പ്രളയത്തിൽ തകർന്ന കൈവരികൾ നന്നാക്കാതെ മുക്കാലടിക്കടവ് പാലം
text_fieldsപ്രളയത്തിൽ അപകടാവസ്ഥയിലായ പനയ്ക്കപ്പാലം മുക്കാലടിക്കടവ് പാലത്തിന്റെ കൈവരികൾ കവുങ്ങ് തടികൊണ്ട് കെട്ടിയ നിലയിൽ
ഈരാറ്റുപേട്ട: പ്രളയത്തിൽ കേടുപാടു പറ്റിയ പനയ്ക്കപ്പാലം മുക്കാലടിക്കടവ് പാലത്തിന്റെ കൈവരികൾ പുതുക്കിപ്പണിയണമെന്ന ആവശ്യം ശക്തമാകുന്നു. നൂറുകണക്കിന് ജനങ്ങൾ ഉപയോഗിക്കുന്ന പാലമാണിത്. തലപ്പലം, തിടനാട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലത്തിന്റെ കൈവരികൾ പ്രളയം കഴിഞ്ഞതോടെ പൂർണമായും തകർന്ന അവസ്ഥയിലാണ്. എല്ലാ വർഷവും പ്രളയത്തിൽ പനയ്ക്കപ്പാലത്തെ പാലത്തിന്‍റെ കൈവരികൾക്ക് തകരാർ സംഭവിക്കുന്നുണ്ട്. ഇതിന് പരിഹാരം കാണണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
കാൽനൂറ്റാണ്ട് മുമ്പ് ജില്ല പഞ്ചായത്തിന്‍റെയും ഗ്രാമപഞ്ചായത്തിന്‍റെയും ഫണ്ടും എം.പി ഫണ്ടും ഉപയോഗിച്ചാണ് പാലം പണിതത്. ഒരു വാഹനത്തിനു കടന്നുപോകാവുന്ന രീതിയിലുള്ളതാണ് പാലം. കഴിഞ്ഞ മാസത്തെ പ്രളയത്തിൽ കൈവരികൾ തകർന്നു. ഇപ്പോൾ കവുങ്ങുതടി ഉപയോഗിച്ചു താൽക്കാലിക കൈവരി സ്ഥാപിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ തകർന്ന ഇരുവശങ്ങളിലെയും കൈവരികൾ പഞ്ചായത്തുകളുടെ സഹകരണത്തോടെയാണ് പുനഃസ്ഥാപിച്ചത്.
സ്‌കൂൾ ബസുകൾ ഉൾപ്പെടെ നിരവധി വാഹനങ്ങളും യാത്രക്കാരും കടന്നുപോകുന്ന പാലമാണിത്. പാലത്തിന്‍റെ കൈവരികൾ തകർന്നു തുടങ്ങിയിട്ട് ഏഴു വർഷത്തോളമായി. താൽക്കാലികമായി പുനരുദ്ധാരണം നടക്കുന്നുണ്ടെങ്കിലും അടുത്ത പ്രളയത്തിൽ വീണ്ടും തകരുകയാണ്. തിടനാട് പഞ്ചായത്തിലെ അമ്പാറനിരപ്പ്, കൊണ്ടൂർ, പാതാഴ പ്രദേശത്തുള്ളവർക്ക് പാലാ റോഡിലെത്താനുള്ള എളുപ്പവഴിയാണ് ഈ പാലം. തലപ്പലം ഭാഗത്തുള്ളവർക്ക് കൊണ്ടൂർ അമ്പലം, വല്യച്ചൻമല ഭാഗത്തേക്കു പോകുന്നതിനുള്ള എളുപ്പവഴിയുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

