മണ്ഡല-മകരവിളക്ക് തീർഥാടനം; കെ.എസ്.ആർ.ടി.സി കോട്ടയം ഡിപ്പോക്ക് 4.81 കോടി വരുമാനം
text_fieldsകോട്ടയം: ശബരിമല മണ്ഡല-മകരവിളക്ക് സീസണില്‍ കെ.എസ്.ആർ.ടി.സി കോട്ടയം ഡിപ്പോക്ക് 4.81 കോടിയുടെ വരുമാനം. എരുമേലി ഡിപ്പോക്ക് 2.58 കോടിയാണ് ലഭിച്ചത്. ജില്ലയിൽ കോട്ടയം, എരുമേലി ഡിപ്പോകൾ കേന്ദ്രീകരിച്ചായിരുന്നു പ്രധാനമായും ശബരിമല സ്പെഷൽ സർവിസ് നടത്തിയത്.
മുൻവർഷത്തെ അപേക്ഷിച്ച് കോട്ടയം ഡിപ്പോക്ക് 50 ലക്ഷത്തിന്റെ വർധനയാണ് ഇക്കുറിയുണ്ടായത്. നവംബര്‍ 14ന് തുടങ്ങിയ മണ്ഡലകാല സര്‍വിസില്‍നിന്നുള്ള വരുമാനം 3.06 കോടിയായിരുന്നു. കഴിഞ്ഞ ദിവസം അവസാനിച്ച മകരവിളക്ക് സീസണില്‍ ടിക്കറ്റ് ഇനത്തിൽ 1.75 കോടിയും ലഭിച്ചു.
രണ്ട് സീസണിലുമായി 44 ബസാണ് കോട്ടയത്തുനിന്ന് പ്രതിദിനം സര്‍വിസ് നടത്തിയത്. പാലാ -ആറ് ചങ്ങനാശ്ശേരി -മൂന്ന്, ഈരാറ്റുപേട്ട, മാനന്തവാടി, പെരിന്തല്‍മണ്ണ, പിറവം, തൊട്ടില്‍പാലം, സുൽത്താൻ ബത്തേരി -രണ്ട്, കുളത്തൂപ്പുഴ, കോതമംഗലം, കണ്ണൂര്‍, മണ്ണാര്‍ക്കാട്, മാനന്തവാടി, നെടുങ്കണ്ടം, പെരുമ്പാവൂര്‍, പൊന്‍കുന്നം, പയ്യന്നൂര്‍, പൊന്നാനി, തൊടുപുഴ, വൈക്കം -ഒന്ന് എന്നിങ്ങനെ വിവിധ ഡിപ്പോകളിൽനിന്ന് ശബരിമല സ്പെഷൽ സർവിസിനായി ബസുകൾ കോട്ടയം ഡിപ്പോയിലേക്ക് എത്തിച്ചിരുന്നു. ഒപ്പം കോട്ടയത്തെ ആറു ബസും മുഴുവൻ സമയവും ശബരിമല സർവിസിന് ഉപയോഗിച്ചു.
റെയില്‍വേ സ്റ്റേഷൻ കേന്ദ്രീകരിച്ചായിരുന്നു കോട്ടയത്തുനിന്നുള്ള സ്പെഷൽ സർവിസുകൾ നടത്തിയത്. രാപ്പകല്‍ ഭേദമന്യേ മുഴുവന്‍ സമയവും കെ.എസ്.ആര്.ടി.സി ബസുകള്‍ കോട്ടയം റെയിൽവേ സ്റ്റേഷനിലുണ്ടായിരുന്നു. കെ.എസ്.ആര്.ടി.സി സ്റ്റാൻഡിലെത്തുന്ന തീര്‍ഥാടകരെയും റെയില്‍വേ സ്റ്റേഷനിലേക്ക് എത്തിച്ചാണ് പമ്പയിലേക്കും എരുമേലിയിലേക്കും കൊണ്ടുപോയിരുന്നത്. റെയില്‍വേ സ്റ്റേഷനിലും കെ.എസ്.ആര്.ടി.സി സ്റ്റാൻഡിലുമായി സ്പെഷല്‍ കൗണ്ടറുകളും ക്രമീകരിച്ചിരുന്നു. ഇത്തവണ പരാതികളില്ലാതെ സര്‍വിസ് ഓപറേറ്റ് ചെയ്യാനും കെ.എസ്.ആർ.ടി.സി അധികൃതർക്ക് കഴിഞ്ഞു.
എരുമേലിയിൽനിന്ന് 18 ബസാണ് സർവിസ് നടത്തിയത്. എരുമേലിയിൽനിന്ന് പമ്പ, സത്രം, കാളകെട്ടി, കുമളി എന്നിവിടങ്ങളിലേക്കായിരുന്നു പ്രധാനമായും ട്രിപ്പുകൾ. 689 ഷെഡ്യൂളുകളിലായി ആറായിരത്തിലധികം സർവിസുകളാണ് നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

