മീനച്ചിലാർ ഇനി പരന്നൊഴുകും
text_fieldsപ്രളയരഹിത കോട്ടയം പദ്ധതിയുടെ ഭാഗമായി പേരൂർ തൂക്കുപാലത്തിന് സമീപം മീനച്ചിലാറിൽ അടിഞ്ഞ മണ്ണും ചളിയും നീക്കുന്നു
കോട്ടയം: മീനച്ചിലാറിൽ പേരൂർ തൂക്കുപാലത്തിനു സമീപം മണ്ണും ചളിയും നീക്കൽ പുരോഗമിക്കുന്നു. അഞ്ചുകിലോമീറ്റർ നീളത്തിൽ ആറിന്റെ പകുതിയോളമാണ് മണ്ണ് അടിഞ്ഞത്. കാലങ്ങളായി ഒഴുകിയെത്തിയ ഈ മണ്ണു നീക്കി ആറിന്റെ പഴയ വിസ്തൃതി വീണ്ടെടുക്കുകയാണ് പ്രളയരഹിത കോട്ടയം പദ്ധതിയുടെ ഭാഗമായി ചെയ്യുന്നത്. മുളങ്കൂട്ടങ്ങളും വലിയ മരങ്ങളും വളർന്ന് ഇവിടം കരയായി മാറിക്കൊണ്ടിരിക്കുകയാണ്. ആറിന്റെ വീതിയും കുറഞ്ഞു. കൈയേറ്റവും വർധിച്ചു.
വെള്ളുപ്പറമ്പ് പാലം മുതൽ കിഴക്കോട്ട് കിടങ്ങൂർ കട്ടച്ചിറ വരെ നദിയിൽ തിട്ടകൾ രൂപപ്പെട്ട് വീതി കുറഞ്ഞിരിക്കുകയാണ്. പ്രളയരഹിത കോട്ടയം പദ്ധതിയുടെ ഭാഗമായി മീനച്ചിലാർ വേമ്പനാട്ടുകായലിൽ പതിക്കുന്ന എല്ലാ ശാഖകളും ഒരുമിച്ചു തെളിക്കുകയാണ് ലക്ഷ്യം. എക്കലും മണലും നിറഞ്ഞ തിട്ടകളിൽ പാഴ്മരങ്ങൾ വളർന്നു ഒഴുക്ക് തടസ്സപ്പെടുന്നുണ്ട്. ഏറ്റുമാനൂർ-ഈരാറ്റുപേട്ട റോഡിൽ ഒരോ വർഷവും വെള്ളം കയറി നഗരങ്ങളിലെ കടകളിലും വീടുകളിലും നാശനഷ്ടമുണ്ടാകുന്നത് പതിവാണ്. വെള്ളം കയറി ദിവസങ്ങളോളം കെട്ടിക്കിടന്നതുമൂലം കരയിലെ പുരയിട കൃഷിനാശവും പതിവാണ്.
ആറ്റിലെ മൺതിട്ടകൾ മാറ്റിയാൽ ഈരാറ്റുപേട്ടയിലെയും പാലായിലെയും വെള്ളപ്പൊക്കത്തിനു പരിഹാരമാകുമെന്ന് നദി പുനർസംയോജന പദ്ധതി കോഓഡിനേറ്റർ കെ. അനിൽകുമാർ പറഞ്ഞു.
കലക്ടർ ദുരന്തനിവാരണ നിയമം കൂടി ഉപയോഗിച്ച് നൽകിയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് മേജർ ഇറിഗേഷൻ വകുപ്പ് കരാറുകാരനെ നിയോഗിച്ച് മീനച്ചിലാർ തെളിക്കുന്നത്. എക്കലും ചളിയും മണലും അളന്നു തിട്ടപ്പെടുത്തിയ ശേഷം ഇ-ടെൻഡർ വഴി ലേലം ചെയ്ത് വിൽക്കാനാണ് ഉദ്ദേശ്യം. മേജർ ഇറിഗേഷൻ എക്സി. എൻജി. ജോയ് ജനാർദനൻ, അസി. എക്സി. എൻജി കെ. ശ്രീകല, അസി. എൻജി ഷാർലെറ്റ് സെബാസ്റ്റ്യൻ, ഓവർസിയർ ദിവ്യ സി. ദാസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രവൃത്തികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

