വിമതരെ വലയിലാക്കാൻ നെട്ടോട്ടം
text_fieldsപ്രതീകാത്മക ചിത്രം
കോട്ടയം: നാമനിർദേശ പത്രിക സമർപ്പണവും സൂക്ഷ്മ പരിശോധനയും കഴിഞ്ഞതോടെ രാഷ്ട്രീയപാർട്ടികളും സ്ഥാനാർഥികളും വിമതൻമാരുടെ പിന്നാലെ. യു.ഡി.എഫിനാണ് വിമതൻമാർ വലിയ തലവേദന ആയത്. തിങ്കളാഴ്ച മൂന്നുവരെയാണ് പത്രിക പിൻവലിക്കാനുള്ള സമയം. അതിനുള്ളിൽ പറ്റാവുന്നവരെ വലയിലാക്കി പത്രിക പിൻവലിപ്പിക്കണം. അടുത്ത തവണ സ്ഥാനമുറപ്പിക്കാൻ ഇപ്പോഴേ വിമതഭീഷണി ഉയർത്തിയവരും ഉണ്ട്. അടുത്ത തവണ സീറ്റ് നൽകാമെന്ന വാഗ്ദാനത്തിൽ അവർ വീണേക്കും.
അല്ലാത്തവർക്കായി നേതാക്കൾ തന്നെ ഒത്തുതീർപ്പിനിറങ്ങേണ്ടി വന്നിട്ടുണ്ട്. കോട്ടയം മുനിസിപ്പാലിറ്റിയിൽ കോൺഗ്രസ് സ്ഥാനാർഥി ബിൻസി സെബാസ്റ്റ്യനെതിരെ പ്രേംജോസ് വിമതനായി പത്രിക നൽകിയിട്ടുണ്ട്. ചർച്ച നടത്തിയെങ്കിലും വേണമെങ്കിൽ ബിൻസി പിൻവാങ്ങട്ടെ എന്നാണ് പ്രേം ജോസിന്റെ നിലപാട്.
ഏറ്റുമാനൂർ നഗരസഭയിലാണ് യു.ഡി.എഫിന് കൂടുതൽ വിമതരുള്ളത്. പാലാ നഗരസഭയിൽ 17,19 വാർഡുകളിൽ കോൺഗ്രസിന് റിബലുണ്ട്. കരൂർ ഗ്രാമ പഞ്ചായത്തിലെ അന്തിനാട് ഈസ്റ്റിൽ കോൺഗ്രസിലെ രണ്ടുപേരാണ് മത്സരിക്കുന്നത്. അവിരെയെല്ലാം അനുനയിപ്പിക്കാൻ ശ്രമം നടക്കുകയാണെന്നും എല്ലാവരും തിങ്കളാഴ്ച പത്രിക പിൻവലിക്കുമെന്നുമാണ് യു.ഡി.എഫ് നേതാക്കൾ പറയുന്നത്. എൽ.ഡി.എഫിന് കാര്യമായ വിമത ഭീഷണിയില്ല. ഉണ്ടെങ്കിൽ തന്നെ പാർട്ടി മൈൻഡ് ചെയ്തിട്ടുമില്ല.
പത്രികയിൽ തിരിച്ചടി യു.ഡി.എഫിന്
പാമ്പാടി പഞ്ചായത്ത് ഒമ്പതാം വാർഡിൽ സ്ഥാനാർഥി രമണി മത്തായിയുടെ പത്രിക തള്ളിയത് യു.ഡി.എഫിന് ക്ഷീണമായി. 2015-2020 ൽ രമണി പഞ്ചായത്തംഗമായിരുന്നു. കഴിഞ്ഞ തവണ മത്സരിച്ചെങ്കിലും തോറ്റു. പഞ്ചായത്തംഗമായിരുന്ന കാലയളവിലെ വരവുചെലവ് കണക്കുകൾ ഹാജരാക്കാതിരുന്നതാണ് പത്രിക തള്ളാൻ കാരണം. ഇതോടെ യു.ഡി.എഫിന് വാർഡിൽ സ്ഥാനാർഥിയില്ലാതായി. സ്വതന്ത്രസ്ഥാനാർഥികളുമില്ല.
ജില്ല പഞ്ചായത്ത് കുറവിലങ്ങാട് ഡിവിഷനിൽനിന്നു മത്സരിക്കുന്ന ജോസ്മോൻ മുണ്ടക്കലിന്റെ പത്രിക സൂക്ഷ്മപരിശോധനക്കായി തിങ്കളാഴ്ചത്തേക്ക് മാറ്റിവെച്ചു. കൊഴുവനാൽ പഞ്ചായത്തിൽ ജനപ്രതിനിധി ആയിരിക്കെ യോഗങ്ങളിൽ പങ്കെടുക്കാതെ ഓണറേറിയം കൈപ്പറ്റിയെന്ന് പരാതി വന്നതിനെതുടർന്നാണ് നടപടി.
ചങ്ങനാശ്ശേരിയിൽ കുറിച്ചി ഗ്രാമ പഞ്ചായത്ത് വാർഡ് 15 ലെ യു.ഡി.എഫ് സ്ഥാനാർഥി ലൂസി ജോസഫിന്റെ പത്രിക സംബന്ധിച്ചും സൂക്ഷ്മ പരിശോധനവേളയിൽ ആരോപണമുയർന്നു. വിവരാവകാശ പ്രവർത്തകനും അഭിഭാഷകനുമായ അഡ്വ. ബിനീഷ് പനച്ചിക്കലും ജയിംസ് ജോസഫ് ചെത്തിപ്പുരക്കലുമാണ് തടസ്സവാദവുമായി എത്തിയത്. ലൂസി ജോസഫ് പഞ്ചായത്ത് മെംബറായിരിക്കെ രണ്ടു റേഷൻ കാർഡ് കൈവശം വെക്കുകയും അതിൽ ഒരു കാർഡ് മുൻഗണന വിഭാഗത്തിൽ ആയിരുന്നതിനാൽ സബ്സിഡി സാധനങ്ങൾ ഉൾപ്പെടെ അന്യായമായി വാങ്ങുകയും ചെയ്തതായി അഡ്വ. ബിനീഷ് പനച്ചിങ്കൽ പരാതി നൽകിയിരുന്നു.
പരാതിയിൽ അന്വേഷണം നടക്കുകയും 11,200 രൂപ ലൂസി ജോസഫിൽ നിന്ന് പിഴ ഈടാക്കുകയും മുൻഗണന റേഷൻ കാർഡ് റദ്ദാക്കുകയും ചെയ്തിരുന്നതായും ബിനീഷ് പനച്ചിങ്കൽ പറയുന്നു. ഈ വിവരം ലൂസി ജോസഫ് പത്രികയിൽ മറച്ചുവെച്ചെന്നാണ് ആക്ഷേപം. സ്ഥാനാർഥിത്വം വാദപ്രതിവാദങ്ങൾക്കൊടുവിൽ അംഗീകരിച്ചെങ്കിലും കലക്ടർ മുമ്പാകെ അപ്പീൽ നൽകിയിരിക്കുകയാണ് പരാതിക്കാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

