മീനച്ചിലാറ്റിലെ നീർനായ്ക്കളെ എണ്ണുന്നു
text_fieldsകോട്ടയം: മീനച്ചിലാറ്റിലെ നീർനായ്ക്കളുടെ കണക്കെടുക്കാൻ വനംവകുപ്പ് സർവേ നടത്തുന്നു. ട്രോപ്പിക്കൽ ഇൻസ്റ്റ്റ്റ്യൂട്ട് ഓഫ് ഇക്കോളജിക്കൽ സയൻസ്(ടൈസ്), ജല വിഭവ വികസന വിനിയോഗകേന്ദ്രം എന്നിവയുടെ സഹകരണത്തോടെ ആഗസ്റ്റ് 30,31 തീയതികളിലാണ് മീനച്ചിൽ ഒട്ടർ സർവേ നടത്തുന്നത്.
നിലവിൽ വനംവകുപ്പിന് നീർനായ്ക്കളുടെ കണക്കില്ല. മീനച്ചിലാറ്റിലും മണിമലയാറ്റിലും നീർനായ്ക്കളുടെ എണ്ണം വ്യാപകമായി കൂടിയിട്ടുണ്ട്. കടിയേൽക്കുന്നവരുടെ എണ്ണവും ഏറെയാണ്. ഈ സാഹചര്യത്തിലാണ് സർവേ നടത്തുന്നത്. കാൽപ്പാടുകൾ നോക്കിയും ജനങ്ങളിൽനിന്നുള്ള വിവരശേഖരണം വഴിയുമൊക്കെയാണ് എണ്ണമെടുക്കുക.
മീനച്ചിലാറ്റില്‍ കിടങ്ങൂര്‍ മുതല്‍ പടിഞ്ഞാറുള്ള ഭാഗങ്ങളില്‍ നീര്‍നായ ശല്യം വര്‍ധിക്കുകയാണ്. പാറമ്പുഴ, മോസ്കോ, ഇറഞ്ഞാല്‍, വട്ടമ്മൂട്, നാഗമ്പടം എന്നിവിടങ്ങളില്‍ വ്യാപകമായി നീര്‍നായ് കൂട്ടത്തെ കണ്ടിരുന്നു. പലര്‍ക്കും കടിയേല്‍ക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍, ചുങ്കം, വേളൂര്‍, തിരുവാര്‍പ്പ് മേഖലകളിലും ഇവയുടെ സാന്നിധ്യമുണ്ട്. ചുങ്കം ഭാഗത്ത് കഴിഞ്ഞ വർഷം കണ്ടത് സ്മൂത്ത് ഹെയേഡ് വിഭാഗത്തിൽപെട്ട കേരളത്തിലെ ഏറ്റവും വലിപ്പം കൂടിയ നീർനായ്ക്കളാണെന്ന് വെറ്ററിനറി ഡോക്ടർമാർ സ്ഥിരീകരിച്ചിരുന്നു.
നേരത്തെ മനുഷ്യസാന്നിധ്യമുള്ള ഭാഗങ്ങളിൽ ഇവയെ കണ്ടിരുന്നില്ല. എന്നാലിപ്പോൾ കടവുകളിലടക്കം കൂട്ടമായി പ്രത്യക്ഷപ്പെടുന്നു. സാധാരണ ഗതിയിൽ ഓടിവന്ന് ആക്രമിക്കുന്നവയല്ലെന്നാണ് വിദഗ്ധർ പറയുന്നത്. കൂട്ടമായി വരുന്നതിനാൽ ആക്രമണസാധ്യതയുമുണ്ട്.
മാലിന്യം കൂടി; നീർനായ്ക്കളും
ആറുകൾ മലിനമാകുന്നതാണ് നീർനായ്ക്കൾ കൂടാൻ കാരണം. മാലിന്യം വർധിക്കുന്നതോടെ തനതു മത്സ്യങ്ങൾ ഇല്ലാതാവുകയും മറ്റു മത്സ്യങ്ങൾ കൂടുകയും ചെയ്യും. ഇത് നീർനായ്ക്കളുടെ എണ്ണം വർധിക്കാനിടയാക്കുന്നു. പുഴയിൽ ഇറച്ചി, മീന്‍ അവശിഷ്ടങ്ങള്‍ തള്ളുന്ന സ്ഥലങ്ങളില്‍ ഇവയുടെ സാന്നിധ്യം വര്‍ധിക്കുന്നതായി നാട്ടുകാര്‍ പറയുന്നു. ആറ്റിലേക്കു കാട് വളര്‍ന്നു കിടക്കുന്ന ഇടങ്ങളാണ് വാസസ്ഥലം. പുഴയോരങ്ങളിലെ മാളങ്ങളിലാണ് ഇവ പ്രസവിക്കുക. ഒരു പ്രസവത്തില്‍ അഞ്ചു കുഞ്ഞുങ്ങള്‍ വരെയുണ്ടാകും. ഒരു വയസ്സിനുള്ളില്‍ വളര്‍ച്ച പൂര്ണമാകുമെന്നതിനാല് അതിവേഗമാണ് വംശവര്‍ധന.
ഉടൻ മരണം സംഭവിക്കില്ല
കടിയേറ്റാൽ ഉടൻ മരണം സംഭവിക്കില്ലെന്നാണ് വെറ്ററിനറി ഡോക്ടർമാർ പറയുന്നത്. നായ്ക്കളുടെ കടിയേൽക്കുന്നതിനു സമാനമായി പേവിഷബാധക്കു കാരണമായ വൈറസ് ശരീരത്തിൽ പടരാൻ സമയമെടുക്കും. താഴത്തങ്ങാടിയിൽ കഴിഞ്ഞ ദിവസം തുണി കഴുകുന്നതിനിടെ വീട്ടമ്മക്ക് കടിയേറ്റിരുന്നു. ആശുപത്രിയിൽ ചികിത്സ തേടി മടങ്ങിയ ഇവർ വൈകീട്ട് കുഴഞ്ഞുവീണുമരിച്ചു. മരണകാരണം നീർനായ് കടിച്ചതല്ലെന്നാണ് അധികൃതരുടെ നിഗമനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

