1243 കോടിയുടെ പദ്ധതി; മലങ്കര കുടിവെള്ള പദ്ധതി നിർമാണോദ്ഘാടനം നാളെ
text_fieldsകോട്ടയം: മീനച്ചിൽ താലൂക്കിന്റെ ദാഹമകറ്റാൻ 1243 കോടിയുടെ മലങ്കര-മീനച്ചില്‍ കുടിവെള്ള പദ്ധതിക്ക് ശനിയാഴ്ച തുടക്കമാകും. 42,230 കുടുംബങ്ങള്‍ക്ക് ശുദ്ധീകരിച്ച കുടിവെള്ളം ലഭ്യമാക്കുകയാണ് ലക്ഷ്യം. ജല അതോറിറ്റി സംസ്ഥാനത്ത് നടപ്പാക്കുന്ന ഏറ്റവും വലിയ പ്രോജക്ടുകളിലൊന്നാണ് 1243 കോടിയുടെ മലങ്കര-മീനച്ചിൽ ജൽ ജീവൻ പദ്ധതി. ജലവിതരണ ശൃംഖലക്ക് 2085 കിലോമീറ്റർ പൈപ്പ് ലൈനുകളാണ് സ്ഥാപിക്കുക. 154 ജലസംഭരണിയും ഇതിനായി സ്ഥാപിക്കും. കടനാട്, രാമപുരം, ഭരണങ്ങാനം, മീനച്ചിൽ, തലപ്പുലം, മേലുകാവ്, മൂന്നിലവ്, തലനാട്, തിടനാട്, പൂഞ്ഞാർ, പൂഞ്ഞാർ തെക്കേക്കര, കൂട്ടിക്കൽ എന്നീ പഞ്ചായത്തുകള്‍ക്ക് ജൽ ജീവൻ പദ്ധതിയുടെ പ്രയോജനം ലഭിക്കും.
പഞ്ചായത്തുകളിലെ കുടിവെള്ള കണക്ഷനില്ലാത്ത എല്ലാ വീട്ടിലും കണക്ഷൻ നല്‍കും. ശനിയാഴ്ച പാലാ ടൗൺ ഹാളിൽ നടക്കുന്ന ചടങ്ങിൽ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ പദ്ധതിയുടെ നിർമാണോദ്ഘാടനം നിർവഹിക്കും. മന്ത്രി വി.എൻ. വാസവൻ അധ്യക്ഷത വഹിക്കും. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്, എം.പിമാരായ തോമസ് ചാഴികാടൻ, ആന്റോ ആന്റണി, ഡീൻ കുര്യാക്കോസ്, എം.എൽ.എമാരായ സെബാസ്റ്റ്യൻ കുളത്തുങ്കൽ, മാണി സി. കാപ്പൻ, പി.ജെ. ജോസഫ്, ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.വി് ബിന്ദു, കലക്ടർ വി. വിഘ്നേശ്വരി തുടങ്ങിയവർ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

