മുല്ലപ്പെരിയാർ കരാർ റദ്ദാക്കണം -ജനസംരക്ഷണ സമിതി
text_fieldsകോട്ടയം: സംസ്ഥാന താൽപര്യം പൂർണമായും ബലികഴിച്ച് 1970ൽ പുതുക്കിയ മുല്ലപ്പെരിയാർ പാട്ടക്കരാർ റദ്ദാക്കണമെന്ന് മുല്ലപ്പെരിയാർ ജനസംരക്ഷണ സമിതി. തിരുവിതാംകൂർ, മദിരാശി സർക്കാറുകൾ ഒപ്പുവെച്ച കരാർ സ്വാതന്ത്ര്യത്തോടെ അസാധുവായതാണ്. എന്നാൽ 1970ൽ വിദഗ്‌ധ ഉപദേശം തേടാതെയും നിയമസഭയിൽ അവതരിപ്പിക്കാതെയും ബാഹ്യ സമ്മർദങ്ങൾക്ക് വഴങ്ങി കരാർ പുതുക്കുകയായിരുന്നു. അപകടാവസ്ഥയിലായ അണക്കെട്ട് ഡീകമീഷൻ ചെയ്യണം.
സംസ്ഥാനത്തിനെതിരായ 999 വർഷ പാട്ടക്കരാർ കത്തിച്ച് സംസ്ഥാന വ്യാപകമായി ജില്ല കേന്ദ്രങ്ങളിൽ പ്രതിഷേധ സമരം നടത്തുമെന്ന് സമിതി അറിയിച്ചു. വെള്ളിയാഴ്ച രാവിലെ 11ന് തൊടുപുഴയിൽ പാട്ടക്കരാർ കത്തിച്ച് സംസ്ഥാനതല ഉദ്ഘാടനം നടത്തുമെന്നും സമിതി ചെയർമാൻ റോയ് വാരികാട്ട്, ജനറൽ കൺവീനർ പി.ടി. ശ്രീകുമാർ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
സംസ്ഥാന താൽപര്യത്തിനെതിരായി പ്രസ്‌താവന നടത്തിയ മന്ത്രി മോൻസ് ജോസഫ് മാപ്പ് പറയണം. മുല്ലപ്പെരിയാർ ജലനിരപ്പ് 136 അടിയിൽനിന്ന് താഴ്ത്തണമെന്നാവശ്യപ്പെട്ട് വർഷങ്ങളായി സുപ്രീംകോടതിയിൽ നടത്തിവരുന്ന നിയമപോരാട്ടത്തിന് തുരങ്കംവെച്ചാണ് ജലനിരപ്പ് 142 അടിയിൽ കൂടാൻ അനുവദിക്കില്ല എന്ന് മന്ത്രി നിലപാടെടുത്തത്. 50 വർഷം മാത്രം ആയുസ്സ് നിർണയിച്ച അണക്കെട്ട് 131 വർഷം പിന്നിടുമ്പോഴും ഡീ കമീഷൻ ചെയ്യാൻ നടപടി സ്വീകരിക്കുന്നതിൽ മാറിവന്ന സംസ്ഥാന സർക്കാറുകൾ ഗുരുതര അലംഭാവമാണ് കാട്ടുന്നത്.
സുപ്രീംകോടതിയിൽനിന്ന് കേരളത്തിന് അനുകൂലമായ നിലപാടുകൾ ഉണ്ടാകാത്തത് മനഃപൂർവമായ വീഴ്ചയുടെ ഫലമാണ്. സംസ്ഥാനത്തിന്‍റെ വാദമുഖങ്ങൾ സുപ്രീംകോടതിയിൽ അവതരിപ്പിക്കുന്നതിലുണ്ടായ വീഴ്‌ചക്ക് പിന്നിലെ ദുരൂഹതയിലും അഴിമതിയിലും ജുഡീഷ്യൽ അന്വേഷണം നടത്തണം. കേരളത്തിലെ നേതാക്കളുടെ തമിഴ്‌നാട്ടിലെ ആസ്തി പട്ടിക പുറത്തുവിടുമെന്ന മുൻ മുഖ്യമന്ത്രി ജയലളിതയുടെ പ്രഖ്യാപനത്തിന് ശേഷം സമരമുഖത്തുനിന്ന് പിന്മാറിയവരെ കുറിച്ചും അന്വേഷിക്കണമെന്ന് സമിതി ആവശ്യപ്പെട്ടു. പിആർ.ഒ. ഷിബു കെ. തമ്പി, ട്രഷറർ പി.പി. ഖാലിദ് സഖാഫി, ശാന്താറാം തോളൂർ, ശ്രീരാജ് ചിറ്റക്കാട്ട് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

