നൊമ്പരപ്പാടുകൾ പ്രതീക്ഷാനിർഭരം
text_fieldsമറയുന്ന വർഷത്തിൽ ജില്ല സാക്ഷിയായ പ്രധാന സംഭവങ്ങളിലേക്ക്
കോട്ടയം: വേദനകളും ആഘോഷങ്ങളും ബാക്കിയാക്കി 2024ലേക്ക് ലോകം കാലെടുത്തുവെക്കാൻ ഒരുങ്ങുമ്പോൾ ജില്ലക്കും നൊമ്പരപ്പാടുകൾ ഏറെ. ജില്ല വിറങ്ങലിച്ച സംഭവങ്ങൾക്കൊപ്പം ശബരിമല വിമാത്താവളമുൾപ്പെടെ പ്രതീക്ഷ പകരുന്ന നടപടികൾക്കും മടങ്ങുന്ന വർഷം സാക്ഷിയായി. ഉമ്മൻ ചാണ്ടിയുടെയും കാനം രാജേന്ദ്രന്റെയും വിയോഗമാണ് നഷ്ടങ്ങളിൽ മുന്നിൽ. സംസ്ഥാന രാഷ്ട്രീയത്തെ ഇളക്കിമറിച്ച പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്, വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദി ആഘോഷം എന്നിവക്കും കൊഴിയുന്ന കലണ്ടർകാലം വേദിയായി.
ശബരിമല വിമാനത്താവളത്തിലേക്ക് ഒരുപടികൂടി അടുക്കുന്ന നടപടികളും കണ്ടു. നിർദിഷ്ട പദ്ധതിക്ക് ചെറുവള്ളി എസ്റ്റേറ്റും റൺവേക്കായി കണ്ടെത്തിയ സ്വകാര്യ ഭൂമികളും ഏറ്റെടുക്കാൻ ഡിസംബറിൽ സർക്കാർ ഉത്തരവിട്ടു.
ജി-20 രാജ്യങ്ങളിലെ രാഷ്ട്രത്തലവന്മാരുടെ പ്രതിനിധികളുടെ രണ്ടാമത്തെ ‘ഷെർപ്പ’ യോഗത്തിന് കുമരകമായിരുന്നു വേദി. റബർ ബോർഡ് പ്ലാറ്റിനം ജൂബിലി ആഘോഷത്തിനും കോട്ടയം വേദിയായി. പങ്കാളി കൈമാറ്റക്കേസിലെ പരാതിക്കാരിയെ ഭർത്താവ് കൊലപ്പെടുത്തിയ ഞെട്ടിക്കുന്ന സംഭവത്തിനും സാക്ഷിയായി. വിഷം കഴിച്ച നിലയിൽ കണ്ടെത്തിയ ഭർത്താവ് പിന്നീട് മരിച്ചു. വർഷം അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, വൈക്കം സ്വദേശിയായ ബിനോയ് വിശ്വം സി.പി.ഐ സംസ്ഥാന സെക്രട്ടറി പദത്തിലേക്ക് എത്തുന്നതും കണ്ടു. മറ്റ് പ്രധാന സംഭവങ്ങളുടെ ഓർമപ്പെടുത്തലിലേക്ക്...
രാഷ്ട്രീയ കോട്ടയത്തിന് നഷ്ടവർഷം ഉമ്മൻ ചാണ്ടിയും കാനവും മറഞ്ഞു
രാഷ്ട്രീയ കോട്ടയത്തിന് ഉമ്മൻ ചാണ്ടിയെ നഷ്ടമായ വർഷമാണ് മറയുന്നത്. ജൂലൈ 18ന് ബംഗളൂരുവിലെ ആശുപത്രിയിലായിരുന്നു കേരളം കണ്ട ഏറ്റവും ജനകീയ രാഷ്ട്രീയ നേതാക്കളിലാരാളായ ഉമ്മൻ ചാണ്ടിയുടെ അന്ത്യം. 79 വയസ്സായിരുന്നു. അഞ്ച് പതിറ്റാണ്ടായി പുതുപ്പള്ളിയുടെ എം.എൽ.എ, 2004 മുതൽ 2006 വരെയും 2011 മുതൽ 2016 വരെയും മുഖ്യമന്ത്രി, 2006 മുതൽ 2011 വരെ പ്രതിപക്ഷ നേതാവ് എന്നീ നിലകളിൽ പ്രവർത്തിച്ച പുതുപ്പള്ളിയുടെ കുഞ്ഞൂഞ്ഞിന് സംസ്ഥാനം കണ്ട ഏറ്റവും വലിയ വിലാപയാത്രയോടെയാണ് കേരളം വിടനൽകിയത്. പുതുപ്പള്ളി സെന്റ് ജോർജ് പള്ളിയിലെ അദ്ദേഹത്തിന്റെ കല്ലറയിലേക്ക് ഇപ്പോഴുമെത്തുന്ന ജനക്കൂട്ടം കേരളത്തിന് അത്ഭുതക്കാഴ്ചയുമാണ്.
സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും 2023ന്റെ നഷ്ടമാണ്. ഡിസംബർ എട്ടിന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു കാനത്തിന്റെ അന്ത്യം. 2015 മുതൽ സി.പി.ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കാനം, കിടങ്ങൂർ സ്വദേശിയായ പി.കെ. വാസുദേവൻ നായർക്ക് ശേഷം സി.പി.ഐയുടെ തലപ്പത്തെത്തിയ കോട്ടയംകാരൻ കൂടിയായിരുന്നു. സിനിമ നടൻ വിനോദ് തോമസും മിമിക്രി കലാകാരൻ കൊല്ലം സുധിയും കോട്ടത്തിന്റെ നഷ്ടപ്പട്ടികയിലുണ്ട്.
ജീവനെടുത്ത് വന്യമൃഗ ക്രൂരത
ജനവാസ മേഖലയിലേക്കെത്തിയ കാട്ടുപോത്തിന്റെ ആക്രമണത്തിൽ രണ്ട് കർഷകർ മരിച്ചതും കൊഴിയുന്ന വർഷം ജില്ലക്ക് ഞെട്ടലായി.
വീട്ടിൽ പത്രം വായിച്ചുകൊണ്ടിരുന്ന എരുമേലി കണമല തുണ്ടിയിൽ ചാക്കോച്ചൻ, റബർ തോട്ടത്തിൽ നിന്ന പ്ലാവിനാകുഴിയിൽ തോമസ് എന്നിവരാണ് മരിച്ചത്. മെയ് 19നായിരുന്നു സംഭവം.
സംഭവത്തിനുപിന്നാലെ റോഡ് ഉപരോധം ഉള്പ്പെടെ വൻ പ്രതിഷേധമാണ് നാട്ടുകാർ ഉയർത്തിയത്.
പിന്നീട് പ്രതിഷേധിച്ച കർഷകർക്കെതിരെ കേസെടുത്തതും വലിയ ചർച്ചയായി. പമ്പാവാലി, എയ്ഞ്ചൽവാലി മേഖലയിലെ കർഷകർക്ക് പട്ടയ വിതരണം തുടങ്ങിയതും 2023ലാണ്.
വിങ്ങലായി വന്ദന നോവായി അനശ്വര
കടുത്തുരുത്തി സ്വദേശികളായ മോഹൻദാസിന്റെയും വസന്തകുമാരിയുടെയും മകൾ ഡോ. വന്ദനദാസിന്റെ കൊലപാതകം മറയുന്ന വർഷം കോട്ടയത്തിന്റെ കണ്ണീരായി. കേരളത്തെ ഞെട്ടിച്ച സംഭവംകൂടിയായിരുന്നു ഇത്.
മേയ് 10നായിരുന്നു സംഭവം. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ നൈറ്റ് ഡ്യൂട്ടിക്കിടെ ഡോ. വന്ദനദാസിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.
വൈദ്യപരിശോധനക്ക് പൊലീസ് ആശുപത്രിയിലെത്തിച്ച അധ്യാപകനായിരുന്ന സന്ദീപായിരുന്നു വന്ദനയെ കൊലപ്പെടുത്തിയത്. വന്ദനദാസിന് യാത്രാമൊഴിയേകാൻ ആയിരങ്ങൾ കടുത്തുരുത്തിയിലെ വീട്ടിലേക്ക് എത്തിയിരുന്നു.
കായൽ കവർന്ന 12കാരി അനശ്വരയും കോട്ടയത്തിന്റെ നീറ്റലായി. വള്ളത്തിൽ ജലഗതാഗത വകുപ്പിന്റെ സർവിസ് ബോട്ട് ഇടിച്ചായിരുന്നു അനശ്വരയുടെ മരണം. മുത്തച്ഛനൊപ്പം സ്കൂൾ ബസിൽ കയറാനായി പോകുമ്പോൾ ഒക്ടോബർ 30നായിരുന്നു അപകടം.
സത്യഗ്രഹ ഓർമകളിൽ വൈക്കം
വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദി ആഘോഷങ്ങൾക്കും ഈവർഷം തുടക്കമായി. ഏപ്രിൽ ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്തു. 1924 മാർച്ച് 30 മുതൽ 1925 നവംബർ 23 വരെ 603 ദിവസമായിരുന്നു സത്യഗ്രഹസമരം. ഈ സ്മരണ നിലനിർത്തി 603 ദിവസം നീളുന്ന ആഘോഷ പരിപാടികൾക്കാണ് സർക്കാർ തുടക്കംകുറിച്ചത്. വിവിധ സംഘടനകളുടെയും രാഷ്ട്രീയ പാർട്ടികളുടെയും നേതൃത്വത്തിലുള്ള ശതാബ്ദി ആഘോഷങ്ങൾക്കും വൈക്കം വേദിയായി.
കത്തിയമർന്ന് വെള്ളൂർ കെ.പി.പി.എൽ
വെള്ളൂർ കേരള പേപ്പർ പ്രൊഡക്ട്സ് ലിമിറ്റഡിലെ (കെ.പി.പി.എൽ) വൻ തീപിടിത്തമായിരുന്നു ജില്ല സാക്ഷിയായ മറ്റൊരുസംഭവം. ഒക്ടോബർ അഞ്ചിനായിരുന്നു പേപ്പർ മെഷീൻ പ്ലാന്റിന് വൻ നാശംവരുത്തിയ അഗ്നിബാധ. പേപ്പർ നിർമാണം നടക്കുന്ന യന്ത്രത്തിന്റെ അടിഭാഗത്തുനിന്ന് തീ പടരുകയായിരുന്നു. ആഴ്ചകൾ നീണ്ട അറ്റകുറ്റപ്പണിക്കുശേഷം ഡിസംബർ ആദ്യവാരമാണ് വീണ്ടും ഉൽപാദനം ആരംഭിച്ചത്. പിന്നാലെ കഴിഞ്ഞദിവസം വീണ്ടും തീപിടിത്തമുണ്ടായി. വ്യാഴാഴ്ചയുണ്ടായ തീപിടിത്തത്തിൽ ഒരുലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കിയത്.
പുതുപ്പള്ളിയുടെ പുതു ഉമ്മൻ
പുതുപ്പള്ളിക്ക് പുതിയ എം.എൽ.എയുമെത്തി. കേരളം ഉറ്റുനോക്കിയ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മൻ വൻവിജയം നേടി. ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തെ തുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പിൽ റെക്കോഡ് ഭൂരിപക്ഷത്തോടെയായിരുന്നു ചാണ്ടി ഉമ്മന്റെ വിജയം. 37,719 വോട്ടിന്റെ ഭൂരിപക്ഷമാണ് ഉമ്മൻ ചാണ്ടിയുടെ തട്ടകത്തിൽ മകൻ സ്വന്തമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

