എം.ജി സർവകലാശാല; വി.സിയെ തീരുമാനിക്കാനുള്ള സെർച്ച് കമ്മിറ്റിയിൽ ഇടത് പ്രതിനിധിയെ നിയമിക്കാൻ നീക്കം
text_fieldsകോട്ടയം: വിരമിക്കുന്നതിന് തൊട്ടുമുമ്പ് സെനറ്റ് യോഗം വിളിച്ച് എം.ജി സർവകലാശാല വൈസ് ചാൻസലർ ഡോ. സി.ടി. അരവിന്ദകുമാർ. വി.സിയെ തീരുമാനിക്കാനുള്ള സെർച്ച് കമ്മിറ്റിയിലേക്ക് സർവകലാശാല പ്രതിനിധിയെ തിരഞ്ഞെടുക്കുന്നതിനാണ് 26ന് യോഗം വിളിച്ചുചേർത്തത്. 30നാണ് വി.സി വിരമിക്കുന്നത്. സംസ്ഥാനത്ത് ഭരണമാറ്റം വന്നതിന് തൊട്ടുപിന്നാലെയാണ് സി.പി.എം അനുഭാവിയായ വി.സിയുടെ നടപടി.
2024ൽ ചാൻസലറായിരുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സെർച് കമ്മിറ്റിയിലേക്ക് സർവകലാശാല പ്രതിനിധിയെ നിർദേശിക്കാൻ ആവശ്യപ്പെട്ട് കത്തയച്ചിരുന്നു. എന്നാൽ, പ്രതിനിധിയെ നൽകേണ്ടെന്നാണ് സർവകലാശാല സ്പെഷൽ സെനറ്റ് യോഗം തീരുമാനിച്ചത്. സർവകലാശാലകളിൽ സ്ഥിരം വൈസ് ചാൻസലർമാരെ നിയമിക്കണമെന്നാവശ്യപ്പെട്ട് സാമ്പത്തിക വിദഗ്ധ ഡോ. മേരി ജോർജ് ഹൈകോടതിയിൽ ഫയൽ ചെയ്ത കേസ് ചൂണ്ടിക്കാട്ടിയായിരുന്നു തീരുമാനം. എന്നാൽ, ആ കേസ് ഇതുവരെ തീർപ്പായിട്ടില്ല.
സർവകലാശാല പ്രതിനിധി ഇല്ലാതെ സെർച് കമ്മിറ്റി രൂപവത്കരിച്ച ഗവർണറുടെ നടപടി കോടതി തടയുകയും ചെയ്തിരുന്നു. ഗവർണറുടെയും യു.ജി.സിയുടെയും നോമിനികളും സർവകലാശാല പ്രതിനിധിയുമാണ് സെർച് കമ്മിറ്റി അംഗങ്ങൾ. സി.പി.എം പ്രതിനിധിയെ സെർച് കമ്മിറ്റിയിൽ ഉൾപ്പെടുത്തുന്നതോടെ പുതിയ യു.ഡി.എഫ് സർക്കാറിന്റെ പ്രതിനിധി കമ്മിറ്റിയിൽ ഇല്ലാതാകും. ഈ ഉദ്ദേശ്യത്തോടെയാണ് യോഗം വിളിച്ചതെന്ന് സേവ് യൂനിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി ആരോപിക്കുന്നു.
രണ്ടുവർഷം മുമ്പ് ഡോ. മേരി ജോർജ് ഹൈകോടതിയിൽ ഫയൽ ചെയ്ത ഹരജി തീർപ്പാകുന്നതിനുമുമ്പ് സി.പി.എമ്മിന്റെ സമ്മർദത്തിനു വഴങ്ങിയാണ് വി.സി തിരക്കിട്ട് സെനറ്റ് യോഗം വിളിച്ചത്. സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടായ സാഹചര്യത്തിൽ സെനറ്റിന്റെ സ്പെഷൽ യോഗം മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് സേവ് യൂനിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി ഗവർണർക്കും എം.ജി യൂനിവേഴ്സിറ്റി വി.സിക്കും നിവേദനം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

