കോട്ടയം: മഴക്കാലത്ത് പൊതുജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷിതത്വം ഉറപ്പുവരുത്താൻ ലക്ഷ്യമിട്ട് ജില്ല പൊലീസ് 'സേഫ് കോട്ടയം' പേരിൽ സാമൂഹിക സുരക്ഷിതത്വ കാമ്പയിന് തുടക്കമിടുന്നു. മഴക്കാലത്തുണ്ടാകാവുന്ന അപകടസാധ്യതകളെപ്പറ്റിയും അപകടങ്ങള്‍ എങ്ങനെ ഒഴിവാക്കാമെന്നതിനെപ്പറ്റിയും പൊതുജനങ്ങള്‍ക്ക് പൊലീസ് നിർദേശം നൽകുന്നതാണ് പദ്ധതി.
വൈദ്യുതി ലൈന്‍, സര്‍വിസ് വയര്‍ എന്നിവ പൊട്ടിവീണ് കിടക്കുന്നതുകണ്ടാല്‍ ഒരുകാരണവശാലും സ്പര്‍ശിക്കരുത്. മുകളിലൂടെ ചാടിപ്പോവാനോ സമീപ വെള്ളത്തില്‍ സ്പര്‍ശിക്കാനോ പാടില്ല. ഉടൻ വിവരം കെ.എസ്.ഇ.ബി ഓഫിസില്‍ അറിയിക്കണം. പൊലീസ്, അഗ്നിരക്ഷാസേന എന്നിവർക്കും വിവരം നൽകണം. അതുവഴി കടന്നുപോവാന്‍ സാധ്യതയുള്ള പൊതുജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശവും നല്‍കണം. ഒരാള്‍ ഷോക്കേറ്റുകിടക്കുന്നത് കണ്ടാലും വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനുശേഷം മാത്രമേ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടാവൂ.
വൈദ്യുതി പോസ്റ്റുകളിലും സ്റ്റേ കമ്പികളിലും അയകെട്ടുകയോ, കന്നുകാലികളെയോ, മറ്റ് മൃഗങ്ങളെയോ കെട്ടുകയോ ചെയ്യരുത്. വൈദ്യുതി ലൈനുകള്‍ക്ക് സമീപം ലോഹവസ്തുക്കള്‍ ഉപയോഗിച്ച തോട്ടികള്‍, ഏണികള്‍ എന്നിവ ഉപയോഗിക്കരുത്. ഇടിമിന്നലിൽ വൈദ്യുതി സംബന്ധമായ ജോലി ഒഴിവാക്കേണ്ടതും സുരക്ഷിത സ്ഥാനത്തേക്ക് മാറിനില്‍ക്കേണ്ടതുമാണ്.
വീട്ടിൽ വെള്ളം കയറുന്ന സാഹചര്യങ്ങളിൽ വൈദ്യുതാഘാതം ഏല്‍ക്കാനുള്ള സാധ്യത കൂടുതലായതിനാല്‍ മെയിന്‍ സ്വിച്ച് ഓഫാക്കണം. വെള്ളത്തില്‍ ചവിട്ടിനിന്ന് വൈദ്യുതി ഓഫ് ചെയ്യാന്‍ ശ്രമിക്കുകയോ വൈദ്യുതി ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിക്കുകയോ ചെയ്യരുത്. വീട്ടിൽനിന്ന് വെള്ളം ഇറങ്ങിക്കഴിഞ്ഞ് ഇലക്ട്രീഷന്‍റെ സഹായത്തോടെ പരിശോധന നടത്തണം.