ലീഗ് ‘കടുംപിടിത്തം’ ജയംകണ്ടു; ജില്ല പഞ്ചായത്ത്, കോട്ടയം നഗരസഭ യു.ഡി.എഫ് സീറ്റ് വിഭജനം പൂർത്തിയായി
text_fieldsകോട്ടയം: ഏറെ ദിവസത്തെ തർക്കങ്ങൾക്കും ‘ഭീഷണിക്കുമൊടുവിൽ’ ജില്ല പഞ്ചായത്തിലേക്കുള്ള യു.ഡി.എഫ് സീറ്റ് വിഭജനം പൂർത്തിയായി. മുൻ വർഷങ്ങളിൽ കോൺഗ്രസും കേരള കോൺഗ്രസ് ജോസഫ് വിഭാഗവും സീറ്റുകൾ വിഭജിച്ചെടുത്ത് മത്സരിക്കുന്ന പതിവുരീതി വേണ്ടെന്ന് മുസ്ലിം ലീഗ് നിലപാടെടുത്തതായിരുന്നു സീറ്റ് വിഭജനത്തിൽ പ്രതിസന്ധിയുണ്ടാക്കിയത്. എരുമേലി അല്ലെങ്കിൽ മുണ്ടക്കയം ഡിവിഷനുകളിൽ ഏതെങ്കിലും വേണമെന്ന നിലപാടിലായിരുന്നു ലീഗ്.
എന്നാൽ, ഇത് നൽകാൻ യു.ഡി.എഫ് നേതൃത്വം തയാറായില്ല. പിന്നീട് മറ്റേതെങ്കിലും സീറ്റ് തന്നാൽ മതിയെന്ന നിലപാടിലേക്ക് ലീഗ് അയഞ്ഞു. എന്നാൽ, കോൺഗ്രസ്, കേരള കോൺഗ്രസ് നേതൃത്വവുമായി ലീഗ് നേതാക്കൾ പലകുറി നടത്തിയ ചർച്ചകളും വിജയംകണ്ടില്ല.
സീറ്റ് ലഭിച്ചില്ലെങ്കിൽ മൂന്നിടത്ത് സ്വന്തം സ്ഥാനാർഥികളെ നിർത്തുമെന്ന നിലപാട് ലീഗ് സ്വീകരിക്കുകയും ചെയ്തു. അതിനൊടുവിൽ വെള്ളിയാഴ്ച രാത്രി നടന്ന ചർച്ചയിലാണ് ലീഗിന് ഒരു സീറ്റ് നൽകാൻ യു.ഡി.എഫ്. തീരുമാനിച്ചത്. ജില്ല പഞ്ചായത്തിൽ ഒരു സീറ്റ് വർധിച്ച സാഹചര്യത്തിൽ കോൺഗ്രസും കേരള കോൺഗ്രസും കഴിഞ്ഞതവണ മത്സരിച്ച എണ്ണം സീറ്റുകളിൽ ഇക്കുറിയും മത്സരിക്കും. കോണ്ഗ്രസ്- 14 , കേരള കോണ്. ജോസഫ്- എട്ട്, മുസ്ലിം ലീഗ്- 1 എന്നിങ്ങനെയാകും മത്സരിക്കുക.
2005ന് ശേഷം ആദ്യമായാണ് ലീഗ് ജില്ല പഞ്ചായത്തിലേക്ക് മത്സരിക്കുന്നത്. എന്നാൽ, ഏത് സീറ്റാണെന്ന കാര്യത്തിൽ അന്തിമതീരുമാനമായിട്ടില്ലെന്ന് ലീഗ് വൃത്തങ്ങൾ പറഞ്ഞു. അതിനിടെ കോട്ടയം നഗരസഭയിൽ 48 സീറ്റുകളിൽ കോൺഗ്രസ് മത്സരിക്കും. കോൺഗ്രസ് 48 സീറ്റിലും കേരള കോൺഗ്രസ് മൂന്ന് സീറ്റിലും ലീഗ് രണ്ട് സീറ്റിലുമാകും മത്സരിക്കും. സ്ഥാനാർഥികളെ ഉടൻ പ്രഖ്യാപിക്കുമെന്ന് യു.ഡി.എഫ് വൃത്തങ്ങൾ പറഞ്ഞു. ജില്ല പഞ്ചായത്തിലേക്കുള്ള എൽ.ഡി.എഫ് സ്ഥാനാർഥികളെ തിങ്കളാഴ്ച പ്രഖ്യാപിക്കും.
മുസ്ലിം ലീഗ് ജില്ലയിൽ 55 വാർഡുകളിൽ മത്സരിക്കും
കോട്ടയം: മുസ്ലിം ലീഗ് ജില്ലയിൽ 55 വാർഡുകളിൽ മത്സരിക്കും. ജില്ല പഞ്ചായത്തിലെ ഒരു ഡിവിഷൻ, അഞ്ച് നഗരസഭകൾ, 14 ഗ്രാമപഞ്ചായത്തുകൾ എന്നിവിടങ്ങളിലായിരിക്കും മത്സര രംഗത്തുണ്ടാവുക. ഇവിടെങ്ങളിലെല്ലാം യു.ഡി.എഫിൽ ചർച്ച പൂർത്തിയായതായും ഇതിന് പുറമെയുള്ള ഏതാനും വാർഡുകളിൽ ചർച്ച അന്തിമ ഘട്ടത്തിലാണെന്നും ജില്ല നേതാക്കൾ അറിയിച്ചു.
നഗരസഭകളിൽ വൈക്കം ഒഴികെ എല്ലായിടത്തും പാർട്ടിക്ക് സ്ഥാനാർഥികളുണ്ട്. കോട്ടയത്ത് രണ്ട് സീറ്റുകൾ അനുവദിച്ചതിൽ ഒന്ന് മാറ്റിത്തരണമെന്ന് യു.ഡി.എഫിൽ ആവശ്യമുന്നയിച്ചിട്ടുണ്ട്. ഇത് കോൺഗ്രസ് പരിഗണിക്കുമെന്നാണ് പ്രതീക്ഷ. ജില്ല പഞ്ചായത്തിൽ മുണ്ടക്കയം, എരുമേലി ഡിവിഷനുകളിൽ ഒന്നാണ് ചോദിച്ചതെങ്കിലും അത് അനുവദിക്കാൻ കഴിയില്ലെന്ന് കോൺഗ്രസ് അറിയിച്ചിട്ടുണ്ട്. ഏത് സീറ്റിലാണ് മത്സരിക്കുന്നത് എന്നത് സംബന്ധിച്ച് അടുത്ത ദിവസം തീരുമാനമാകും.
പഞ്ചായത്തുകളിൽ ചെമ്പ്, തലയോലപ്പറമ്പ്, തലനാട്, തീക്കോയി, പൂഞ്ഞാർ, കൂട്ടിക്കൽ, മുണ്ടക്കയം, പാറത്തോട്, എരുമേലി, വാഴൂർ, മണിമല, കങ്ങഴ, പായിപ്പാട്, മാടപ്പള്ളി എന്നിവിടങ്ങളിൽ വിവിധ സീറ്റുകളിൽ ലീഗ് മത്സരിക്കുന്നുണ്ട്. യു.ഡി.എഫിൽനിന്ന് മികച്ച പരിഗണനയാണ് ഇത്തവണയും ലഭിച്ചതെന്ന് ജില്ല പ്രസിഡന്റ് അസീസ് ബഡായിയിലും ജനറൽ സെക്രട്ടറി റഫീഖ് മണിമലയും പറഞ്ഞു. ചിലയിടങ്ങളിൽ യു.ഡി.എഫിൽ വിമതരുടെ പ്രശ്നമുണ്ടാവുക സ്വാഭാവികമാണെന്നും നാമനിർദേശ പത്രിക പിൻവലിക്കാനുള്ള തീയതി കഴിയുന്നതോടെ അതെല്ലാം പരിഹരിക്കപ്പെടുമെന്നും നേതാക്കൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

