വീണ്ടും കാട്ടുതീ; ചെന്നാപ്പാറയില്‍ 300 ഏക്കര്‍ കത്തിനശിച്ചു
text_fieldsമുണ്ടക്കയം: പെരുവന്താനം പഞ്ചായത്തിലെ ചെന്നാപ്പാറ, വട്ടമല, മതമ്പ ഭാഗങ്ങളില്‍ തുടര്‍ച്ചയായി രണ്ടാംദിവസവും നാശംവിതച്ച് കാട്ടുതീ. ചെന്നാപ്പാറയില്‍ 300 ഏക്കറിലേറെ കൃഷി കത്തിനശിച്ചു. വെള്ളിയാഴ്ച ഉച്ചയോടെ വാഗമല ഭാഗത്താണ് കാട്ടുതീ ആദ്യം കണ്ടത്. പിന്നീട് ഇത് ടി.ആർ ആൻഡ് ടി എസ്റ്റേറ്റ് ഭാഗത്തേക്ക് പടരുകയായിരുന്നു. തോട്ടം തൊഴിലാളികള്‍ ഓടിയെത്തി മരശിഖരങ്ങൾ ഉപയോഗിച്ച് തീ കെടുത്താന്‍ ശ്രമിച്ചെങ്കിലും കാര്യമായ പ്രയോജനം ഉണ്ടായില്ല.
കാഞ്ഞിരപ്പള്ളിയില്‍നിന്ന് അഗ്നിരക്ഷാസേന എത്തിയെങ്കിലും യാത്രാസൗകര്യമില്ലാത്തതിനാല്‍ സംഭവസ്ഥലത്തേക്ക് കടക്കാനായില്ല. തോട്ടത്തിന്റെ തൊട്ടടുത്ത് ജനവാസ കേന്ദ്രം കൂടിയാണ്. രാത്രിയും തീയണക്കാനുള്ള പരിശ്രമം തുടരുകയാണ്. വ്യാഴാഴ്ച ഇതിനു സമീപത്തായി ഏക്കറുകണക്കിനു തോട്ടം കത്തിനശിച്ചിരുന്നു.