കനത്ത മഴക്കൊപ്പം അസാധാരണ കാറ്റും; ജില്ലയിൽ കെ.എസ്.ഇ.ബിക്ക് 7.9 കോടിയുടെ നഷ്ടം
text_fields1. കെ.എസ്.ഇ.ബി അയർക്കുന്നം സെക്ഷന് കീഴിൽ മരം വീണ് തകർന്ന വൈദ്യുതിലൈൻ
2. പിണ്ണാക്കനാട് ഫീഡറിൽ പാതാഴ - കൊണ്ടൂർ റോഡിൽ മരം വീണ് വൈദ്യുതിലൈൻ തകർന്നപ്പോൾ
കോട്ടയം: കനത്തമഴക്കൊപ്പം അസാധാരണമായ കാറ്റും വീശിയടിച്ചതിനെ തുടർന്ന് ജില്ലയിൽ കെ.എസ്.ഇ.ബിക്ക് 7.9 കോടി രൂപയുടെ നഷ്ടം. പലയിടങ്ങളിലും മരങ്ങൾ വീണ് വൈദ്യുതി ബന്ധം താറുമാറായി. കെ.എസ്.ഇ.ബിയിലെ ഉദ്യോഗസ്ഥരും ജീവനക്കാരും 24 മണിക്കൂറും കഠിനപ്രയത്നത്തിലാണ്. കാറ്റിൽ മരങ്ങൾ കടപുഴകിയും ഒടിഞ്ഞും വൈദ്യുതി ലൈനുകളിലേക്ക് വീഴുന്നത് മുൻ കാലവർഷസീസണുകളേക്കാൾ വളരെ കൂടുതലായതോടെ പ്രതീക്ഷിക്കാത്ത പ്രതിസന്ധികളാണ് പലയിടത്തും ഉണ്ടായത്. ഒരു ഭാഗത്ത് ഒടിഞ്ഞുവീണ മരങ്ങൾ നീക്കി വൈദ്യുതി വിതരണം പുനഃസ്ഥാപിക്കുമ്പോഴേക്കും മറ്റ് പലയിടത്തും സമാന അവസ്ഥയുണ്ടാകുന്നതായി കെ.എസ്.ഇ.ബി അധികൃതർ വ്യക്തമാക്കി.
മരങ്ങൾ ഒടിഞ്ഞുവീണ് വൈദ്യുതിലൈനുകളും പോസ്റ്റുകളും തകർന്ന് കനത്ത നഷ്ടമാണ് ജില്ലയിൽ കെ.എസ്.ഇ.ബിക്കുണ്ടായത്. കോട്ടയം, പാലാ സർക്കിളുകളിലായി 7.9 കോടി രൂപയുടെ നഷ്ടമുണ്ടെന്നാണ് കെ.എസ്.ഇ.ബിയുടെ കണക്ക്. കോട്ടയം സർക്കിളിന് കീഴിൽ വരുന്ന 31 സെക്ഷനുകളിലായി വൈദ്യുതിത്തൂണുകൾ ഒടിഞ്ഞ് 2.90 കോടി രൂപയുടെ നഷ്ടമുണ്ടായി. 102 ഹൈടെൻഷൻ പോസ്റ്റുകളും 396 ലോടെൻഷൻ പോസ്റ്റുകളും ഒടിഞ്ഞു. വെള്ളം കയറി ട്രാൻസ്ഫോർമറുകൾ നശിക്കുന്ന അവസ്ഥ നിലവിലില്ല. ട്രാൻസ്ഫോർമറുകൾ ദിവസങ്ങളോളം ഓഫ് ചെയ്തിടേണ്ട സ്ഥിതിയില്ലെന്ന് കെ.എസ്.ഇ.ബി. കോട്ടയം സർക്കിൾ അസി. എക്സിക്യൂട്ടീവ് എൻജിനീയർ റിയ ജേക്കബ് പറഞ്ഞു.
പാലാ സർക്കിളിന് കീഴിലുള്ള 21 ഇലക്ട്രിക്കൽ സെക്ഷനുകളിലായി അഞ്ചുകോടി രൂപയുടെ നഷ്ടമാണുണ്ടായത്. അഞ്ച് ട്രാൻസ്ഫോർമറുകൾ തകർന്നു. 70 ഹൈടെൻഷൻ പോസ്റ്റുകളും അഞ്ഞൂറിലധികം ലോ ടെൻഷൻ പോസ്റ്റുകളും ഒടിഞ്ഞു. 11 കെ.വി ലൈനുകൾ ഉൾപ്പെടെ 1700 സ്ഥലങ്ങളിൽ വൈദ്യുതി ലൈനുകൾ പൊട്ടുകയും നാശനഷ്ടങ്ങളുമുണ്ടായി. വലിയ തോതിൽ നാശനഷ്ടങ്ങൾ സംഭവിച്ച സ്ഥലങ്ങളിലൊഴികെ 24 മണിക്കൂറുകൾക്കുള്ളിൽ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചിട്ടുണ്ടെന്ന് പാലാ ഇലക്ട്രിക്കൽ സർക്കിൾ അസി. എക്സിക്യൂട്ടീവ് എൻജിനീയർ ദിലീഷ് രാജൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

