ലോറി സ്റ്റാൻഡ് പാർക്കിങ്: സൗകര്യെമാരുക്കാതെ നഗരസഭ
text_fieldsകോട്ടയം: കോടിമത ലോറി സ്റ്റാൻഡിൽ പാർക്കിങ്ങിന് സൗകര്യമൊരുക്കാതെ നഗരസഭ. ഇക്കാര്യം ആവശ്യപ്പെട്ട് കരാറുകാരൻ അപേക്ഷ നൽകിയത് നാലുതവണ.
ഭീമമായ സാമ്പത്തിക നഷ്ടമെന്നും ആത്മഹത്യയുടെ വക്കിലെന്നും കരാർ പ്രകാരം പണമടച്ച് ലേലം കൊണ്ട കരാറുകാരൻ. നഗരസഭയുടെ ലോറി പാർക്കിങ് ഗ്രൗണ്ടും റോഡും തമ്മിലുള്ള ഉയരവ്യത്യാസം കാരണം ട്രെയിലറുകൾ അടക്കമുള്ള വാഹനങ്ങൾക്ക് ഇറങ്ങാൻ പറ്റുന്നില്ല. ഇതിനു പരിഹാരം തേടിയാണ് കരാറുകാരൻ അധികൃതരെ സമീപിച്ചത്. നേരത്തേ എം.ജി റോഡരികിലാണ് ലോറികൾ പാർക്ക് ചെയ്തിരുന്നത്. ഇത് നിരോധിച്ചതോടെ പാർക്കിങ്ങിന് ഇടമില്ലാതായി എന്നാണ് കരാറുകാരൻ പറയുന്നത്.
കഴിഞ്ഞ വർഷം ഏപ്രിൽ ഒന്നുമുതലാണ് കരാറുകാരൻ 8.33 ലക്ഷം രൂപ അടച്ച് ലേലം പിടിച്ചത്. മൂന്നുമാസം നഷ്ടമില്ലാതെ പിരിവ് നടത്താൻ പറ്റിയെന്ന് കരാറുകാരൻ അപേക്ഷയിൽ പറയുന്നു. റോഡരികിലെ വാഹനങ്ങളിൽനിന്നാണ് ഫീസ് പിരിച്ചത്.
എന്നാൽ, റോഡരികിലെ അനധികൃത പാർക്കിങ് പൊലീസ് ഇടപെട്ട് ഇത് നിരോധിച്ചു. പാർക്ക് ചെയ്ത ലോറികൾക്കിടയിൽനിന്ന് ഇറങ്ങിവന്നയാൾ മറ്റൊരു വാഹനമിടിച്ച് മരിച്ചിരുന്നു.
ഇതേതുടർന്ന് അനധികൃത പാർക്കിങ്ങിനെതിരെ പ്രതിഷേധമുയരുകയും ജില്ല ലീഗൽ സർവിസസ് അതോറിറ്റിയും പൊലീസും ഇടപെട്ട് പാർക്കിങ് വിലക്കുകയുമായിരുന്നു. ചെറിയ ഗ്രൗണ്ടിൽനിന്നു മാത്രമാണ് ഇപ്പോൾ പിരിവ് നടത്താൻ പറ്റുന്നത്. നിരവധി തവണ അപേക്ഷിച്ചിട്ടും നടപടി ഉണ്ടായില്ലെന്ന് കരാറുകാരൻ പറയുന്നു.
ഒരാൾക്ക് പ്രതിദിനം 1000 രൂപ നൽകിയാണ് പിരിവ് നടത്തുന്നത്. കഴിഞ്ഞ ജൂലൈ മുതൽ പ്രതിദിനം 3000 രൂപയുടെ നഷ്ടമുണ്ട്. കരാർ തുകയിൽ ഇളവ് നൽകി കരാറിൽനിന്ന് ഒഴിവാക്കിത്തരണമെന്നാണ് കരാറുകാരന്റെ ആവശ്യം.
ഇയാളുടെ അപേക്ഷയിൽ ഓവർസിയർ സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് നൽകിയിരുന്നു. പാർക്കിങ് ഗ്രൗണ്ടിനും മുന്നിലെ എം.ജി റോഡിനും തറ നിരപ്പിൽ ഉള്ള വ്യത്യാസം വളരെ കൂടുതലാണ്. ഇത് പരിഹരിക്കാൻ 10 മീറ്റർ നീളത്തിൽ ക്വാറി മക്ക് ഉപയോഗിച്ച് റാമ്പ് നിർമിക്കാനും മുകളിൽ കോൺക്രീറ്റ് നിർമിക്കാനുമാണ് നിർദേശം.
ഇതിന് 1.20 ലക്ഷം രൂപ ചെലവുവരും. റിപ്പോർട്ടും എസ്റ്റിമേറ്റും മരാമത്ത് കമ്മിറ്റിക്ക് സമർപ്പിച്ചിരുന്നു. മരാമത്ത് കമ്മിറ്റി ഇത് അംഗീകരിച്ച് കൗൺസിലിൽ വെക്കാൻ നിർദേശം നൽകി. ജനുവരി ഒന്നിന് അജണ്ട സെക്രട്ടറി അംഗീകരിച്ചുനൽകിയിരുന്നെങ്കിലും അജണ്ട കൗൺസിലിൽ വന്നിട്ടില്ല. നിരവധി അജണ്ടകൾ ഉള്ളതിനാലാണ് കൗൺസിലിൽ വെക്കാൻ വൈകിയതെന്ന് സെക്രട്ടറി അറിയിച്ചു.
കൗൺസിലർമാരുടെ ആവശ്യപ്രകാരം കരാറുകാരന് ഇളവു നൽകാൻ തീരുമാനിച്ചു. കോൺഗ്രസ് കൗൺസിലർ എം.പി. സന്തോഷ് കുമാർ ഇതിൽ വിയോജിപ്പ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

