മലങ്കരസഭാ തർക്കം; വേണ്ടത് സമാന്തര ഭരണമല്ല, സമാധാനമെന്ന് സുന്നഹദോസ്
text_fieldsകോട്ടയം: മലങ്കരസഭയിൽ വേണ്ടത് സമാന്തര ഭരണമല്ലെന്നും സമാധാനമാണെന്നും എപ്പിസ്കോപ്പൽ സുന്നഹദോസ്. സുപ്രീംകോടതിയുടെ അന്തിമവിധിയിലൂടെ മലങ്കരസഭാ തർക്കം അതിന്റെ അന്ത്യത്തിലേക്ക് എത്തിയതാണ്. എന്നാൽ, കോടതിവിധിക്കുശേഷവും സമാധാന പുനഃസ്ഥാപനം വൈകുന്നത് ഖേദകരമാണ്. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരിശുദ്ധ എപ്പിസ്കോപ്പൽ സുന്നഹദോസ് ഈ വിഷയം പരിശോധിച്ചു. മലങ്കര സഭാ മക്കൾ ഭൂരിപക്ഷവും സമാധാനം ആഗ്രഹിക്കുന്നു. ഇതിനിടയിൽ വീണ്ടും സമാന്തരഭരണത്തിനുള്ള നീക്കം നടത്തുന്നത് നിലവിലെ സമാധാന അന്തരീക്ഷം തകർക്കും.
മലങ്കരസഭയും അതിന്റെ ആത്മീയ-ലൗകിക അധികാരങ്ങളും പൗരസ്ത്യ കാതോലിക്കയിലും മലങ്കര മെത്രാപ്പോലീത്തയിലും നിക്ഷിപ്തമാണ്. ഈ സത്യം നിലനിൽക്കെ സമാന്തര അധികാരസ്ഥാനികളെ വാഴിക്കാനുള്ള ചിന്ത കോടതിയലക്ഷ്യവും നിരാശാജനകവുമാണ്. ഒരുമിച്ച് നിന്നാൽ മലങ്കരസഭ കേരളത്തിലെ വലിയ ക്രൈസ്തവ ശക്തിയാണ്. ഭിന്നതകൾ അടുത്ത തലമുറയിലേക്ക് കൈമാറരുത്. ഈ യാഥാർഥ്യത്തെ ഉൾക്കൊള്ളാൻ എല്ലാവരും തയാറാകണമെന്ന് സുന്നഹദോസ് ആവശ്യപ്പെട്ടു. സഭയുടെ എക്യുമെനിക്കൽ ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്താനും യോഗം തീരുമാനിച്ചു.
ഇതിന്റെ ഭാഗമായി ദേശീയ, അന്തർദേശീയ തലങ്ങളിൽ വിവിധ സഭകളുടെ അധ്യക്ഷന്മാരെ സന്ദർശിക്കാനും സമൂഹത്തെ പൊതുവായി ബാധിക്കുന്ന പ്രശ്നങ്ങളിൽ ഒറ്റക്കെട്ടായി പ്രതികരിക്കാനും ധാരണയായി. സഭയുടെ വിവിധ ഭദ്രാസനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ സുന്നഹദോസിൽ ചർച്ച ചെയ്തു. ഭദ്രാസനതലങ്ങളിൽ ജോബ് ഓപ്പർച്യൂണിറ്റി സെന്ററുകൾ തുടങ്ങും. ന്യൂനപക്ഷ കമീഷന്റെ ആനുകൂല്യങ്ങൾ സഭാംഗങ്ങൾക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഭദ്രാസനങ്ങൾ ശ്രദ്ധചെലുത്തണം. മദ്യ-മയക്കുമരുന്ന് വിപത്തിനെതിരെ ഇടവകതലത്തിൽ ആധ്യാത്മിക സംഘടനകളുടെ നേതൃത്വത്തിൽ വിവിധ സ്ക്വാഡുകൾ രൂപവത്കരിക്കാൻ തീരുമാനിച്ചതായും പരിശുദ്ധ എപ്പിസ്കോപ്പൽ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത അറിയിച്ചു.
സഭയിലെ 40 മുതൽ 60 വരെ പ്രായമുള്ളവർക്കായുള്ള സെന്റ് ഡയനീഷ്യസ് ഓർത്തഡോക്സ് ഫെലോഷിപ് പ്രസിഡന്റായി മദ്രാസ് ഭദ്രാസനാധിപൻ ഗീവർഗീസ് മാർ പീലക്സിനോസ് മെത്രാപ്പോലീത്തയെ നിയമിച്ചു. 60ന് മുകളിൽ പ്രായമുള്ളവർക്കായുള്ള സെന്റ് ജോസഫ് എൽഡേഴ്സ് ഫോറം പ്രസിഡന്റായി മലബാർ ഭദ്രാസനാധിപൻ ഗീവർഗീസ് മാർ പക്കോമിയോസ് മെത്രാപ്പോലീത്തയെയും സുന്നഹദോസ് നിയമിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

