പോളയിൽ മൂടി മനക്കച്ചിറ ടൂറിസം പദ്ധതി
text_fieldsപോള തിങ്ങിനിറഞ്ഞ ചങ്ങനാശ്ശേരി മനക്കച്ചിറ എ.സി കനാൽ
ചങ്ങനാശ്ശേരി: കോടികൾ ചെലവഴിച്ച ആലപ്പുഴ -ചങ്ങനാശ്ശേരി റോഡിന് സമാന്തരമുള്ള മനക്കച്ചിറ എ.സി കനാലിലെ മനക്കച്ചിറ ടൂറിസം പദ്ധതി പോളയിൽ മൂടി.
2020ൽ ഇറിഗേഷൻ വകുപ്പിന്റെ നേതൃത്വത്തിൽ പോള പൂർണമായി നീക്കം ചെയ്തിരുന്നെങ്കിലും പിന്നീട്, സംരക്ഷണമില്ലാതായി. മനക്കച്ചിറ ഭാഗത്തായി കനാലിനുള്ളിൽ സ്ഥാപിച്ചിരിക്കുന്ന പവിലിയനുകളും നാശത്തിന്റെ വക്കിലാണ്. ഇവിടത്തെ ചുറ്റുമതിലും ഇടക്കാലത്ത് അറ്റകുറ്റപ്പണി നടത്തിയിരുന്നെങ്കിലും എ.സി റോഡ് നവീകരണ ഭാഗമായി അടച്ചിട്ട നിലയിലാണ്. മലയോര മേഖലയെയും കുട്ടനാടിനെയും ബന്ധിപ്പിക്കുന്ന കുട്ടനാട്ടുകാരുടെ സ്വപ്നപദ്ധതിയാണ് മനക്കച്ചിറ ടൂറിസം പദ്ധതി. 2011ലെ നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മാര്‍ച്ച് രണ്ടിനായിരുന്നു മനക്കച്ചിറ ടൂറിസം പദ്ധതിയുടെ ഉദ്ഘാടനം. ചങ്ങനാശ്ശേരി മുതല്‍ മങ്കൊമ്പ് വരെ 20 കി.മീ. നീളത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരുന്നതെങ്കിലും കിഴക്കുനിന്ന് ഒരു കിലോമീറ്റര്‍ നീളത്തില്‍ എ.സി കനാലിന്റെ ഭാഗങ്ങളിലെ സൗന്ദര്യവത്കരണങ്ങളാണ് പ്രധാനമായും നടന്നത്. സി.എഫ്. തോമസ് എം.എല്‍.എ മുൻകൈയെടുത്ത് ടൂറിസം വകുപ്പ് അനുവദിച്ച 33 ലക്ഷം രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് ആദ്യം നടത്തിയത്.
രണ്ടാംഘട്ടമെന്ന നിലയില്‍ 2005ല്‍ 39 ലക്ഷം രൂപയും അന്തിമഘട്ടമെന്ന നിലയില്‍ 49 ലക്ഷം രൂപയും ഇതിനായി ചെലവഴിച്ചു. വികസനപ്രവര്‍ത്തന ഭാഗമായി എ.സി കനാലിന് വടക്കുഭാഗത്ത് എ.സി റോഡിനും കനാലിനും സമാന്തരമായി പവിലിയന് നിർമിക്കുകയും തറയില്‍ ടൈല്‍സ് പാകുകയും ചുറ്റുമതിലും കമ്പി ഉപയോഗിച്ച് വേലിക്കെട്ടും നിർമിച്ചു. കനാലിന്റെ മധ്യഭാഗത്തായി സൗന്ദര്യം ആസ്വദിക്കാന്‍ പാകത്തില്‍ മണ്ഡപവും നിർമിച്ചിരുന്നു. ചുറ്റിനും അലങ്കാരവിളക്കും സ്ഥാപിച്ചു. എന്നാൽ, ചങ്ങനാശ്ശേരി പട്ടണത്തിലെ മുഴുവന്‍ മാലിന്യവും ആവണിത്തോടിലൂടെ കനാലില്‍ ഒഴുകിയെത്തുന്നതിന് പരിഹാരമുണ്ടാക്കാൻ അധികൃതര്‍ക്കായിട്ടില്ല. ലക്ഷങ്ങള്‍ മുടക്കി പവിലിയന് നിർമിച്ചെങ്കിലും പൊതുജനത്തെ ആകര്‍ഷിക്കാന്‍ പാകത്തില്‍ കനാലില്‍ ഒന്നും സജ്ജീകരിച്ചിട്ടുമില്ല. പെഡല്‍ ബോട്ടുകള്‍ എത്തുമെന്ന് പ്രഖ്യാപിച്ചതല്ലാതെ
അവ എത്തിയിട്ടില്ല. നഗരസഭ മുൻകൈയെടുത്ത് ഓണാഘോഷ ഭാഗമായി വള്ളംകളിയും എ.സി കനാലില്‍ നടത്തിയിരുന്നു. ഇറിഗേഷന്‍ വകുപ്പിന്റെ സഹകരണത്തോടെ ലക്ഷങ്ങള്‍ മുടക്കി
പോള നീക്കംചെയ്തായിരുന്നു വള്ളംകളി. പോളക്ക് പുറമെ പ്ലാസ്റ്റിക്കും മറ്റു മാലിന്യവും ഇവിടെ നിറഞ്ഞ അവസ്ഥയാണ്. മനക്കചിറ മുതൽ പൂവം വരെ ഭാഗങ്ങളിലെ തീരവാസികൾ, കനാലിലെ വെള്ളമാണ് പ്രാഥമികാവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത്. കാടും പടലവും പോളകളും നീക്കി തുടർ സംരക്ഷണത്തിന് സംവിധാനം ഒരുക്കാത്തതിനാൽ ചെയ്യുന്നതെല്ലാം നഷ്ടമാവുകയാണ്. സമീപവാസികളാണ് ഏറെ ദുരിതം അനുഭവിക്കുന്നത്. പോളയും പൂവും അഴുകുന്ന കനാലിലെ വെള്ളമാണ് പ്രാഥമികാവശ്യങ്ങൾക്കായി ഇവർ ഉപയോഗിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

