മലങ്കര ജലാശയത്തിൽ രാസമാലിന്യം; ഏഴ് പഞ്ചായത്തുകളിലെ കുടിവെള്ള വിതരണം തടസ്സപ്പെട്ടു
text_fieldsമലങ്കര ജലാശയത്തിൽ രാസമാലിന്യം കലർന്ന നിലയിൽ
കുടയത്തൂർ: മലങ്കര ജലാശയത്തിലേക്ക് രാസമാലിന്യം കലർന്നതിനെ തുടർന്ന് ഏഴ് പഞ്ചായത്തുകളിലെ കുടിവെള്ള വിതരണം തടസ്സപ്പെട്ടു. വെള്ളിയാമറ്റത്ത് പ്രവർത്തിക്കുന്ന ഹൈലയർ വുഡ്‌സ് സ്ഥാപനത്തിൽനിന്നുള്ള ഓയിൽ കലർന്ന രാസമാലിന്യമാണ് വടക്കനാർ വഴി മലങ്കര ജലാശയത്തിലെത്തിയതെന്നാണ് പ്രാഥമിക കണ്ടെത്തൽ. സംഭവത്തെ തുടർന്ന് സ്ഥാപനത്തിന് സ്റ്റോപ് മെമ്മോ നൽകി. റവന്യൂ, മലിനീകരണ നിയന്ത്രണ ബോർഡ്, പഞ്ചായത്ത് അധികൃതർ എന്നിവർ സംയുക്തമായി അന്വേഷണം ആരംഭിച്ചു. വെള്ളിയാഴ്ച രാവിലെയാണ് മലങ്കര ജലാശയത്തിൽ രാസമാലിന്യം കണ്ടെത്തിയത്. ഉച്ചയോടെ മലിനീകരണം മുട്ടം ഭാഗത്തേക്കും വ്യാപിച്ചു. ജലാശയത്തെ ആശ്രയിക്കുന്ന നൂറിലധികം കുടിവെള്ള പദ്ധതികൾക്ക് ഇത് തിരിച്ചടിയായിരിക്കുകയാണ്.
സംഭവമറിഞ്ഞ ഉടൻ ഇടുക്കി എം.എൽ.എ റോയി കെ. പൗലോസ് മലങ്കര ജലാശയം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. തുടർന്ന് വെള്ളിയാമറ്റം വില്ലേജ് ഓഫിസർ, മലിനീകരണ നിയന്ത്രണ ബോർഡ്, പഞ്ചായത്ത് അധികൃതർ എന്നിവർക്ക് അടിയന്തര നടപടികൾ സ്വീകരിക്കാൻ നിർദേശം നൽകി. വെള്ളിയാമറ്റം പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി അജയകുമാറിന്‍റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഫാക്ടറിയിൽനിന്നാണ് രാസമാലിന്യം ജലാശയത്തിലെത്തിയതെന്ന് കണ്ടെത്തിയത്. തുടർന്ന് സ്ഥാപനത്തിന് സ്റ്റോപ് മെമ്മോ നൽകുകയും വിശദമായ പരിശോധന ആരംഭിക്കുകയും ചെയ്തു.
ഫാക്ടറിയിലെ യന്ത്രത്തകരാറിനെ തുടർന്ന് ഓയിൽ ആസ്ബെസ്റ്റോസ് ഷീറ്റിന് മുകളിലേക്ക് തെറിച്ചു വീണെന്നും കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയിൽ അത് ഒഴുകി വടക്കനാറിലൂടെ മലങ്കര ജലാശയത്തിലെത്തിയതുമാണെന്ന് ഫാക്ടറി ജീവനക്കാർ അറിയിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തി ഉത്തരവാദികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ജലാശയത്തിന്റെ ശുദ്ധീകരണം അടിയന്തരമായി പൂർത്തിയാക്കി കുടിവെള്ള വിതരണം പുനഃസ്ഥാപിക്കണമെന്നും ജനങ്ങൾ ആവശ്യപ്പെട്ടു. കുടിവെള്ള വിതരണം നിർത്തിവെച്ചു.
കുടിവെള്ള പദ്ധതികളുടെ പമ്പ് ഹൗസുകൾക്ക് സമീപം ഓയിലിന്‍റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് പമ്പിങ് താൽക്കാലികമായി നിർത്തിവെച്ചു. ഇതോടെ മുട്ടം, കരിങ്കുന്നു, ആലക്കോട്, കരിമണ്ണൂർ, ഉടുമ്പന്നൂർ, കോടിക്കുളം, വണ്ണപ്പുറം പഞ്ചായത്തുകളിലേക്കുള്ള കുടിവെള്ള വിതരണം തടസ്സപ്പെട്ടതായി തൊടുപുഴ സെക്ഷൻ-2 അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു. ശേഖരിച്ച ജല സാമ്പിളിന്‍റെ ഫലം വന്നശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നും അവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

