കാട്ടുതീയിൽപെട്ട മൂര്ഖന്പാമ്പിന് ദാഹജലം നൽകി അഗ്നിരക്ഷസേന ഉദ്യോഗസ്ഥന്
text_fieldsമുണ്ടക്കയം: കാട്ടുതീയിൽപെട്ട മൂര്ഖന്പാമ്പിന് ആശ്വാസകരവുമായി അഗ്നിരക്ഷസേന ഉദ്യോഗസ്ഥന്. കാട്ടുതീയും വെയിലിന്റെ ചൂടും മൂലം ഇഴഞ്ഞുനീങ്ങാന്‍ കഴിയാതെ വിഷമിച്ച പാമ്പിന് കാഞ്ഞിരപ്പള്ളി അഗ്നിരക്ഷ സേനയിലെ, മുണ്ടക്കയം പുത്തന്‍ചന്ത സ്വദേശി കുറ്റിക്കാട്ട് കെ.എസ്. ഷാരോണ്‍ ദാഹജലം നല്കി. ‘പാമ്പ് ഉപദ്രവകാരിയാവാം പക്ഷേ, അതിന്റെജീവനും അതിന്റേതായ വിലനല്കണം’ -പാമ്പിന് ദാഹജലം നൽകിയ ഷാരോണ്‍ പറയുന്നു.
പെരുവന്താനം പഞ്ചായത്തിലെ ടി.ആര് ആൻഡ് ടി തോട്ടത്തിലെ വള്ളിയാങ്കാവ് ഭാഗത്താണ് തീകെടുത്താൻ അഗ്നിരക്ഷ സേനയെത്തിയത്. ഇതിനിടെ ജലസംഭരണിയുടെ മുകളില്‍ ചൂടുമൂലം ബുദ്ധിമുട്ടുന്ന പാമ്പിനെ നാട്ടുകാരിലൊരാള്‍ സേനാംഗങ്ങളെ കാണിച്ചുകൊടുക്കുകയായിരുന്നു. അവശനിലയിലായ പാമ്പിന്റെ വാലില്‍ പിടിച്ചതോടെ പത്തിവിടര്‍ത്തി. പിന്നെ, വായിലേക്ക് കുപ്പിവെള്ളം ഒഴിച്ചുനല്‍കി. പാമ്പിനെ വനപാലകര്‍ക്ക് കൈമാറി. ഷാരോണിനെ കൂടാതെ ലീഡിങ് ഫയര്മാന് പി.സി. തങ്കച്ചന്, റെസ്ക്യൂ ഓഫിസര്‍മാരായ അരവിന്ദ്, ജോയ്ദാസ്, ഹോംഗാർഡ് സുരേഷ് ശരത്ത് എന്നിവരും ഉണ്ടായിരുന്നു.