പാചകവാതക വിതരണത്തിന് അമിത തുക ഏജൻസികളുടെ യോഗം വിളിക്കും
text_fieldsകോട്ടയം: പാചകവാതക സിലിണ്ടറുകൾ വിതരണം ചെയ്യുമ്പോൾ ഡെലിവറി ജീവനക്കാർ ഉപയോക്താക്കളിൽനിന്ന് അമിത തുക ഈടാക്കുന്നത് സംബന്ധിച്ച പരാതിയിൽ അടിയന്തര നടപടി സ്വീകരിക്കാൻ ജില്ല വികസന സമിതി യോഗം തീരുമാനിച്ചു. ഗ്യാസ് ഏജൻസികളുടെ യോഗം വിളിച്ച് ഇതുസംബന്ധിച്ച് നിർദേശം നൽകുമെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച ജില്ല കലക്ടർ ചേതൻകുമാർ മീണ വ്യക്തമാക്കി.
ജില്ലയിൽ ബാറുകളും കള്ളുഷാപ്പുകളും അനുവദിച്ച സമയം കഴിഞ്ഞും പ്രവർത്തിക്കുന്നതായി പരാതികളുയർന്ന പശ്ചാത്തലത്തിൽ പൊലീസും എക്സൈസും സംയുക്ത പരിശോധന ശക്തമാക്കണമെന്ന് കലക്ടർ നിർദേശം നൽകി. തണ്ണീർമുക്കം ബണ്ട് റോഡിലെ കുഴികൾ അടിയന്തരമായി അടക്കാൻ നടപടി വേണമെന്ന് കെ. ബിനിമോൻ എം.എൽ.എ യോഗത്തിൽ ആവശ്യപ്പെട്ടു. വൈക്കം-വെച്ചൂർ റോഡ് നവീകരണവുമായി ബന്ധപ്പെട്ട നടപടികൾ വേഗത്തിലാക്കണമെന്നും എം.എൽ.എ നിർദേശിച്ചു.
കോടിമത പുതിയ പാലത്തിന്‍റെ അപ്രോച്ച് റോഡ് നിർമാണം സെപ്റ്റംബർ 10നുള്ളിൽ പൂർത്തിയാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ യോഗത്തെ അറിയിച്ചു. കാലാവസ്ഥ അനുകൂലമാകാത്തതുകൊണ്ടാണ് ടാറിങ് വൈകിയതെന്ന് വകുപ്പ് വിശദീകരിച്ചു. അതിരമ്പുഴ നാൽപ്പാത്തിമലയിലെ വാട്ടർ ടാങ്ക് പ്രവർത്തനസജ്ജമാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും യോഗത്തിൽ ആവശ്യമുയർന്നു.
ജില്ല ആസൂത്രണ സമിതി സെക്രട്ടേറിയറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ പ്രഫ. റോണി കെ. ബേബി എം.എൽ.എ, സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണന്‍റെ പ്രതിനിധി മോഹൻ കെ. നായർ, അഡ്വ. ഫ്രാൻസിസ് ജോർജ് എം.പിയുടെ പ്രതിനിധി അഡ്വ. ടി.വി. സോണി, കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ പ്രതിനിധി ആന്‍റണി കുന്നുംപുറം, വിനു ജോബ് എം.എൽ.എയുടെ പ്രതിനിധി അഹമ്മദ് നിസാർ, ജില്ല പ്ലാനിങ് ഓഫിസർ പി.എ. അമാനത്ത്, വകുപ്പുകളുടെ ജില്ലതല മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

