പട്ടി നിര്‍ത്താതെ കുരക്കുന്നു, നോക്കിയപ്പോൾ വീട്ടുതിണ്ണയിൽ പുലി!
text_fieldsrepresentative image
മുണ്ടക്കയം: ചെന്നാപ്പാറയില്‍ ഭീതി പടര്‍ത്തി വീണ്ടും പുലി. ഇത്തവണ വീടിന്റെ സിറ്റൗട്ടിലാണ് പുലിയെ കണ്ടത്. വെള്ളിയാഴ്ച രാത്രി 9.30ഓടെയാണ് സംഭവം. ചെന്നാപ്പാറ ബി ഡിവിഷന് ഫീല്‍ഡ് ഓഫിസര്‍ റെജി ക്വാര്‍ട്ടേഴ്സിന്റെ സിറ്റൗട്ടില്‍ കിടന്നിരുന്ന പട്ടി നിര്‍ത്താതെ കുരക്കുന്നത് കേട്ടാണ് കതകുതുറന്നത്.
ലൈറ്റ് ഓണാക്കിയ റെജി കണ്ടത് വളര്‍ത്തുനായെ ആക്രമിക്കുന്ന പുലിയെയാണ്. റെജിയെ കണ്ടതോടെ പുലി നായുടെ പിടിവിട്ട് റബര്‍ തോട്ടത്തിലൂടെ കാട്ടിലേക്ക് ഓടി. പുലിയുടെ ആക്രമണത്തില്‍ വളര്‍ത്തുനായ്ക്ക് പരിക്കുണ്ട്. പറമ്പിലെ കമ്പിവേലിയില്‍ പുലിയുടേതെന്ന് കരുതുന്ന രോമങ്ങളും കണ്ടെത്തിയിട്ടുണ്ട്.
ഇതോടെ വനം വകുപ്പ് അധികൃതരെത്തി വിവിധ സ്ഥലങ്ങളില്‍ കാമറ സ്ഥാപിച്ചെങ്കിലും പുലിയുടെ ദൃശ്യങ്ങള്‍ കണ്ടെത്താനായില്ല. കൂടുതല്‍ കാമറകള്‍ സ്ഥാപിച്ച് വിവരങ്ങള്‍ ശേഖരിക്കാനാണ് തീരുമാനമെന്ന് ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ച് ഓഫിസര്‍ കെ.ജി. മഹേഷ് പറഞ്ഞു.
രണ്ടാഴ്ച മുമ്പ് ഇവിടെനിന്ന് 400 മീറ്റര്‍ ദൂരത്തില്‍ റബര്‍തോട്ടത്തില്‍ ടാപ്പ് ചെയ്ത തൊഴിലാളികള്‍ പുലിയെ കണ്ടിരുന്നു. തലനാരിഴക്കാണ് അന്ന് അവര്‍ രക്ഷപ്പെട്ടത്.