വീടിനുള്ളിൽ രാജവെമ്പാല; ഭീതി മാറാതെ സത്യനും കുടുംബവും
text_fieldsകോരുത്തോട് കൊമ്പുകുത്തിയിൽ വീടിനുള്ളിൽ കയറിയ രാജവെമ്പാലയെ പിടികൂടിയപ്പോൾ
മുണ്ടക്കയം: വീടിനുള്ളിൽ കയറിയ രാജവെമ്പാലയെ പിടികൂടി. കോരുത്തോട് പഞ്ചായത്തിലെ കൊമ്പുകുത്തിയിലാണ് സംഭവം. മൂത്തേരിയിൽ സത്യന്റെ വീട്ടുമുറിയിലാണ് രാജവെമ്പാല ഇടം പിടിച്ചത്. സത്യന്റെ മാതാവ് തങ്കമ്മയാണ് രാജവെമ്പാലയെ ആദ്യം കണ്ടത്. തങ്കമ്മ നിലവിളിച്ച് പുറത്തേക്ക് ഓടി. സത്യനും നാട്ടുകാരും ഓടിയെത്തിയതോടെ രാജവെമ്പാല അലമാരക്കടിയിലെ പൊത്തിലേക്ക് കയറി.
വിവരം അറിഞ്ഞ് വനംവകുപ്പിന്റെ ആർ.ആർ.ടി സംഘം എത്തി. മണിക്കൂറുകളോളം പണിപ്പെട്ട് അലമാര വീടിനു വെളിയിലാക്കിയ ശേഷമാണ് എട്ടടിയോളം നീളമുള്ള രാജവെമ്പാലയെ പിടികൂടിയത്. രണ്ടു കുട്ടികൾ ഉൾപ്പെടെ സത്യന്റെ കുടുംബം വൈകുന്നേരം മൂന്നു വരെ വീട്ടിൽ ഉണ്ടായിരുന്നു. ഇവർ കുരുമുളക് ശേഖരിക്കാനായി പുരയിടത്തിലേക്ക് പോയ സമയത്താണ് രാജവെമ്പാല കയറിയത്.
സമീപത്തെ ശബരിമല വനത്തിൽനിന്നാണ് രാജവെമ്പാല എത്തിയതെന്നാണ് നിഗമനം. ഇതുവരെ ഇവിടെ പാമ്പ് ശല്യം ഇല്ലായിരുന്നുവെന്ന് സത്യൻ പറയുന്നു. വേനൽ ശക്തമായതോടെ വനത്തിൽനിന്ന് പാമ്പുകൾ ജനവാസ മേഖലയിൽ ഇറങ്ങുന്നത് പതിവായിട്ടുണ്ട്. വനത്തിനു സമീപം കഴിയുന്ന കുടുംബങ്ങൾ ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

