ലോക്സഭ തെരഞ്ഞെടുപ്പ് ഒരുക്കം പുരോഗമിക്കുന്നു; കോട്ടയത്ത് 15.69 ലക്ഷം വോട്ടർമാർ, 1564 പോളിങ് സ്റ്റേഷനുകൾ
text_fieldsകോട്ടയം: 18ാമത് ലോക്സഭ പൊതുതെരഞ്ഞെടുപ്പ് സമാധാനപരവും നീതിപൂർവവുമായി നടത്താനുള്ള ഒരുക്കം പുരോഗമിക്കുകയാണെന്ന് ജില്ല തെരഞ്ഞെടുപ്പ് ഓഫിസറായ കലക്ടർ വി. വിഘ്നേശ്വരി വാർത്തസമ്മേളനത്തിൽ അറിയിച്ചു. ജില്ലയിൽ മൊത്തം 1564 പോളിങ് സ്റ്റേഷനുകളാണുള്ളത്. 1371 എണ്ണം ഗ്രാമീണമേഖലയിലും 193 എണ്ണം നഗരത്തിലുമാണുള്ളത്. പാലാ -176, കടുത്തുരുത്തി-179, വൈക്കം-159, ഏറ്റുമാനൂർ-165, കോട്ടയം-171, പുതുപ്പള്ളി-182, ചങ്ങനാശേരി-172, കാഞ്ഞിരപ്പള്ളി-181, പൂഞ്ഞാർ-179 എന്നിങ്ങനെയാണ് നിയമസഭ മണ്ഡലം തിരിച്ചുള്ള പോളിങ് സ്റ്റേഷനുകളുടെ എണ്ണം.
പോളിങ്ങിനായി 6256 ഉദ്യോഗസ്ഥരെ നിയോഗിക്കും. 360 വനിത പോളിങ് ഉദ്യോഗസ്ഥരുണ്ടാകും. 1248 പേരെ കരുതൽ പോളിങ് ഉദ്യോഗസ്ഥരായി നിയോഗിക്കും. 1956 ഇലക്ട്രോണിക് വോട്ടു യന്ത്രങ്ങളും വി.വി. പാറ്റുമാണ് ആവശ്യമുള്ളത്. 2850 ബാലറ്റ് യൂനിറ്റുകളും 3295 കൺട്രോൾ യൂനിറ്റുകളും 2829 വി.വി പാറ്റുകളും സജ്ജമാണ്.
അരലക്ഷത്തോളം സ്ത്രീകൾ കൂടുതൽ
ജില്ലയിലെ വോട്ടർമാരിൽ സ്ത്രീകകൾക്കാണ് മുൻതൂക്കം. പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കൽ യജ്ഞത്തിന്റെ ഭാഗമായി 2024 ജനുവരി 22ന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടർ പട്ടിക പ്രകാരം ജില്ലയിൽ മൊത്തം 15,69,463 വോട്ടർമാരാണുള്ളത്. ഇതിൽ 8,07,513 സ്ത്രീകളും 7,61,938 പുരുഷൻമാരും 12 ട്രാൻസ്ജെൻഡറും ഉൾപ്പെടുന്നു. പുതിയ വോട്ടർമാർ 26715 പേർ. 51,830 പേർ മുതിർന്ന വോട്ടർമാരാണ്. 14,750 ഭിന്നശേഷി വോട്ടർമാരുണ്ട്. പ്രവാസി വോട്ടർമാർ 1517 പേരാണ്. 31854 പേരെ വോട്ടർ പട്ടികയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. മറ്റിടങ്ങളിൽനിന്ന് 2328 പേർ ജില്ലയിലെ വിവിധ മണ്ഡലങ്ങളിലേക്ക് പേര് മാറ്റിയിട്ടുണ്ട്. മാർച്ച് 26 വരെ വോട്ടർപട്ടികയിൽ പേരുചേർക്കാൻ നൽകിയ അപേക്ഷകൾ പരിഗണിച്ച് പുതുക്കിയ വോട്ടർപട്ടിക പിന്നീട് പ്രസിദ്ധീകരിക്കും.
പോളിങ് സാമഗ്രികളുടെ സ്വീകരണ-വിതരണ കേന്ദ്രങ്ങൾ
- പാലാ - സെന്റ് വിൻസെന്റ് പബ്ലിക് സ്കൂൾ പാലാ
- കടുത്തുരുത്തി- കുറവിലങ്ങാട് ദേവമാത കോളജ്
- വൈക്കം-എസ്.എം.എസ്.എൻ. എച്ച്.എസ്.എസ്. വൈക്കം
- ഏറ്റുമാനൂർ- സെന്റ് അലോഷ്യസ് എച്ച്.എസ്.എസ്. അതിരമ്പുഴ
- കോട്ടയം-എം.ഡി. സെമിനാരി എച്ച്.എസ്.എസ്. കോട്ടയം
- പുതുപ്പള്ളി- ബേക്കർ മെമ്മോറിയൽ ഗേൾസ് എച്ച്.എസ്.എസ്. കോട്ടയം
- ചങ്ങനാശ്ശേരി (മാവേലിക്കര മണ്ഡലം) -എസ്.ബി. എച്ച്.എസ്.എസ്. ചങ്ങനാശ്ശേരി
- കാഞ്ഞിരപ്പള്ളി (പത്തനംതിട്ട മണ്ഡലം) -സെന്റ് ഡൊമനിക്സ് എച്ച്.എസ്.എസ്. കാഞ്ഞിരപ്പള്ളി
- പൂഞ്ഞാർ (പത്തനംതിട്ട മണ്ഡലം) - സെന്റ് ഡൊമനിക്സ് കോളജ് കാഞ്ഞിരപ്പള്ളി
- വോട്ടെണ്ണൽ കേന്ദ്രം: കോട്ടയം ഗവ. കോളജ്, നാട്ടകം
ഇതുവരെ ലഭിച്ചത് 28 പരാതികൾ
പരാതികൾ/സംശയങ്ങൾ എന്നിവക്കായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു. 0481-2995029 എന്ന നമ്പറിൽ പൊതുജനങ്ങൾക്കു ബന്ധപ്പെടാം. സീ വിജിൽ ആപ്പിലൂടെ ഓൺലൈനായി പരാതികൾ നൽകാം. 28 പരാതികൾ ഇതിനോടകം ലഭിച്ചു. 100 മിനിറ്റിനുള്ളിൽ തുടർനടപടി സ്വീകരിക്കും.
വോട്ടർമാരുടെ എണ്ണം നിയമസഭ മണ്ഡലം തിരിച്ച്
- പുതുപ്പള്ളി-1,76,534
- പൂഞ്ഞാർ-1,86,232
- പാലാ-1,82,825
- കടുത്തുരുത്തി-1,84,603
- കോട്ടയം-1,60,862
- ഏറ്റുമാനൂർ-1,65,152
- വൈക്കം-1,60,813
- ചങ്ങനാശേരി-1,69,002
- കാഞ്ഞിരപ്പള്ളി-1,83,440
- പിറവം- 2,03,135
വ്യാജവാർത്തകൾക്കെതിരെ കർശന നടപടി
വ്യാജവാർത്തകൾ, തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുള്ള നടപടികൾ എന്നിവക്കെതിരേ കർശന നിയമനടപടി സ്വീകരിക്കും. സാമൂഹിക മാധ്യമങ്ങൾ നിരന്തരം നിരീക്ഷിക്കും.
സ്ക്വാഡുകൾ പ്രവർത്തനം തുടങ്ങി
വ്യാജമദ്യം, പണം എന്നിവയുടെ ഒഴുക്കും മറ്റു നിയമവിരുദ്ധപ്രവൃത്തികളും പരിശോധിക്കുന്നതിനായി 84 സ്റ്റാറ്റിക് സർവൈലൻസ് സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. മൂന്നു ഷിഫ്റ്റുകളിലായി 24 മണിക്കൂറും പരിശോധന നടത്തും. ഒരു സംഘത്തിൽ പൊലീസടക്കം നാലു പേരാണുള്ളത്. 36 ആന്റീ ഡീഫേസ്മെന്റ് സ്ക്വാഡുകൾ പ്രവർത്തിക്കുന്നു. നോട്ടിസുകൾ, ബാനറുകൾ, ബോർഡുകൾ, പോസ്റ്ററുകൾ, ചുവരെഴുത്തുകൾ, മൈക്ക് അനൗൺസ്മെന്റുകൾ, പൊതുയോഗങ്ങൾ മാതൃകാപെരുമാറ്റച്ചട്ടം പാലിച്ചാണോ സ്ഥാപിച്ചതെന്നും സംഘടിപ്പിക്കുന്നതെന്നും സ്ക്വാഡ് പരിശോധിക്കും. അനധികൃത ഇടപാടുകളുടെ പരിശോധനകൾക്കായി 54 ഫ്ലൈയിങ് സ്ക്വാഡും 24 മണിക്കൂറും സജ്ജമാണ്. ഒരു സംഘത്തിൽ പൊലീസടക്കം അഞ്ചു പേരാണുള്ളത്. 36 വീഡിയോ സർവൈലൻസ് സംഘങ്ങളെയും ഒമ്പത് വീഡിയോ വ്യൂവിങ് സംഘത്തെയും നിയോഗിച്ചു. സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷിക്കുന്നതിനായി 10 അക്കൗണ്ടിങ് സംഘത്തെയും നിയോഗിച്ചു.
വാർത്തസമ്മേളനത്തിൽ ജില്ല ഇൻഫർമേഷൻ ഓഫിസർ എ. അരുൺ കുമാർ, തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടർ ടി.എസ്. ജയശ്രീ, അഡീഷനൽ ജില്ല മജിസ്ട്രേറ്റ് ബീന പി. ആനന്ദ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

