ജില്ല വീണ്ടും കോവിഡ് ഭീതിയിൽ
text_fieldsകോട്ടയം: ഇടവേളക്ക് ശേഷം വീണ്ടും ജില്ല കോവിഡ് ഭീതിയിൽ. കഴിഞ്ഞദിവസങ്ങളിലായി ജില്ലയിൽ 70 ലധികം കോവിഡ് കേസുകൾ സ്ഥീരീകരിച്ചതായാണ് ഔദ്യോഗിക കണക്ക്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ള ജില്ലകളിലൊന്നാണ് കോട്ടയം. ഈ മാസം മാത്രം ജില്ലയിൽ നിരവധി പേർക്ക് രോഗം സ്ഥിരീകരിച്ചു. അതിൽ നല്ലൊരുഭാഗം ഇപ്പോഴും ചികിത്സയിലാണ്.
മതിയായ മുൻകരുതലുകൾ കൈക്കൊള്ളണമെന്നും പൊതുസ്ഥലങ്ങളിലുൾപ്പെടെ മാസ്ക്, സാനിറ്റൈസർ തുടങ്ങിയവ ഉപയോഗിക്കണമെന്നും അനാവശ്യ ആൾക്കൂട്ടങ്ങൾ പരമാവധി ഒഴിവാക്കണമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജും വ്യക്തമാക്കുന്നു.
മഴകനത്തതോടെ പനിയും ജില്ലയിൽ വ്യാപിക്കുന്നുണ്ട്. ഇതും ജനങ്ങൾക്കിടയിൽ ഭീതിയുണ്ടാക്കിയിട്ടുണ്ട്. പനിക്ക് ചികിൽസ തേടി ആശുപത്രികളിലെത്തുന്നവരുടെ എണ്ണം വർധിക്കുകയാണ്. 250 ലധികം പേർക്കാണ് കഴിഞ്ഞദിവസം പനി സ്ഥിരീകരിച്ചത്. ഈ മാസം ഏഴായിരത്തോളം പേർ ജില്ലയിൽ പനി ബാധിതരായെന്നാണ് ഔദ്യോഗിക കണക്ക്.
എന്നാൽ പനിയും, കോവിഡും രോഗികളിൽ ഗുരുതരമായ സാഹചര്യം സൃഷ്ടിക്കുന്നില്ല എന്നാണ് ആരോഗ്യവകുപ്പ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്. പരമാവധി ഒരാഴ്ചയ്ക്കുള്ളിൽ രോഗമുക്തി ലഭിക്കുന്നുണ്ട്. എങ്കിലും രോഗമുണ്ടാകുന്ന സാഹചര്യം ഒഴിവാക്കാൻ എല്ലാവരും ജാഗ്രത പുലർത്തണമെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു.
ലക്ഷണങ്ങൾ
- പനി, ക്ഷീണം, വരണ്ട ചുമ
- ചിലർക്ക് ദേഹംവേദനയും മൂക്കടപ്പും മൂക്കൊലിപ്പും തൊണ്ടവേദനയും വയറിളക്കവും
- പതിയെയാകും ലക്ഷണങ്ങൾ ശക്തി പ്രാപിക്കുക
- ശ്വാസ തടസമുണ്ടാകും
- മണമറിയാത്ത സാഹചര്യവുമുണ്ടായേക്കാം
- പനിയോ ചുമയോ ശ്വാസതടസമോ വർധിച്ചുവരികയാണെങ്കിൽ മെഡിക്കൽ സേവനം നിർബന്ധമായും തേടണം
സ്വീകരിക്കേണ്ട മുൻകരുതലുകൾ
- രോഗികളും പ്രായം ചെന്നവരും പൊതുസ്ഥലങ്ങളിൽ പോകുമ്പോൾ മാസ്ക് ധരിക്കുക
- ദീർഘദൂര യാത്രകളിൽ മാസ്ക് ധരിക്കുന്നത് ഗുണം ചെയ്യും
- ആശുപത്രിയിൽ രോഗ പ്രതിരോധ പ്രോട്ടോക്കോൾ പാലിക്കണം
- കൈകളിലുള്ള വൈറസിനെ ഇല്ലാതാക്കാൻ സോപ്പും വെള്ളവും ഉപയോഗിച്ച് കൈകഴുകുന്നത് ശീലമാക്കുക
- സോപ്പ് ലഭിക്കാത്ത സാഹചര്യത്തിൽ, 60ശതമാനമെങ്കിലും ആൽക്കഹോളുള്ള ഹാൻഡ് സാനിറ്റൈസറുകളും ഉപയോഗിക്കാം
- ആരെങ്കിലും ചുമയ്ക്കുകയോ തുമ്മുകയോ ചെയ്താൽ അവരിൽ നിന്ന് അകലം പാലിക്കുക
- കണ്ണുകളിലും മൂക്കിലും വായിലുമെല്ലാം അനാവശ്യമായി സ്പർശിക്കുന്നത് ഒഴിവാക്കുക
- ശാരീരിക അസ്വസ്ഥതകൾ തോന്നിയാൽ വീട്ടില് തുടരുക
- ചുമയോ പനിയോ ശ്വസിക്കാൻ ബുദ്ധിമുട്ടോ നേരിട്ടാൽ വൈദ്യസഹായം തേടുക
- .കോവിഡ് വൻതോതിൽ പടരുന്ന പ്രദേശങ്ങളെപ്പറ്റി അറിഞ്ഞുവയ്ക്കുക. ഈ പ്രദേശങ്ങളിലേക്ക് പരമാവധി യാത്ര കുറയ്ക്കുക
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

