കോട്ടയത്ത് പഞ്ചായത്തിൽ എൽ.ഡി.എഫിനും മുനിസിപ്പാലിറ്റിയിൽ യു.ഡി.എഫിനും മേൽക്കൈ
text_fieldsകോട്ടയം: രാഷ്ട്രീയ ചേരിമാറ്റത്തിന്‍റെ തട്ടകമായ കോട്ടയം ഇപ്പോഴും പൂർണമായും മനസ് തുറന്നിട്ടില്ല. ജില്ലാ പഞ്ചായത്തിലും ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളിലും എൽ.ഡി.എഫ് മേൽക്കൈ കാണുമ്പോൾ മുനിസിപ്പാലിറ്റികളിൽ യു.ഡി.എഫിനാകും അൽപം നേട്ടം. ജില്ലാ പഞ്ചായത്തിലെ 23 ഡിവിഷനുകളിൽ 15 ഓളം സീറ്റുകൾ നേടുമെന്നാണ് എൽ.ഡി.എഫ് വിലയിരുത്തൽ. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 22 സീറ്റുകളിൽ 14 ഇടങ്ങളിലാണ് എൽ.ഡി.എഫ് വിജയം നേടിയത്. കഴിഞ്ഞതവണ നഷ്ടപ്പെട്ട പല പഞ്ചായത്ത് ഡിവിഷനുകളും ഇക്കുറി അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്. ക്യാമ്പ്. ജനപക്ഷം പാർട്ടി ലയിച്ചതിനെ തുടർന്ന് പൂഞ്ഞാറിലൂടെ കഴിഞ്ഞ തവണ ജില്ലാപഞ്ചായത്ത് ഡിവിഷനിൽ ഒരു സീറ്റ് ബി.ജെ.പിക്ക് ലഭിച്ചിരുന്നെങ്കിലും ഇത്തവണ വാർഡ് വിഭജനത്തിൽ മാറ്റം വന്നതിനാൽ അവിടെ ജയിക്കൽ ബി.ജെ.പിക്ക് ഏറെ ശ്രമകരമാണ്.
മുനിസിപ്പാലിറ്റികളിൽ യു.ഡി.എഫിന് അൽപം മേൽക്കൈയുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ആറ് മുനിസിപ്പാലിറ്റികളിൽ അഞ്ചും നേടിയ യു.ഡി.എഫിന് ഇക്കുറി അഞ്ചിടത്തും കടുത്ത വെല്ലുവിളിയാണ്. ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി മാത്രമാണ് ജയിക്കുമെന്ന് ഉറപ്പ് പറയാനാകുന്നത്. പാലാ മുനിസിപ്പാലിറ്റി ഇക്കുറിയും എൽ.ഡി.എഫ് നിലനിർത്തുമെന്ന നിലയിലാണ് കാര്യങ്ങൾ. എന്നാൽ കോട്ടയം, ചങ്ങനാശ്ശേരി, ഏറ്റുമാനൂർ, വൈക്കം മുനിസിപ്പാലിറ്റികളിൽ വാശിയേറിയ പോരാട്ടമാണ്. ചെറിയ വ്യത്യാസത്തിൽ മാത്രമാകും ഏത് മുന്നണിക്കും ഇവിടെ അധികാരം ലഭിക്കുക. കോട്ടയം മുനിസിപ്പാലിറ്റി ഭരണം ഇക്കുറിയും നിലനിർത്താനാകുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അവിടെ എട്ട് സീറ്റുകൾ നേടിയ എൻ.ഡി.എക്ക് ഇക്കുറി അത്രയും നേടാനാകുമോയെന്നതിൽ സംശയമുണ്ട്.
ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിലും എൽ.ഡി.എഫിനാണ് മേൽക്കൈ. 71 ഗ്രാമപഞ്ചായത്തുകളിൽ 51 ഇടങ്ങളിൽ ഭരിക്കുന്ന എൽ.ഡി.എഫ് ഇക്കുറി അതിലും വലിയ വിജയം നേടുമെന്ന അവകാശവാദത്തിലാണ്. ബ്ലോക്ക് പഞ്ചായത്തുകളിൽ 11ൽ പത്തിടത്ത് നേടിയ വിജയം ആവർത്തിക്കുമെന്നും അവർ പ്രതീക്ഷിക്കുന്നു. ഗ്രാമപഞ്ചായത്തുകളിലെ 1140 വാർഡുകളിൽ പരമാവധി വിജയിച്ച് ഏറ്റവും വലിയ ഒറ്റകക്ഷി സ്ഥാനം നിലനിർത്താനുള്ള ശ്രമത്തിലാണ് കോൺഗ്രസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

