വീട് കുത്തിത്തുറന്ന് ഏഴര പവൻ മോഷ്ടിച്ചയാൾ അറസ്റ്റിൽ
text_fieldsചങ്ങനാശ്ശേരി: വീട് കുത്തിത്തുറന്ന് ഏഴര പവൻ സ്വർണം മോഷ്ടിച്ചയാളെ ചങ്ങനാശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. തൃക്കൊടിത്താനം മാലൂർക്കാവ് പുതുപ്പറമ്പിൽ ഇസ്മയിൽ(46) ആണ് അറസ്റ്റിലായത്. ശനിയാഴ്ച രാത്രി ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷന് സമീപം എസ്.എച്ച് നഗറിൽ ഡോ. ഇക്ബാലിന്റെ വീട്ടിൽ നിന്നാണ് സ്വർണാഭരണം അപഹരിച്ചത്.
ഡോക്ടറും കുടുംബവും ഹരിപ്പാട് സ്വകാര്യ ചടങ്ങിൽ പങ്കെടുക്കുവാൻ പോയ സമയത്ത് രാത്രി 12നു ശേഷമാണ് മോഷണം നടന്നത്. ഞായറാഴ്ച വീട്ടുകാർ തിരിച്ചുവന്നപ്പോഴാണ് പുറകുവശത്തെ വാതിൽ കുത്തിത്തുറന്ന് അകത്തുകയറി മോഷണം നടന്നതായി മനസ്സിലായത്. വീട്ടിനകത്ത് പരിശോധിപ്പോഴാണ് അലമാരിയിൽ വെച്ചിരുന്ന സ്വർണം മോഷണം പോയതായി മനസ്സിലാക്കിയതും തുടർന്ന് പൊലീസിൽ പരാതി നൽകിയതും. പൊലീസ് സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ മോഷ്ടാവിനെ കുറിച്ച് സൂചന ലഭിച്ചു. ഇതുപ്രകാരം ചൊവ്വാഴ്ച രാത്രിയോടെ മാലൂർകാവിലെ വീടിനു സമീപത്ത് നിന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
മോഷ്ടിച്ച ഏഴര പവൻ സ്വർണാഭരണങ്ങളും 23,770 രൂപയും ഇയാളിൽനിന്ന് കണ്ടെത്തി. മോഷ്ടിച്ച സ്വർണത്തിൽനിന്ന് നാലു ഗ്രാം വരുന്ന കമ്മൽ കുരുശുമൂട് സ്വകാര്യ ധന ഇടപാട് സ്ഥാപനത്തിൽ പണയം വെച്ചിരുന്നു. പണയം വെച്ച സ്വർണവും ധനകാര്യ സ്ഥാപനത്തിൽനിന്ന് പൊലീസ് വീണ്ടെടുത്തു. പണയം വെച്ച് കിട്ടിയ രൂപയാണ് ഇയാളുടെ കൈയിൽ ഉണ്ടായിരുന്നതെന്നും പൊലീസ് പറഞ്ഞു. മോഷണ കേസുകളിൽ മുമ്പും ശിക്ഷിക്കപ്പെട്ടയാളാണ് പ്രതി. പ്രതിയുടെ വാഹനവും കണ്ടെടുത്ത സ്വർണാഭരണങ്ങളും പ്രതിയെയും കോടതിയിൽ ഹാജരാക്കി. ജില്ല പൊലീസ് മേധാവി സാബു മാത്യുവിന്റെ നിർദേശാനുസരണം ചങ്ങനാശ്ശേരി ഡി.വൈ.എസ്.പി എസ്. ആസാദ്, എസ്.എച്ച്.ഒ അനിൽ ജോർജ്, എസ്.ഐ. ബിനിൽ, സിവിൽ പൊലീസ് ഓഫിസർമാരായ ജൂഡ്, പ്രദീപ്, സതീഷ്, കലേഷ്, സൈനി, അൻവർ, നിയാസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
25 വർഷം ഒളിവിൽ കഴിഞ്ഞ പ്രതി പിടിയിൽ
കോട്ടയം: പൊലീസിനെയും കോടതിയെയും വെട്ടിച്ച് 25 വർഷത്തോളം ഒളിവിൽ കഴിഞ്ഞ അടിപിടിക്കേസ് പ്രതി അറസ്റ്റിൽ. കരാപ്പുഴ വെളൂർ അറുപത്തിൽചിറയിൽ വീട്ടിൽ സേതുരാജൻ (50)നെ ചൊവ്വാഴ്ച രാവിലെ 11ഓടെയാണ് കോട്ടയം തിരുനക്കരയിൽനിന്ന് വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.
കോട്ടയം ബേക്കറി ജങ്ഷനിൽ 2001ൽ നടന്ന അടിപിടിക്കേസിലെ മൂന്നാം പ്രതിയായ സേതുരാജൻ ജാമ്യത്തിലിറങ്ങിയ ശേഷം കോടതിയിൽ ഹാജരാകാതെ മുങ്ങുകയായിരുന്നു. വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ പ്രത്യേക സംഘത്തിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്.
സി.ഐ അനൂപ് ജോസിന്റെ നിർദേശപ്രകാരം എസ്.ഐമാരായ ഗിരീഷ് കുമാർ, മനോജ് കുമാർ, സി.പി.ഒമാരായ വിനയചന്ദ്രൻ, പ്രദീപ്, ബാലഗോപാൽ, സെബിൻ, അനൂപ് കൃഷ്ണൻ, അനൂപ് ചന്ദ്രൻ, രാഹുൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

