മെഡിക്കൽ കോളജ് കേന്ദ്രീകരിച്ച് മോഷ്ടാക്കൾ
text_fieldsഗാന്ധിനഗർ: മെഡിക്കൽ കോളജ് ആശുപത്രി പരിസരം കേന്ദ്രീകരിച്ച് മോഷ്ടാക്കൾ തമ്പടിക്കുന്നതായി പരാതി. തിങ്കളാഴ്ച പുലർച്ച ആശുപത്രി സൂപ്രണ്ട് ഓഫിസിന് സമീപം പാർക്ക് ചെയ്തിരുന്ന വാഹനം മോഷ്ടിച്ചുകൊണ്ടുപോകാൻ ശ്രമിച്ചയാളെ സുരക്ഷ ഉദ്യോഗസ്ഥർ ചേർന്ന് പിടികൂടി പൊലീസിൽ ഏൽപിച്ചിരുന്നു.
പിന്നീട് രാവിലെ 11ന് മെഡിക്കൽ കോളജ് സർവിസ് സഹകരണ ബാങ്കിന് സമീപം പാർക്ക് ചെയ്തിരുന്ന ജീവനക്കാരിയുടെ സ്കൂട്ടർ തട്ടിയെടുക്കാനും ശ്രമം നടന്നു. ജീവനക്കാരിയുടെ സമയോചിതമായ ഇടപെടലിനെ തുടർന്ന് വാഹനം എടുക്കാൻ കഴിയാതെ യുവാവ് കടന്നുകളഞ്ഞു. ഒരുമാസം മുമ്പ് രോഗിയുമായി വന്ന ഓട്ടോറിക്ഷ മോഷ്ടാവ് കടത്തിക്കൊണ്ടുപോയ സംഭവം ഉണ്ടായിട്ടുണ്ട്. വിവരമറിഞ്ഞ ഗാന്ധിനഗർ പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു. ആശുപത്രി പരിസരത്തെ വാഹന മോഷണശ്രമങ്ങൾ കൂടാതെ വാർഡുകളിൽ ചികിത്സയിൽ കഴിയുന്ന രോഗികളുടെയും കൂട്ടിരിപ്പികാരുടെയും പണവും മൊബൈലും മോഷണവും കുട്ടികളെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമങ്ങളും വ്യാപകമാകുകയാണ്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കുറ്റവാളികൾ ആശുപത്രി പരിസരങ്ങളിലും ബസ്സ്റ്റാൻഡിലും കേന്ദ്രീകരിച്ചിട്ടുണ്ടെന്നാണ് ആശുപത്രി ജീവനക്കാരും സമീപത്തെ വ്യാപാരികളും പറയുന്നത്. മെഡിക്കൽ കോളജ് സുരക്ഷ ഉദ്യോഗസ്ഥരുടെയും പൊലീസിന്റെയും നിരീക്ഷണം ശക്തമാക്കണമെന്നാണ് ആവശ്യം.