തദ്ദേശ തെരഞ്ഞെടുപ്പിന് സജ്ജമായി ജില്ല
text_fieldsപോളിങ് ദിവസമായ ചൊവ്വാഴ്ച പൊതുഅവധി
കോട്ടയം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനായി ജില്ല ഒരുങ്ങിയതായി ജില്ല തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ കലക്ടർ ചേതൻകുമാർ മീണ അറിയിച്ചു. ചൊവ്വാഴ്ച രാവിലെ ഏഴു മുതൽ വൈകീട്ട് ആറുവരെയാണ് പോളിങ്. ആറുമണി വരെ വരിയിൽ നിൽക്കുന്നവർക്ക് ടോക്കൺ നൽകി വോട്ട് ചെയ്യാൻ അവസരമൊരുക്കും. തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഞായാറാഴ്ച വൈകീട്ട് ആറിന് അവസാനിച്ചു. പോളിങ് ദിവസം ജില്ലയിൽ പൊതുഅവധിയായിരിക്കും. തെരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണ, സ്വീകരണ കേന്ദ്രങ്ങളായും പോളിങ് ബൂത്തുകളായും പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് തിങ്കൾ, ചൊവ്വ ദിവസങ്ങളില്‍ അവധിയായിരിക്കും.
ആകെ 1611 വാർഡുകൾ; ജനവിധി തേടി 5281 പേർ
ജില്ല പഞ്ചായത്ത്, 11 ബ്ലോക്ക് പഞ്ചായത്തുകൾ, 71 ഗ്രാമപഞ്ചായത്തുകൾ, ആറു നഗരസഭകൾ എന്നിവയുൾപ്പെടെ 89 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ 1611 നിയോജകമണ്ഡലങ്ങളിലേക്കാണ് ജില്ലയിൽ തെരഞ്ഞെടുപ്പ്. ആകെ 1925 ബൂത്തുകൾ സജ്ജമാക്കിയിട്ടുണ്ട്. ജില്ലയിൽ ആകെ 16,41,249 വോട്ടര്‍മാരാണുള്ളത്. സ്ത്രീകൾ- 8,56,321; പുരുഷന്മാർ- 7,84,842; ട്രാൻസ്ജെൻഡറുകൾ- 13; പ്രവാസി വോട്ടർമാർ- 73 ആകെ സ്ഥാനാർഥികൾ- 5281. ജില്ല പഞ്ചായത്ത്- 83, ബ്ലോക്ക് പഞ്ചായത്ത്- 489, ഗ്രാമപഞ്ചായത്ത്- 4032, നഗരസഭ- 677
പോളിങ് സാമഗ്രികളുടെ വിതരണം ഇന്ന്
വോട്ടെണ്ണല്‍ യന്ത്രങ്ങളില്‍ സ്ഥാനാർഥികളുടെ പേരും ചിഹ്നവുമുള്ള ബാലറ്റ് പേപ്പർ പതിച്ച് കാൻഡിഡേറ്റ് സെറ്റിങ് പൂർത്തിയാക്കി വോട്ടുയന്ത്രങ്ങൾ സ്വീകരണ-വിതരണകേന്ദ്രങ്ങളിലെ സ്ട്രോങ് റൂമുകളില്‍ സൂക്ഷിച്ചിരിക്കുകയാണ്. തിങ്കളാഴ്ച രാവിലെ എട്ടു മുതൽ 11 ബ്ലോക്കുകളിലും ആറു നഗരസഭകളിലുമുള്ള കേന്ദ്രങ്ങളില്‍ പോളിങ് സാമഗ്രികളുടെ വിതരണം ആരംഭിക്കും. ഉദ്യോഗസ്ഥരെ പോളിങ് സ്റ്റേഷനുകളിൽ എത്തിക്കാൻ 724 വാഹനങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. (ബസ്- 269, മിനി ബസ്- 96, ട്രാവലർ- 88, കാർ/ജീപ്പ്- 271 ). സെക്ടറൽ ഓഫിസർമാർക്കായി 134 വാഹനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
9514 ബാലറ്റ് യൂനിറ്റുകള്‍; 3403 കൺട്രോൾ യൂനിറ്റുകള്‍
പഞ്ചായത്തുകളിൽ ഉപയോഗിക്കുന്ന ഇലക്ട്രോണിക് വോട്ടുന്ത്രത്തിന് ഒരു കൺട്രോൾ യൂനിറ്റും മൂന്നു ബാലറ്റ് യൂനിറ്റുകളും ഉണ്ടായിരിക്കും. വോട്ടിങ് കമ്പാർട്ട്മെന്റിൽ വെച്ചിട്ടുള്ള മൂന്നു ബാലറ്റ് യൂനിറ്റുകൾ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ല പഞ്ചായത്ത് എന്നീ ക്രമത്തിലാണ് സജ്ജീകരിക്കുക. നഗരസഭകളിൽ ഒരു കൺട്രോൾ യൂനിറ്റും ഒരു ബാലറ്റ് യൂനിറ്റുമാണ് ഉപയോഗിക്കുന്നത്.
ഒരു ബാലറ്റ് യൂനിറ്റിൽ 15 വരെ സ്ഥാനാർഥികളെയാണ് ക്രമീകരിക്കുന്നത്. 9514 ബാലറ്റ് യൂനിറ്റുകളും 3403 കൺട്രോൾ യൂനിറ്റുകളും സജ്ജമാണ്. ഡ്യൂട്ടിക്ക് 9272 ഉദ്യോഗസ്ഥർ, തെരഞ്ഞെടുപ്പ് നടപടികളില്‍ ഹരിതചട്ട പാലനം ഉറപ്പാക്കണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

