പഠിക്കാതെ പരീക്ഷയെഴുതി തോറ്റു; പരാതിയില്ല -ലതിക സുഭാഷ്
text_fieldsകോട്ടയം മുനിസിപ്പാലിറ്റി തിരുനക്കര വാർഡിൽ മത്സരിച്ച എൽ.ഡി.എഫ് സ്ഥാനാർഥി ലതിക സുഭാഷ്, യു.ഡി.എഫ് സ്ഥാനാർഥി സുശീല ഗോപകുമാർ (നടുവിൽ), എൻ.ഡി.എ സ്ഥാനാർഥി നിത്യ രതീഷ് എന്നിവർ. ഫ ലം അറിഞ്ഞശേഷം വിജയിച്ച സുശീല ഗോപകുമാറിനെ അഭിനന്ദിച്ച് ലതിക സുഭാഷ് ഫേസ്ബുക്കിലിട്ട പോ റ്റിലെ ചിത്രം
കോട്ടയം: പഠിക്കാതെ പരീക്ഷയെഴുതിയ കുട്ടി പരാജയപ്പെട്ടതിന് ആരെയും കുറ്റപ്പെടുത്താനില്ലെന്ന് എൻ.സി.പി സംസ്ഥാന ഉപാധ്യക്ഷ ലതിക സുഭാഷ്. തനിക്ക് തിരുനക്കര വാർഡിനെ പഠിക്കാനായില്ല. എതിർസ്ഥാനാർഥികൾ അതേ വാർഡിലെ താമസക്കാരായിരുന്നു. താൻ മുനിസിപ്പാലിറ്റിയിലെ ഏഴാം വാർഡായ കുമാരനല്ലൂരിലും.
ഏറ്റുമാനൂരിൽനിന്ന് വന്ന് മത്സരിക്കുകയാണെന്ന പ്രചാരണം തനിക്കെതിരെ വാർഡിലുണ്ടായിരുന്നു. തോൽക്കുന്ന സീറ്റിൽ മത്സരിക്കാൻ നിർത്തിയെന്ന പരാതിയില്ല. നിർബന്ധിച്ചുനിർത്താൻ കൊച്ചുകുട്ടിയല്ല. വനം വികസന കോർപറേഷൻ അധ്യക്ഷസ്ഥാനം രാജിവെച്ചത് സ്വന്തം തീരുമാനപ്രകാരമാണ്. ഇനി ആ സ്ഥാനത്തേക്കില്ല.
കോട്ടയം മുനിസിപ്പാലിറ്റിയിലെ 48ാം വാർഡായ തിരുനക്കരയിലാണ് ലതിക മത്സരിച്ചത്. കോട്ടയം ജില്ല പഞ്ചായത്തിന്‍റെ പ്രഥമ വനിത അധ്യക്ഷയായ ഇവരെ മുനിസിപ്പൽ വാർഡിലേക്കു മത്സരിപ്പിക്കുന്നത് വിശ്വപൗര ആയതിനാലാണെന്നാണ് എൽ.ഡി.എഫ് അവകാശപ്പെട്ടിരുന്നത്.
എന്നാൽ പാർട്ടി വോട്ടുകൾപോലും അപ്പുറത്തേക്കാണ് പോയത്. അതേക്കുറിച്ചൊന്നും അറിയില്ലെന്നും എൻ.സി.പിയും ഇടതു മുന്നണിയും ആവശ്യപ്പെട്ടതുകൊണ്ടാണ് മത്സരത്തിനിറങ്ങിയതെന്നും ലതിക പറഞ്ഞു. 2011 ൽ വി.എസ്. അച്യുതാനന്ദനെതിരെ മത്സരിക്കാൻ കോൺഗ്രസും യു.ഡി.എഫും പറഞ്ഞപ്പോഴും അനുസരിച്ചു. ഒരു പദവിയിലിരുന്ന് മത്സരിക്കുന്നത് ശരിയല്ലെന്നു തോന്നിയതിനാലാണ് വനം വികസന കോർപറേഷൻ അധ്യക്ഷസ്ഥാനം രാജിവെച്ചത്. രണ്ടഭിപ്രായം ഉണ്ടായിരുന്നു. ഇതിന്‍റെ പേരിൽ നാമനിർദേശ പത്രിക അസാധുവാകരുതെന്നു കരുതി. എപ്പോൾ വേണമെങ്കിലും തിരിച്ച് ആ സ്ഥാനത്തേക്കു വരാമെന്ന് വനം മന്ത്രി അടക്കം നേതാക്കൾ പറഞ്ഞിരുന്നു.
താൻ മത്സരത്തിനിറങ്ങിയപ്പോൾ മുതൽ പല കഥകൾ കേൾക്കുന്നു. എല്ലാ തെരഞ്ഞെടുപ്പുകാലത്തും അങ്ങനെയാണ്. സമൂഹമാധ്യമങ്ങളിലൂടെയും ആക്ഷേപം കേൾക്കുകയാണ്. തിരിച്ചു മറുപടി പറയാൻ തനിക്ക് സൈന്യമൊന്നുമില്ല. 2008 മുതൽ ബ്ലോഗ് എഴുതിയിരുന്നു. പിന്നീടും പറയാനുള്ളതെല്ലാം ഫേസ്ബുക്കിലൂടെയും മറ്റും പറയുന്നുണ്ട്. അധിക്ഷേപിക്കുന്നവർക്കൊന്നും മറുപടി നൽകേണ്ട കാര്യമില്ല.
കോൺഗ്രസ് വിട്ടപ്പോൾ ആരെയും കൂടെകൊണ്ടുപോന്നിട്ടില്ല. മനസ്സറിഞ്ഞു കൂടെ വന്നവർ മാത്രം. ഏക സഹോദരി പ്രിയ മധു ഇന്നും കോൺഗ്രസിനൊപ്പമുണ്ട്. പനച്ചിക്കാട് പഞ്ചായത്ത് അഞ്ചാം വാർഡിൽ മൂന്നാം തവണയും മത്സരിച്ചു ജയിച്ചു അവർ. ഒരു നീണ്ട കാലം കോൺഗ്രസിനൊപ്പമായിരുന്നു. നൽകിയ ഒരു സ്ഥാനവും ദുരുപയോഗം ചെയ്തിട്ടില്ല. സ്ത്രീകൾക്ക് സീറ്റ് നൽകാത്തതിനെതിരെയാണ് പ്രതിഷേധിച്ചത്. ഒറ്റ പ്രതിഷേധം കൊണ്ട് പലർക്കും അനഭിമതയായി.
പല ആക്ഷേപങ്ങൾക്കും മറുപടി പറയാത്തതെന്താണെന്ന് പ്രിയപ്പെട്ടവർ ചോദിക്കാറുണ്ട്. തനിക്കങ്ങനെ പറയാനറിയില്ല. താൻ ഹൃദയം കൊണ്ടാണ് എല്ലാവരെയും സ്നേഹിച്ചതെന്നും ലതിക പരിഭവങ്ങളില്ലാതെ പറയുന്നു. 2015ലും എൻ.സി.പിയാണ് തിരുനക്കര വാർഡിൽ മത്സരിച്ചത്. അന്നത്തെ എൻ.സി.പി സ്ഥാനാർഥി ഉമ എസ്. നായർ ഇത്തവണ ലതിക സുഭാഷിന്‍റെ ചീഫ് ഇലക്ഷൻ ഏജൻറായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

