ഹെലികോപ്ടറിലെ തുരിശടി പഴങ്കഥ: ഇനി താരം ഡ്രോൺ
text_fieldsമുണ്ടക്കയം: തുരിശ് അടിക്കാൻ ഇനി ഹെലികോപ്ടറില്ല. ഹാരിസൺ മലയാളം എസ്റ്റേറ്റിന്റെ വെള്ളനാടി ഒന്നാം ഡിവിഷനിലാണ് പുതിയ താരമായി ഡ്രോൺ എത്തി തുരിശടിച്ചടിച്ചത്. പതിറ്റാണ്ടുകൾക്ക് മുമ്പ് ഇത്തരം ജോലികൾ ഹെലികോപ്ടർ ഉപയോഗിച്ചായിരുന്നു നടത്തിയിരുന്നത്. പിന്നീട് ജോലിക്കാർ ഇത് ഏറ്റെടുത്തു. സ്പ്രേയിങ് മെഷീൻ ഉപയോഗിച്ചായിരുന്നു തുരിശടിക്കൽ. കൃത്യമായി മരങ്ങൾക്ക് മരുന്ന് തളിക്കാൻ സാധിക്കുന്നതും സമയവും ചെലവ് കുറവുമാണ് ഡ്രോണുകളെ ആശ്രയിക്കാൻ കാരണം.
കേരളത്തിൽ നെൽകൃഷിക്കും മാവിൻ തോട്ടങ്ങളിലും ഡ്രോൺ ഉപയോഗിച്ച് മരുന്ന് പ്രയോഗം നടത്താറുണ്ടെങ്കിലും ഇത് ആദ്യമായാണ് റബർ എസ്റ്റേറ്റ് മേഖലയിൽ ഡ്രോണുകളെ ഉപയോഗിച്ച് തുരിശടി നടത്തുന്നത്. ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയുടേതാണ് ഡ്രോണുകൾ. ഇതിന് 30 ലിറ്റർ മരുന്ന് സംഭരണശേഷിയുണ്ട്. 10 മിനിറ്റ് കൊണ്ട് 1.5 ഹെക്ടറിലെ റബറിൽ മരുന്ന് തളിക്കാൻ സാധിക്കും.

