കുമരകത്തെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിൽ; കലിതുള്ളി കാറ്റ്, വ്യാപക നാശം
text_fieldsകോട്ടയം: ജില്ലയിൽ പലയിടങ്ങളിലും ഞായറാഴ്ച രാത്രി കനത്ത മഴക്കൊപ്പം വീശിയടിച്ച കാറ്റിൽ മരങ്ങൾ വീണ് വ്യാപക നാശം. കോട്ടയത്ത് മണിക്കൂറിൽ 61 കിലോമീറ്ററും കുമരകത്ത് മണിക്കൂറിൽ 52 കിലോമീറ്റർ വേഗത്തിലുമാണ് കാറ്റ് വീശിയത്. തളിക്കോട്ട ക്ഷേത്രവളപ്പിൽ രണ്ട് തെങ്ങ് കടപുഴകി കെട്ടിടത്തിന് കേടുപാടുണ്ടായി. എസ്.എച്ച് മൗണ്ടിൽ തേക്ക് വീണ് ചെങ്ങളക്കാട്ട് ശ്യാമിന്റെ വീടിന്റെ ഒരുഭാഗം തകർന്നു.
ഞായറാഴ്ച രാത്രി ആഞ്ഞടിച്ച കാറ്റിൽ കുമരകം പ്രദേശങ്ങളിൽ വ്യാപക നാശം. മരങ്ങൾ കടപുഴകിയും വീടുകളുടെ മേൽക്കൂരകൾ കാറ്റിൽ പറന്നും വൈദ്യുതി പോസ്റ്റുകൾ തകർന്നും വ്യാപക നാശനഷ്ടമാണുണ്ടായത്. ശക്തമായ മഴയിൽ കുമരകത്തെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. കാറ്റിലും മഴയിലും കുമരകം ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര പറന്നുപോയി.
സ്കൂളിലെ ഉപകരണങ്ങൾക്കും കേടുപാട് സംഭവിച്ചു. കുമരകം അഞ്ചാം വാർഡിലെ കണ്ണാടിച്ചാൽ പാടത്തിന്റെ 1 തുരുത്തിലെ കുന്നക്കാട് കുര്യാക്കോസിന്റെ (കുഞ്ഞ്) വീടിന്റെ മേൽക്കൂര പറന്നുപോയി. അടുക്കളയിൽ ഉണ്ടായിരുന്ന വീട്ടുപകരണങ്ങൾ പലതും ഉപയോഗശൂന്യമായി. വീടിന്റെ സമീപത്തുനിന്ന വലിയ മാവ് കടപഴുകി. വീടിനു ചുറ്റും വെള്ളം കയറിക്കിടക്കുകയാണ്. അപകട സമയത്ത് വീട്ടുടമയും ഭാര്യയും വീട്ടിലുണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
കുമരകം ആറാം വാർഡിലെ ഇടവട്ടം പാടത്തിനുള്ളിൽ താമസിക്കുന്ന രണ്ട് വീടുകളുടെ മേൽക്കൂര തകർന്നു. ചാവേച്ചേരിൽ വല്യാറ തങ്കമ്മ സുതന്റെയും തെക്കേത്തറ ബാബുവിന്റെയും വീടുകളുടെ മേൽക്കൂര കാറ്റിൽ പറന്നുപോയി. കുമരകം പെട്രോൾ പമ്പിന്റെ മുന്നിലും ബിവറേജസ് കോർപറേഷന്റെ സമീപം അട്ടിപ്പീടിക റോഡിലും എസ്.കെ.എം പബ്ലിക് സ്കൂളിന് സമീപം അപ്സര റോഡിലും ചീപ്പുങ്കലിലും ബാക്ക് വാട്ടർ റിപ്പിൾസിന് സമീപത്തെ റോഡിലും ഞായറാഴ്ച രാത്രി റോഡിന് കുറുകെ മരം വീണു ഗതാഗതം തടസ്സപ്പെട്ടു. അഗ്നിരക്ഷാസേന പ്രവർത്തകരും നാട്ടുകാരും ചേർന്ന് രാത്രിതന്നെ തടസ്സങ്ങൾ നീക്കി ഗതാഗതം സുഗമമാക്കി. ചക്രംപടി, അട്ടിപ്പിടിക, ചീപ്പുങ്കൽ തുടങ്ങിയ പ്രദേശങ്ങളിലും വൻനാശം ഉണ്ടായി.
14ാം വാർഡിലെ മാടക്കശ്ശേരിയിൽ തമ്പിയുടെ വീടിനു മുകളിലേക്ക് അയൽവാസിയുടെ പറമ്പിലെ വലിയ ആഞ്ഞിലി കടപുഴകി. വീട്ടുപകരണങ്ങൾ പൂർണമായി നശിച്ചു. അടുക്കളയും കിടപ്പുമുറിയും പൂർണമായും തകർന്ന നിലയിലാണ്. അപകട സമയത്ത് വീട്ടിൽ തമ്പിയുടെ ഭാര്യയും മകനും മാത്രമാണ് ഉണ്ടായിരുന്നത്. ആറാം വാർഡിലെ സെന്റ് മാർക്സ് സി.എസ്.ഐ പള്ളി പരിസരത്തുണ്ടായിരുന്ന മരങ്ങൾ വീണ് ദൈവാലയത്തിനും കേടുപാടുണ്ടായി. മരങ്ങൾ കടപഴുകി പലയിടത്തും വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞു. ഏറെ വൈകിയും വൈദ്യുതി പലയിടത്തും പുനഃസ്ഥാപിക്കാനായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

