കാഞ്ഞിരപ്പള്ളിയിൽ പരിചയസമ്പന്നരായ കരുത്തരുടെ പോരാട്ടം
text_fieldsജോളി മടുക്കക്കുഴി, തോമസ് കുന്നപ്പള്ളി, കെ.വി. നാരായണൻ
കാഞ്ഞിരപ്പള്ളി: ജില്ല പഞ്ചായത്ത് കാഞ്ഞിരപ്പള്ളി ഡിവിഷനിലെ മത്സരം കേരള കോൺഗ്രസുകളുടെ നേർക്കുനേർ മത്സരം കൊണ്ടും കരുത്തരായ സ്ഥാനാർഥികളുടെ സാന്നിധ്യം കൊണ്ടും ശ്രദ്ധേയമാകുന്നു. നിലവിലെ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റും കേരള കോൺഗ്രസ് എം സംസ്ഥാന സമിതി അംഗവുമായ ജോളി മടുക്കക്കുഴിയാണ് എൽ.ഡി.എഫ് സ്ഥാനാർഥി. മുൻ ജില്ല പഞ്ചായത്ത് പ്രസിഡന്‍റും കേരള കോൺഗ്രസ് ഹൈപവർ കമ്മിറ്റി അംഗവുമായ തോമസ് കുന്നപ്പള്ളിയാണ് യു.ഡി.എഫ് സ്ഥാനാർഥി. ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗം കെ.വി. നാരായണനാണ് എൻ.ഡി.എ സ്ഥാനാർഥി. കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ 21 വാർഡുകളും എലിക്കുളം പഞ്ചായത്തിലെ ഒമ്പത് വാർഡുകളും വെള്ളാവൂർ പഞ്ചായത്തിലെ ഏഴ് വാർഡുകളും ചിറക്കടവ് പഞ്ചായത്തിലെ നാല് വാർഡുകളും വാഴൂർ, പാറത്തോട് പഞ്ചായത്തുകളിലെ രണ്ടുവീതം വാർഡുകളും ഉൾപ്പെടുന്നതാണ് കാഞ്ഞിരപ്പള്ളി ഡിവിഷൻ. എൽ.ഡി.എഫാണ് എല്ലാ പഞ്ചായത്തിലും ഭരണം.
ജോളി മടുക്കക്കുഴി (എൽ.ഡി.എഫ്)
കേരള സ്റ്റുഡന്റ്സ് കോണ്‍ഗ്രസ് എം കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം പ്രസിഡന്റായിരുന്നു. യൂത്ത് ഫ്രണ്ട് എം നിയോജകമണ്ഡലം, ജില്ല, സംസ്ഥാന ഭാരവാഹിത്വങ്ങള്‍ വഹിച്ചിട്ടുണ്ട്. കാഡ്കോ ഭരണസമിതിയംഗവും കാഞ്ഞിരപ്പള്ളി സഹകരണ ബാങ്ക് മുന്‍ ഭരണസമിതിയംഗവും ഗ്രീന്‍ഷോര്‍ കാഞ്ഞിരപ്പള്ളി സ്ഥാപകനുമാണ്. 10 വര്‍ഷമായി കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തംഗമാണ്. ബ്ലോക്ക് പഞ്ചായത്ത് ആക്ടിങ് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സ്ഥിരംസമിതി അധ്യക്ഷ സ്ഥാനം എന്നിവ വഹിച്ചിട്ടുണ്ട്.
തോമസ് കുന്നപ്പള്ളി (യു.ഡി.എഫ്)
കേരള കോണ്‍ഗ്രസ് ജെ ഹൈപവര്‍ കമ്മിറ്റിയംഗമാണ്. 2005-10ൽ രണ്ടരവർഷം ജില്ല പഞ്ചായത്ത് പ്രസിഡന്‍റായിരുന്നു. 2000-05ൽ രണ്ടുവർഷം ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്‍റുമായിരുന്നു. എലിക്കുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ്, മീനച്ചില്‍-കാഞ്ഞിരപ്പള്ളി താലൂക്കുകള്‍ ഉള്‍പ്പെടുന്ന കാര്‍ഷിക വികസന ബാങ്ക് വൈസ് പ്രസിഡന്റ്, കാഞ്ഞിരപ്പള്ളി നോര്‍ത്ത് റബര്‍ മാര്‍ക്കറ്റിങ് സൊസൈറ്റി അംഗം, എം.ജി സര്‍വകലാശാല സെനറ്റംഗം തുടങ്ങിയ സ്ഥാനങ്ങളിലും പ്രവര്‍ത്തിച്ചു.
കെ.വി. നാരായണന്‍ (എൻ.ഡി.എ)
ബി.ജെ.പി സംസ്ഥാന കൗണ്‍സില്‍ അംഗമാണ്. എ.ബി.വി.പി സംസ്ഥാന ട്രഷറര്‍, ബി.ജെ.പി ജില്ല കമ്മിറ്റിയംഗം, കിസാന്‍ മോര്‍ച്ച ജില്ല അധ്യക്ഷന്‍, കാഞ്ഞിരപ്പള്ളി മണ്ഡലം പ്രസിഡന്റ് എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. ജനനി ഇന്റഗ്രേറ്റഡ് ഫൗണ്ടേഷന്‍ കമ്പനി മാനേജിങ് ഡയറക്ടറാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

