മറിയപ്പള്ളി മണ്ണിടിച്ചിൽ; ജീവിതത്തിലേക്ക് കൈപിടിച്ചുകയറ്റി അഗ്നിരക്ഷാ സേന അംഗങ്ങൾ
text_fieldsരക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത കോട്ടയം യൂനിറ്റിലെ അഗ്നിരക്ഷാ സേന അംഗങ്ങൾ
കോട്ടയം: 12 അടി താഴ്ചയിൽ മണ്ണിനടിയിൽ കുടുങ്ങിയ സുശാന്തിനെ പരിക്കില്ലാതെ രക്ഷപ്പെടുത്തിയത് അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥരുടെയും നാട്ടുകാരുടെയും കരുതൽ. കോട്ടയം അഗ്നിരക്ഷാ സേന ഓഫിസർ അനൂപ് രവീന്ദ്രന്റെ നേതൃത്വത്തിൽ സേന എത്തുമ്പോൾ സുശാന്ത് പൂർണമായി മണ്ണിനടിയിലായിരുന്നു.
ആയുധങ്ങൾ ഉപയോഗിച്ച് മണ്ണുനീക്കാൻ കഴിയുമായിരുന്നില്ല. കൈകൊണ്ട് മണ്ണുനീക്കി ശ്വാസമെടുക്കാൻ അവസരമുണ്ടാക്കുകയായിരുന്നു ആദ്യ ശ്രമം. ഒരു മിനിറ്റിനകം മുഖത്തെ മണ്ണുനീക്കി. വെള്ളം കൊടുക്കാൻ താഴേക്ക് ഇറങ്ങാൻ കഴിയാത്തതിനാൽ പൈപ്പിട്ടാണ് ആദ്യം വെള്ളം നൽകിയത്.
നെഞ്ചിനോടു ചേർന്ന് മണ്ണടിഞ്ഞതിനാൽ ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നു. കൈകൊണ്ടുതന്നെ ആ മണ്ണും നീക്കി. ഒരു യൂനിറ്റ് മതിയാകില്ലെന്ന് കണ്ടതോടെ ചങ്ങനാശ്ശേരിയിൽനിന്ന് അഗ്നിരക്ഷാ യൂനിറ്റിനെയും അറിയിച്ചു. അവരും ഉടൻ സ്ഥലത്തെത്തി. വേദനയും പേടിയും മൂലം അലറിക്കരയുന്നുണ്ടായിരുന്നു സുശാന്ത്. ഇടക്കിടെ സമീപത്തെ വീട്ടിൽനിന്ന് ഗ്ലൂക്കോസിട്ടു വെള്ളം നൽകിക്കൊണ്ടിരുന്നു.
സുരക്ഷക്കായി കുഴിക്കുമുകളിൽ പലക നിരത്തിവെച്ചശേഷമാണ് രക്ഷാപ്രവർത്തനം നടത്തിയത്. സുശാന്ത് കുടുങ്ങിക്കിടന്നതിന്റെ പുറകുവശത്ത് ഉയർന്ന ഭാഗമായതിനാൽ മണ്ണുനീക്കാൻ കഴിയുമായിരുന്നില്ല. മുൻവശത്ത് സുശാന്ത് കുടുങ്ങിക്കിടന്ന അത്രയും ആഴത്തിൽ കുഴിയെടുത്ത് പുറത്തെത്തിക്കുകയായിരുന്നു.
കാൽ മടങ്ങിയിരുന്നതും അതിനുമുകളിൽ ഇരുമ്പുചട്ടി കുടുങ്ങിക്കിടന്നതുമാണ് രക്ഷാപ്രവർത്തനത്തിന് തടസ്സമായത്. ഇളകിയ മണ്ണായിരുന്നതിനാൽ വീണ്ടും ഇടിഞ്ഞുവീഴുമോ എന്ന ഭീതിയുമുണ്ടായിരുന്നു. നേരത്തേ കല്ലുവെട്ടുകുഴിയായിരുന്നു ഈ പ്രദേശമെന്ന് പരിസരവാസികൾ പറയുന്നു. മണ്ണിട്ടു നികത്തിയ ശേഷമാണ് വീടുകൾ പണിതത്.
നാട്ടുകാരുടെ സഹകരണം കൊണ്ടുകൂടിയാണ് പരിക്കില്ലാതെ സുശാന്തിനെ പുറത്തെടുക്കാൻ കഴിഞ്ഞതെന്ന് അനൂപ് രവീന്ദ്രൻ പറഞ്ഞു. സംഭവമറിഞ്ഞ് നിരവധിപേർ പ്രദേശത്ത് എത്തിയിരുന്നു. അന്തർസംസ്ഥാന തൊഴിലാളികളും തടിച്ചുകൂടി. സ്ത്രീകളടക്കമുള്ളവർ സുശാന്തിനെ പുറത്തെടുക്കുന്നതുവരെ നിലവിളിയും പ്രാർഥനയുമായി കാത്തിരിക്കുകയായിരുന്നു. രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത നാട്ടുകാർക്കും ജെ.സി.ബി ഓപറേറ്റർക്കുമടക്കം നന്ദിപറഞ്ഞാണ് അഗ്നിരക്ഷാ സേന ഓഫിസർ അനൂപ് രവീന്ദ്രൻ മടങ്ങിയത്.
അസി. സ്റ്റേഷൻ ഓഫിസർ വി. സാബു, ഗ്രേഡ് അസി. സ്റ്റേഷൻ ഓഫിസർ കെ.ടി. സലി, കെ.ബി. റെജിമോൻ, നോബിൾ കുട്ടൻ, ഫയർ ഓഫിസർമാരായ നിജിൽകുമാർ, ഡിനായൽ, അജയകുമാർ, രാജുമോൻ, ഷിജി, സജീം, ഡ്രൈവർമാരായ സണ്ണി ജോർജ്, അനീഷ് ശങ്കർ, ജോടി ജോസഫ്, മെക്കാനിക് റാബി എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.
ചിങ്ങവനം എസ്.എച്ച്.ഒ ടി.ആർ. ജിജുവിന്റെ നേതൃത്വത്തിൽ പൊലീസും നാട്ടകം മെഡിക്കൽ ഓഫിസർ ഡോ. ദീപ്തിയുടെ നേതൃത്വത്തിൽ ആരോഗ്യപ്രവർത്തകരും സ്ഥലത്തുണ്ടായിരുന്നു. കോട്ടയം റീജനൽ ഫയർ ഓഫിസർ അരുൺകുമാറും സ്ഥലം സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

