുതീ ഭീഷണിയിൽ. ജലാശയങ്ങളെല്ലാം ജനുവരി ആദ്യ വാരത്തോടെ വറ്റിത്തുടങ്ങി. പല മേഖലയിലും കുടിവെള്ളവും കിട്ടാക്കനിയായി. മുണ്ടക്കയം, കൂട്ടിക്കൽ, കോരുത്തോട്, കൊക്കയാർ, പെരുവന്താനം പഞ്ചായത്തുകളുടെ ഉൾപ്രദേശങ്ങളിൽ കാട്ടുതീ പടർന്നാൽ അണക്കുക അസാധ്യമാണ്.
കഴിഞ്ഞ വർഷം പെരുവന്താനം, കോരുത്തോട് പഞ്ചായത്തുകളുടെ വനാതിർത്തി മേഖലയിൽ കാട്ടുതീ പടർന്നിരുന്നു. കൂടാതെ ജനവാസ മേഖലയിലും തോട്ടങ്ങളിലും നിരവധി ഇടങ്ങളിലാണ് തീപിടിത്തമുണ്ടായത്. കാഞ്ഞിരപ്പള്ളി, പീരുമേട് യൂനിറ്റുകളിൽനിന്ന് അഗ്നിശമനസേന എത്തുമ്പോഴേക്കും പ്രദേശമാകെ അഗ്നിക്കിരയാകും.
പുരയിടങ്ങളോടും തോട്ടങ്ങളോടും ചേർന്ന് ചപ്പുചവറുകൾ കൂട്ടിയിട്ട് കത്തിക്കുന്നതും പുരയിടങ്ങളിലും പാതയോരങ്ങളിലും സിഗരറ്റ് കുറ്റികൾ അടക്കമുള്ളവ അലക്ഷ്യമായി വലിച്ചെറിയുന്നതും തീപിടിത്തത്തിന് കാരണമാകുന്നുണ്ട്. വൈദ്യുതി പോസ്റ്റിലെ തൂണുകളിൽ പടർന്നുകയറിയിരിക്കുന്ന കാട്ടുവള്ളികളിൽനിന്നു തീ പടരാനും സാധ്യത ഏറെയാണ്. വനാതിർത്തി മേഖലകളിൽ കാട്ടുതീ പടരാതിരിക്കാൻ വനംവകുപ്പിന്‍റെ നേതൃത്വത്തിൽ നടപടി ആരംഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

