കോട്ടയം വഴി മെമു ഇന്നു മുതൽ
text_fieldsകോട്ടയം: കോട്ടയം വഴി ഒരു മെമു കൂടി ചൊവ്വാഴ്ച മുതൽ സർവിസ് ആരംഭിക്കും. കൊല്ലം-എറണാകുളം മെമുവാണ് (06768) കോവിഡിനു ശേഷം സർവിസ് പുനരാരംഭിക്കുന്നത്. രാവിലെ 8.20ന് കൊല്ലത്തുനിന്ന് തുടങ്ങി 10.18നു കോട്ടയത്തും 12.30ന് എറണാകുളം ജങ്ഷനിലുമെത്തും.
തിങ്കളാഴ്ചകളിൽ സർവിസില്ല. എല്ലാ സ്റ്റേഷനിലും സ്റ്റോപ്പുണ്ടാവും. നേരത്തേ 7.40നാണ് കൊല്ലത്തുനിന്ന് പുറപ്പെട്ടിരുന്നത്. കോട്ടയം വഴിയുള്ള എറണാകുളം-കൊല്ലം മെമു (06769) 27ന് സർവിസ് തുടങ്ങും. 12.45ന് എറണാകുളത്തുനിന്ന് പുറപ്പെട്ട് 2.12ന് കോട്ടയത്തും 4.50ന് കൊല്ലത്തും എത്തും വിധമായിരുന്നു ആദ്യ സമയക്രമം. എന്നാൽ, യാത്രക്കാരുടെ പരാതിയെ തുടർന്ന് 1.35ന് സർവിസ് ആരംഭിക്കാൻ തീരുമാനിച്ചു.
കോവിഡിനു മുമ്പ് 2.40നാണ് ട്രെയിൻ എറണാകുളത്തുനിന്ന് പുറപ്പെട്ടിരുന്നത്. പഴയ സമയമായ 2.40നുതന്നെ സർവിസ് ആരംഭിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. നിലവിൽ 1.45ന് പരശുറാം എക്സ്പ്രസ് പോയിക്കഴിഞ്ഞാൽ എറണാകുളം ഭാഗത്തുനിന്ന് കോട്ടയം ഭാഗത്തേക്കുള്ളത് വൈകീട്ട് അഞ്ചിന് കേരള എക്സ്പ്രസ് മാത്രമാണ്. എറണാകുളം-കൊല്ലം മെമു പുറപ്പെടുന്ന സമയം 2.40 ആക്കിയാൽ ട്രെയിനുകളുടെ ഇടവേള കുറക്കാനാവും.
യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദവുമാകും. മാത്രമല്ല പരശുറാമിന് 10 മിനിറ്റ് മുമ്പ് എറണാകുളത്തുനിന്ന് ആരംഭിക്കുന്ന മെമു മൂന്നുമണിക്കാണ് കോട്ടയത്തുനിന്ന് പുറപ്പെടുക. പരശുറാം കോട്ടയത്ത് എത്തുന്ന സമയമാവട്ടെ 03.03ഉം. സർവിസ് ആർക്കും ഉപകാരമില്ലാത്ത വിധം ഇല്ലാതാക്കാനുള്ള ശ്രമമാണ് ഇത്തരത്തിലുള്ള പരിഷ്കാരങ്ങൾക്കു പിന്നിലെന്നു യാത്രക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്‌സ് ഓൺ റെയിൽസ് സെക്രട്ടറി ജെ. ലിയോൺസ് ആരോപിച്ചു.
രണ്ട് മെമു ട്രെയിൻകൂടി കോട്ടയം വഴി ഈ മാസം സർവിസ് ആരംഭിക്കും. എറണാകുളം-കൊല്ലം മെമുവും (06777) കൊല്ലം-എറണാകുളം മെമുവുമാണ് (06778) 28ന് സർവിസ് തുടങ്ങുന്നത്. രാവിലെ ആറിന് എറണാകുളം ജങ്ഷനിൽനിന്ന് പുറപ്പെട്ട് പത്തിനു കൊല്ലം ജങ്ഷനിലെത്തും. കൊല്ലം-എറണാകുളം മെമു രാവിലെ 11ന് കൊല്ലത്തുനിന്ന് പുറപ്പെടും. ഉച്ചക്ക് 2.50ന് എറണാകുളത്തെത്തും. രണ്ടു ട്രെയിനും ബുധനാഴ്ചകളിൽ സർവിസ് നടത്തില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

