അപകടക്കെണിയൊരുക്കി മരുതുംമൂട് പാത; നിർമാണത്തിലെ അശാസ്ത്രീയത ഭീഷണി
text_fieldsസ്ഥിരം അപകട മേഖലയായ മരുതുംമൂട് റോഡ്
മുണ്ടക്കയം ഈസ്റ്റ്: കൊട്ടാരക്കര-ദിണ്ഡിഗൽ ദേശീയപാതയിൽ മരുതുംമൂട് മുതൽ മെഡിക്കൽ ട്രസ്റ്റ് കവലവരെ അപകടങ്ങൾ പതിവാകുന്നു.റോഡ് നിർമാണത്തിലെ അശാസ്ത്രീയതയും സിഗ്നൽ ബോർഡുകളുടെ അഭാവവും വാഹനങ്ങളുടെ അമിത വേഗവുമാണ് അപകടങ്ങൾക്ക് വഴിവെക്കുന്നത്. വീതി കുറവായ റോഡിന്റെ ഒരു വശത്തേക്കുള്ള ചരിവും അപകടങ്ങൾക്കു കാരണമാകുന്നു. കുത്തിറക്കത്തിൽ അമിതവേഗത്തിൽ വരുന്ന വാഹനങ്ങൾ സമീപത്തെ റബർ തോട്ടത്തിലേക്ക് പോകുകയാണ് പതിവ്.
ഒരാഴ്ചക്കിടെ മേഖലയിൽ മാത്രം എട്ടോളം അപകടമാണ് ഉണ്ടായത്. കഴിഞ്ഞ ദിവസം ഓട്ടോയുടെ പിന്നിൽ മറ്റൊരു വാഹനം ഇടിച്ച് രണ്ടുപേർക്ക് സാരമായി പരിക്കേറ്റു. ഏതാനും മാസങ്ങൾക്ക് മുമ്പ് മെഡിക്കൽ ട്രസ്റ്റ് കവലയിൽ ബസും കാറും കൂട്ടിയിടിച്ച് ഡ്രൈവർ മരിച്ചിരുന്നു.
ഇതിന് അടുത്ത നാളുകളിൽ തന്നെ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവും മരിച്ചു. കുട്ടിക്കാനത്തിനും മുണ്ടക്കയത്തിനും ഇടയിൽ അപകടങ്ങൾ കൂടിയ പ്രദേശങ്ങളിൽ സിഗ്നൽ ബോർഡുകളും ക്രാഷ് ബാരിയർകളുമെല്ലാം സ്ഥാപിച്ചിട്ടുണ്ടെങ്കിലും മരുതുംമൂട് മുതൽ മെഡിക്കൽ ട്രസ്റ്റ് ജങ്ഷൻ വരെയുള്ള ഭാഗത്ത് ഇവയൊന്നുമില്ല.
നൂറ്റാണ്ടുകൾ പഴക്കമുള്ള കൽക്കെട്ടുകൾ മാത്രമാണ് ഇവിടെ മുന്നറിയിപ്പായുള്ളത്.ഇതാകട്ടെ പയർ വള്ളികൾ കയറി മൂടിയ നിലയിലുമാണ്. മഴയും മൂടൽമഞ്ഞുമുള്ള സമയങ്ങളിൽ എതിർദിശയിൽ വരുന്ന വാഹനങ്ങളിൽ തട്ടാതിരിക്കാൻ വെട്ടിച്ചുമാറ്റുമ്പോൾ അപകടം സംഭവിക്കുന്നതും പതിവാണെന്ന് നാട്ടുകാർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

