ബസ് കാത്തിരിപ്പുകേന്ദ്രത്തിന് അപകട ഭീഷണിയായി വൻമരം
text_fieldsബസ് കാത്തിരിപ്പുകേന്ദ്രത്തിന് അപകട ഭീഷണിയായ മരം
മുണ്ടക്കയം ഈസ്റ്റ്: ബസ് കാത്തിരിപ്പുകേന്ദ്രത്തിന് മുകളിൽ അപകട ഭീഷണി ഉയർത്തി വൻമരം. ദേശീയപാത 183ൽ 36ാം മൈൽ വാണിയപ്പുര ജങ്ഷനിലെ ബസ് കാത്തിരിപ്പുകേന്ദ്രത്തിന് മുകളിൽ അപകടഭീഷണിയുയർത്തി നിൽക്കുന്ന വൻമരമാണ് യാത്രക്കാരുടെ ജീവന് ഭീഷണിയാകുന്നത്.
വലിയ പാഴ്മരത്തിന്‍റെ ശിഖരങ്ങൾ ഒടിഞ്ഞുവീണ് ഏഴു തവണ ഷെഡ് തകർന്നിരുന്നു. ഓരോ തവണ തകരുമ്പോഴും പ്രദേശവാസികൾ സ്വന്തം ചെലവിൽ പുനർനിർമിക്കുകയായിരുന്നു.ചുവട്ടിലെ മണ്ണ് ഒലിച്ചുപോയ നിലയിലുള്ള മരം ഏതുനിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലാണ്. മേഖലയിലെ ഇരുനൂറോളം കുടുംബങ്ങളാണ് ബസ് യാത്രക്കായി ഈ കാത്തിരിപ്പ് കേന്ദ്രത്തെ ആശ്രയിക്കുന്നത്.
കാലവർഷം കടുത്തതോടെ വിദ്യാർഥികൾ ഉൾപ്പെടെ യാത്രക്കാർ ഭീതിയോടെയാണ് ഇതിനുള്ളിൽ കയറിനിൽക്കുന്നത്. മഴയത്ത് കയറിനിൽക്കാൻ മറ്റു സൗകര്യങ്ങളില്ലാത്തതിനാൽ ജീവൻ പണയപ്പെടുത്തി ഇവിടെത്തന്നെ നിൽക്കേണ്ട ഗതികേടിലാണ് നാട്ടുകാർ. ദേശീയപാതയോരത്തെ തിട്ടക്ക് മുകളിലാണ് മരം. ശക്തമായ കാറ്റടിച്ചാൽ മരം കാത്തിരിപ്പുകേന്ദ്രത്തിന് മുകളിലേക്കോ ദേശീയപാതയിലേക്കോ പതിക്കുന്ന അവസ്ഥയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

