പരിചയസമ്പന്നരുടെ പോരാട്ടം
text_fieldsജില്ല പഞ്ചായത്ത്: തൃക്കൊടിത്താനം ഡിവിഷൻ
ചങ്ങനാശ്ശേരി: ജില്ല പഞ്ചായത്ത് തൃക്കൊടിത്താനം ഡിവിഷനിൽ പരിചയസമ്പന്നരുടെ വാശിയേറിയ മത്സരമാണ്. തൃക്കൊടിത്താനം പഞ്ചായത്തിലെ 22ഉം പായിപ്പാട് പഞ്ചായത്തിലെ 17ഉം മാടപ്പള്ളി പഞ്ചായത്തിലെ ആറും വാഴപ്പള്ളി പഞ്ചായത്തിലെ രണ്ടും ചേർത്ത് 47 വാർഡുകൾ ചേരുന്നതാണ് ഡിവിഷൻ. കഴിഞ്ഞ നാലു ടേമായി എൽ.ഡി.എഫ് ആണ് ജയിച്ചുവരുന്നത്.
ജില്ല പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ മഞ്ജു സുജിത്താണ് എൽ.ഡി.എഫിനായി വീണ്ടും മത്സരിക്കുന്നത്. മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും എൽ.ഡി.എഫിൽ നിന്നു രാജിവെച്ച് യു.ഡി.എഫിന്റെ ഭാഗവുമായ വിനു ജോബാണ് യു.ഡി.എഫ് സ്ഥാനാർഥി. ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗവും മാടപ്പള്ളി പഞ്ചായത്തംഗവുമായിരുന്ന വി.വി. വിനയകുമാർ ബി.ജെ.പി സ്ഥാനാർഥിയായും രംഗത്തുണ്ട്. കഴിഞ്ഞ ടേമിൽ മഞ്ജു സുജിത്ത് ജില്ലയിലെ റെക്കോർഡ് ഭൂരിപക്ഷത്തിനാണ് ജയിച്ചത്.
മഞ്ജു സുജിത്ത് (എൽ.ഡി.എഫ്)
ജില്ല പ്ലാനിങ് കമ്മിറ്റി മെംബർ, ദേശീയ തലത്തിൽ കാൻസർ രോഗത്തിനെതിരെ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ ഗ്ലോബൽ കാൻസർ കൺസേൺ ഇന്ത്യ സീനിയർ ജനറൽ മാനേജറായി ഡൽഹിയിലും ജില്ല ഡയറക്ടർ ആയി കേരളത്തിലും 17 വർഷത്തെ ശ്രദ്ധേയ പ്രവർത്തനം. എം. ബി.എ, മാസ് കമ്യൂണിക്കേഷൻ ആൻഡ് ജേർണലിസത്തിൽ പി.ജി, ഹ്യൂമൻ റിസോഴ്സ് മാനേജ്മെൻറിൽ പി.ജി ഡിപ്ലോമ എന്നീ യോഗ്യതകളുണ്ട്. അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ ഏരിയ വൈസ് പ്രസിഡന്റ്, സി.പി.എം തൃക്കൊടിത്താനം ലോക്കൽ കമ്മിറ്റിയംഗം, മഹിള അസോസിയേഷൻ മേഖല പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.
വിനു ജോബ് (യു.ഡി.എഫ്)
ജനപ്രതിനിധിയായി 10 വർഷ പ്രവർത്തന പരിചയം. 2010ലും 2020 ലും മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായിരുന്നു. കേരള കോൺഗ്രസ് ഉന്നതാധികാരസമിതി അംഗം. ഏഴു വർഷം ചങ്ങനാശ്ശേരി ക്ലബ് വൈസ് പ്രസിഡന്റായിരുന്നു. ജനാധിപത്യ കേരള കോൺഗ്രസ് ജില്ല ഓഫിസ് ചാർജ് വഹിച്ചിരുന്ന വിനു ജോബ് പാർട്ടി അംഗത്വവും എൽ.ഡി.എഫിന്റെ ഭാഗമായിരുന്ന ബ്ലോക്ക് പഞ്ചായത്ത് അംഗത്വവും രാജിവെച്ചാണ് കേരള കോൺഗ്രസിൽ ചേർന്നത്.
വി.വി. വിനയകുമാർ (എൻ.ഡി.എ)
ബി.ജെ.പി സംസ്ഥാന കൗൺസിലംഗം. മാടപ്പള്ളി ഗ്രാമ പഞ്ചായത്ത് അംഗം. മെഡിക്കൽ റെപ്രസന്റേറ്റീവാണ്. കെ റെയിൽ സമരസമിതി ജില്ല വൈസ് ചെയർമാൻ ആണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

