വൈക്കത്ത് വികസനം അകലെ
text_fieldsകോട്ടയം: പിന്നാക്ക മണ്ഡലമായ വൈക്കം ഇനിയും ഒട്ടേറെ വികസന പ്രവർത്തനങ്ങളാണ് സ്വപ്നം കാണുന്നത്. കോട്ടയം പാർലമെന്റ് മണ്ഡലത്തിൽ എൽ.ഡി.എഫ് എം.എൽ.എയുള്ള മണ്ഡലങ്ങളിൽ ഒന്നാണിത്. വർഷങ്ങളായി ഇടത് ആഭിമുഖ്യം പുലർത്തുന്ന മണ്ഡലത്തിൽ പക്ഷേ, വികസനപ്രവർത്തനങ്ങൾ എത്താത്ത നിരവധി ഇടങ്ങളാണുള്ളത്. തുടങ്ങിയ പല വികസന പ്രവർത്തനങ്ങളും പാതിവഴിയിൽ ഉപേക്ഷിച്ച നിലയിലാണെന്ന് പലയിടങ്ങളിലും ദർശിക്കാനാകും.
കഴിഞ്ഞകാല പ്രവർത്തനങ്ങളിലൂടെ കൈവരിച്ച നേട്ടങ്ങൾ പൂർത്തീകരിക്കുകയും പുതിയ സംരംഭങ്ങൾക്ക് പരിഹാരം കാണുകയും വേണം. വികസന നേട്ടങ്ങൾ പൂർണതോതിൽ എത്താൻ ഇനിയും ബഹുദൂരം പോകേണ്ടിയിരിക്കുന്നു. നിയോജക മണ്ഡലത്തിലെ ചില റോഡുകൾ മെച്ചപ്പെട്ടതെങ്കിലും ഭൂരിഭാഗം ഗ്രാമീണ റോഡുകളും മെറ്റൽ ഇളകി കുഴികളായി മാറി. മഴ എത്തിയാൽ പിന്നെ കുളമാകുന്ന അവസ്ഥയിലാണ് പല റോഡുകളും. മാലിന്യവും വലിയ പ്രശ്നമായി നിലവിലുണ്ട്.
വൈക്കം നിയമസഭാമണ്ഡലം
- അന്താരാഷ്ട നിലവാരത്തിൽ പണിയുന്ന വൈക്കം-വെച്ചൂർ റോഡ് പണി തുടങ്ങിയിട്ട് കാലം കുറേയായി. കുമരകം ടൂറിസം കേന്ദ്രവുമായി ബന്ധപ്പെടുത്തുന്ന റോഡിന്റെ നിർമാണം വിവിധ പ്രശ്നങ്ങളിലുടക്കി നീളുകയാണ്.
- കോളനികളിലെ സൗകര്യമില്ലായ്മയാണ് പ്രധാനപ്രശ്നം
- കോളനികളിലേക്കുള്ള റോഡുകളിൽ പലതും സഞ്ചാരയോഗ്യമല്ല
- പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിൽ വലിയ പ്രശ്നങ്ങളില്ലെങ്കിലും ഡോക്ടർമാരുടെ അഭാവം പലയിടങ്ങളിലും പ്രകടം
- വൈക്കം താലൂക്ക് ആശുപത്രിയുടെ ബഹുനില ആശുപത്രി മന്ദിര നിർമാണം ഇഴയുകയാണ്
- താലൂക്ക് ആശുപത്രിയിൽ കാർഡിയോളജി വിഭാഗം ഇല്ലാത്തത് ഹൃദ്രോഗികളെ വലക്കുന്നു
- ചെറുതോടും കായലും പുഴയും എല്ലാം പായലും മറ്റു മാലിന്യവും നിറയുന്ന അവസ്ഥയിലാണ്
- വൈക്കത്ത് ആരംഭിച്ച മാലിന്യസംസ്കരണ പ്ലാന്റ് നശിച്ച നിലയിലാണ്
- ഇൻഡസ്ട്രിയൽ എസ്റ്റേറ്റിന് വിപുലമായ കെട്ടിടം, വിശാലമായ സ്ഥലം എല്ലാം ഉണ്ടെങ്കിലും വ്യവസായം മാത്രമില്ല
- കാർഷിക സ്ഥിതി-അപ്പർ കുട്ടനാടൻ മേഖലയായ താലൂക്കിലെ പടിഞ്ഞാറൻ മേഖലയിലെ കർഷകർക്ക് ഇന്നും മിച്ചം കണ്ണീരും സാമ്പത്തിക ബാധ്യതയും മാത്രമാണ്
- വിളയിറക്കി പകുതി വളർച്ച എത്തുമ്പോൾ ശക്തമായ മഴയും വെള്ളപ്പൊക്കവുംകൊണ്ട് കൃഷി നശിക്കും. പിന്നെ സർക്കാർ ആനുകൂല്യങ്ങൾക്കുള്ള കാത്തിരിപ്പാണ്
- വെള്ളപ്പൊക്കത്തിൽ തകരുന്ന ബണ്ടുകൾ, കാർഷിക ഭൂമിയിലെ വെള്ളം വറ്റിക്കാനുള്ള പാട്, സമയത്തു വൈദ്യുതി ലഭിക്കാത്തതും കർഷകനെ ബുദ്ധിമുട്ടിലാക്കുന്നു
- കുട്ടനാടൻ പാക്കേജ് പ്രാവർത്തികമായാൽ വൈക്കം താലൂക്കിലെ കാർഷിക മേഖല രക്ഷപ്രാപിക്കുമെന്ന കണക്കുകൂട്ടലിലാണ് കർഷകർ. ഉത്തരവാദിത്ത ടൂറിസത്തിൽ കുതിച്ചുചാടാൻ കൊതിക്കുന്ന മണ്ഡലത്തിന് ഇന്നും അത് കഴിഞ്ഞിട്ടില്ല. വൈക്കത്തിന്റെ ഉൾനാടൻ ജലാശയങ്ങൾ, കായൽ തീരങ്ങളിൽപെട്ട മുണ്ടാർ, കരിയാർ, ഇത്തിപ്പുഴയാർ, മുറിഞ്ഞപുഴ, മൂവാറ്റുപുഴയാർ തീരങ്ങളെല്ലാം ജല കേന്ദ്രീകൃത ടൂറിസത്തിന്റെ അനന്തസാധ്യതകളുള്ളവയാണ്
- ഭവനരഹിതരുടെ പ്രശ്നങ്ങളും ഇവിടെയുണ്ട്. ലൈഫ്മിഷനിൽ ഉൾപ്പെടെ പരാതി നൽകി കാത്തിരിക്കുന്നവർ നിരവധിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

