ഒരു മാസം പോലുമില്ല, പോര് പടിവാതിൽക്കൽ
text_fieldsകോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ സീറ്റ്വിഭജനവും സ്ഥാനാർഥി നിർണയവും വേഗത്തിൽ പൂർത്തിയാക്കി ഗോദയിലേക്കിറങ്ങാനുള്ള തകൃതിയായ നീക്കത്തിൽ മുന്നണികൾ. സീറ്റ് വിഭജനം ഏറെക്കുറെ പൂർത്തിയാക്കിയതിന്‍റെ ആത്മവിശ്വാസത്തിലാണ് എൽ.ഡി.എഫ്. സീറ്റ് വിഭജന ചർച്ചകൾ പൂർത്തിയാക്കാനുണ്ടെങ്കിലും ജനവികാരം തങ്ങൾക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്. ജില്ലാപഞ്ചായത്തിലെ ഒരു സീറ്റെങ്കിലും ഇക്കുറി വേണമെന്ന നിലപാടിൽ മുസ്ലിംലീഗ് ഉറച്ചുനിൽക്കുന്നതാണ് സീറ്റ് വിഭജനത്തിൽ യു.ഡി.എഫിനെ ബാധിച്ചിരിക്കുന്ന ഒരുപ്രശ്നം. കഴിഞ്ഞതവണ നൽകിയ സീറ്റുകളിൽ വിചാരിച്ച വിജയം കേരള കോൺഗ്രസിന് നേടിയെടുക്കാനായില്ലെന്ന വിലയിരുത്തലും കോൺഗ്രസിനുണ്ട്. അതിനാൽ കഴിഞ്ഞതവണ നൽകിയ ഒമ്പത് സീറ്റുകൾ ഇക്കുറി കേരള കോൺഗ്രസിന് നൽകണമോയെന്ന ആശങ്കയും കോൺഗ്രസിനുണ്ട്. ബി.ഡി.ജെ.എസ് പലയിടങ്ങളിലും സീറ്റുകളിൽ അവകാശവാദം ഉന്നയിച്ചിട്ടുള്ളത് ബി.ജെ.പിക്കും തലവേദനയാണ്.
നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ കൂടുതൽ ദിവസങ്ങൾ ഇല്ലാത്തതിനാൽ എത്രയും പെട്ടെന്ന് സീറ്റ്വിഭജനവും സ്ഥാനാർഥി നിർണയവും പൂർത്തിയാക്കി പ്രചാരണ പ്രവർത്തനങ്ങളിലേക്ക് ഇറങ്ങാനാണ് മുന്നണികളുടെ തീരുമാനം. സീറ്റ്വിഭജനം പൂർത്തിയായില്ലെങ്കിലും പലയിടങ്ങളിലും പലരും സ്വന്തം നിലക്ക് സമൂഹ മാധ്യമങ്ങളിലൂടെയുൾപ്പെടെ പ്രചാരണങ്ങളും ആരംഭിച്ചുകഴിഞ്ഞു. മുന്നണികൾ വികസന, പദയാത്രകളുമായി ഇതിനോടകം പ്രചാരണരംഗം കൊഴുപ്പിച്ചിട്ടുണ്ട്. എന്നാൽ സ്ഥാനാർഥി മോഹികളായ പലർക്കും ഇക്കുറി അവസരം ലഭിച്ചില്ലെന്നതും പലയിടങ്ങളിലും പ്രശ്നമായുണ്ട്. എന്തായാലും കോട്ടങ്ങളൊന്നുമില്ലാതെ സീറ്റുവിഭജനവും സ്ഥാനാർഥി നിർണയവും പൂർത്തിയാക്കാനുള്ള നെട്ടോട്ടത്തിലാണ് മുന്നണികൾ.
ജില്ലാപഞ്ചായത്തിന്‍റെയും ആറ് മുനിസിപ്പാലിറ്റികളുടെയും ഭരണം ഉറപ്പിക്കുകയെന്നതാണ് മുന്നണികൾക്ക് മുമ്പിലുള്ള പ്രധാന വെല്ലുവിളി. എൽ.ഡി.എഫിന്‍റെ പക്കലുള്ള ജില്ലാപഞ്ചായത്ത് ഭരണം തിരികെ പിടിക്കുന്നത് യു.ഡി.എഫ് സ്വപ്നം കാണുമ്പോൾ കോട്ടയം ഉൾപ്പെടെ ആറ് മുനിസിപ്പാലിറ്റികളും തങ്ങളുടെ വരുതിയിലാക്കാനുള്ള പദ്ധതിക്കാണ് എൽ.ഡി.എഫ് രൂപം നൽകുന്നത്. ബ്ലോക്ക് പഞ്ചായത്തുകളിൽ 11 ൽ പത്തിലും വിജയിച്ച തങ്ങൾ ഇക്കുറിയും അത് നിലനിർത്തുമെന്നും ഗ്രാമപഞ്ചായത്തിൽ 71 ൽ നിലവിലെ 51 ൽ കൂടുതൽ സീറ്റുകൾ കിട്ടുമെന്നും എൽ.ഡി.എഫ് പ്രതീക്ഷിക്കുന്നു. എന്നാൽ അതൊക്കെ സ്വപ്നം മാത്രമാകുമെന്നാണ് യു.ഡി.എഫ് കേന്ദ്രങ്ങൾ പറയുന്നത്.
കേരള കോൺഗ്രസ് എമ്മിൽ പ്രതീക്ഷ
ജില്ലയിൽ വ്യക്തമായ സ്വാധീനം ചെലുത്താൻ കേരള കോൺഗ്രസ് എമ്മിന് സാധിക്കുമെന്ന വിലയിരുത്തലിലാണ് സി.പി.എം. സി.പി.ഐയേക്കാൾ കൂടുതൽ സീറ്റുകളിൽ കഴിഞ്ഞതവണ വിജയിച്ച മാണി വിഭാഗം ഇക്കുറി മലയോരമേഖലകളിലുൾപ്പെടെ കൂടുതൽ സീറ്റുകളിൽ വിജയിക്കുമെന്നാണ് എൽ.ഡി.എഫ് പ്രതീക്ഷിക്കുന്നത്. അതിനാൽ അവർ ആവശ്യപ്പെട്ട സീറ്റുകളിൽ മിക്കതും അവർക്ക് നൽകിയിട്ടുണ്ട്. കഴിഞ്ഞതവണ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് യു.ഡി.എഫിൽ നിന്നും എൽ.ഡി.എഫിലേക്ക് എത്തിയ കേരള കോൺഗ്രസ് എമ്മിന്‍റെ ശക്തിയിലാണ് എൽ.ഡി.എഫിന് ജില്ലാപഞ്ചായത്ത്, പാലാ മുനിസിപ്പാലിറ്റി ഭരണം ഉൾപ്പെടെ നേടാനായതെന്ന വിലയിരുത്തൽ സി.പി.എമ്മിനുമുണ്ട്. ഇക്കുറി ജില്ലാപഞ്ചായത്തിൽ സി.പി.എമ്മിനൊപ്പം ഒമ്പത് വീതം സീറ്റുകൾ കേരള കോൺഗ്രസ് എമ്മിന് നൽകിയതിന് പുറമെ ഒരുസീറ്റിൽ സ്വതന്ത്ര സ്ഥാനാർഥിയെ മൽസരിപ്പിച്ച് വിജയിപ്പിക്കാനുള്ള ദൗത്യം കൂടി മാണി വിഭാഗത്തെ എൽ.ഡി.എഫ് ഏൽപിച്ചിരിക്കുകയാണ്. തങ്ങളാണ് എൽ.ഡി.എഫിലെ രണ്ടാം പാർട്ടിയെന്ന് അവകാശപ്പെടുന്ന സി.പി.ഐക്ക് ജില്ലാപഞ്ചായത്തിൽ നാല് സീറ്റുകൾ മാത്രമാണ് ഇക്കുറിയും നൽകിയിട്ടുള്ളത്.
ഭൂപതിവ് നിയമ ഭേദഗതി ചട്ടം, വന്യജീവി ആക്രമണ നിരോധന നിയമഭേദഗതി എന്നിവ കോട്ടയം ഉൾപ്പെടെ മലയോര മേഖലകളിൽ തങ്ങൾക്ക് അനുകൂലമായ ജനവിധിയുണ്ടാക്കുമെന്ന പ്രതീക്ഷയിലാണ് കേരള കോൺഗ്രസ് എം. അതിന് പുറമെ കർഷകരുമായി ബന്ധപ്പെട്ട വിഷയം, തെരുവുനായ ശല്യം തുടങ്ങിയ വിഷയങ്ങളിലെ നിലപാടും ഗുണകരമാകുമെന്ന് അവർ പ്രതീക്ഷിക്കുന്നു. പാലാക്ക് പുറമെ ഈരാറ്റുപേട്ട, കോട്ടയം മുനിസിപ്പാലിറ്റികളും ഇക്കുറി തങ്ങൾക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയും അവർക്കുണ്ട്. ഗ്രാമപഞ്ചായത്തുകളിൽ കഴിഞ്ഞതവണ ലഭിച്ച 151 അംഗങ്ങളെക്കാൾ കൂടുതൽ പേരെ ഇക്കുറി വിജയിപ്പിക്കാനാകുമെന്ന പ്രതീക്ഷയും മാണിവിഭാഗം കൈവിടുന്നില്ല. എന്നാൽ മാണിവിഭാഗത്തെ പരാജയപ്പെടുത്തിയാൽ മാത്രമേ തങ്ങളുടെ നിലപാട് ഭദ്രമാകൂ എന്ന നിലപാടിലാണ് കേരള കോൺഗ്രസ് ജോസഫ് വിഭാഗം. അതിനാൽ അവർ മത്സരിക്കുന്ന പ്രധാന സീറ്റുകളിൽ തങ്ങൾ എതിരാളികളാകണമെന്ന നിലപാടാണ് ജോസഫ് വിഭാഗം യു.ഡി.എഫിന് മുന്നിൽ വെച്ചിട്ടുള്ളതും.
ഒരു സീറ്റെങ്കിലും വേണമെന്ന നിലപാടിലുറച്ച് ലീഗ്
ജില്ലാപഞ്ചായത്തിലെ ഒരു ഡിവിഷനിലെങ്കിലും ഇക്കുറി തങ്ങളുടെ സ്ഥാനാർഥി മൽസരിക്കണമെന്ന നിലപാടിലുറച്ച് മുസ്ലിംലീഗ്. എരുമേലി, മുണ്ടക്കയം ഡിവിഷനുകളിൽ ഏതെങ്കിലും ഒന്ന് വേണമെന്ന നിലപാടിൽ നിന്നും പിന്നാക്കം പോയ ലീഗാകട്ടെ ഇപ്പോൾ ഏതെങ്കിലും ഒരുസീറ്റ് മതിയെന്ന നിലക്ക് എത്തിയിട്ടുണ്ട്. കഴിഞ്ഞദിവസം ഇതുസംബന്ധിച്ച് നടന്ന ചർച്ച ഫലംകണ്ടില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ജില്ലാപഞ്ചായത്തിലെ 22 ഡിവിഷനുകളിൽ കോൺഗ്രസ്, കേരള കോൺഗ്രസ് സ്ഥാനാർഥികളാണ് മൽസരിച്ചത്. അന്നും ലീഗ് സ്ഥാനാർഥിത്വം ആവശ്യപ്പെട്ടെങ്കിലും നൽകിയില്ല. ഇക്കുറി നേരത്തെ തന്നെ ലീഗ് ഒരു സീറ്റ് ചോദിച്ചെങ്കിലും അത് ഇതുവരെ നൽകിയിട്ടില്ല. കേരള കോൺഗ്രസിന് നൽകിയിരുന്ന ഏതെങ്കിലുമൊരു സീറ്റ് ലീഗിന് കൈമാറാനാണ് കോൺഗ്രസ് നേതൃത്വം ഉദ്ദേശിക്കുന്നത്. അതിന് ജോസഫ് വിഭാഗം സന്നദ്ധമാകുമോയെന്നാണ് കാണേണ്ടത്. ബുധനാഴ്ച യു.ഡി.എഫ് നേതാക്കൾ ഇക്കാര്യത്തിൽ വീണ്ടും ചർച്ച നടത്തുന്നുണ്ട്. അന്ന് ലീഗിന് സീറ്റുണ്ടാകുമോയെന്ന കാര്യത്തിൽ വ്യക്തത വരും.
കേരള കോൺഗ്രസ് എമ്മിൽ ചേർന്ന് കോൺഗ്രസ് മുൻ നഗരസഭ അംഗം
ഏറ്റുമാനൂർ: ഏറ്റുമാനൂർ നഗരസഭ മുൻ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ സൂസൻ തോമസ് കോൺഗ്രസ് വിട്ട് കോൺഗ്രസ് എമ്മിൽചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു. നഗരസഭ തെരഞ്ഞെടുപ്പിൽ 23-ാം വാർഡിൽ (അടിച്ചിറ - മാമൂട്) എൽ.ഡി.എഫ് സ്ഥാനാർഥിയായി മത്സരിക്കുമെന്നും അവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. പാർട്ടിയിലെ ചില പ്രാദേശിക നേതാക്കളുടെ ഇടപെടൽ മൂലം സീറ്റ് നിഷേധിച്ചതിനെ തുടർന്നാണ് കോൺഗ്രസ് വിടാൻ തീരുമാനിച്ചത്. 2020ൽ ചെയർപേഴ്സൻ സ്ഥാനം വനിതക്ക് ആണെന്ന് അറിഞ്ഞതിനെ അന്നത്തെ ഒരു കോൺഗ്രസ് നേതാവ് തനിക്ക് സീറ്റ് നിഷേധിക്കുകയായിരുന്നു. ഇപ്പോഴും സീറ്റ് നിഷേധിച്ചു.
ഏറ്റുമാനൂലെ രാഷ്ട്രീയ സാമൂഹിക മണ്ഡലങ്ങളിൽ വർഷങ്ങളായി അനുഭവസമ്പത്തുള്ള തന്നെ മനപൂർവം ഒഴിവാക്കാൻ കോൺഗ്രസിലെ ചിലർ ശ്രമിക്കുകയായിരുന്നെന്നും സൂസൻ തോമസ് പറഞ്ഞു. കേരളാ കോൺഗ്രസ് (എം) നിയോജകമണ്ഡലം പ്രസിഡന്‍റ് അഡ്വ. സിബിവെട്ടൂർ, സംസ്ഥാന കമ്മറ്റിയംഗം ജോർജ് പുല്ലാട്, നിയോജകമണ്ഡലം സെക്രട്ടറി ജെയിംസ് പുളിക്കൻ എന്നിവരും വാർത്താസമ്മേളനത്തിൽ സന്നിഹിതരായിരുന്നു.
മീനച്ചിൽ പഞ്ചായത്തിൽ സീറ്റ് വിഭജനം പൂർത്തിയാക്കി യു.ഡി.എഫ്
പൈക: തർക്കങ്ങൾ ഇല്ലാതെ അതിവേഗം സീറ്റ് വിഭജനം പൂർത്തിയാക്കി മീനച്ചിൽ പഞ്ചായത്തിലെ യു.ഡി.എഫ് നേതൃത്വം. ധാരണപ്രകാരം കോൺഗ്രസ് ഒമ്പത് സീറ്റുകളിലും, കേരള കോൺഗ്രസ് ജോസഫ് വിഭാഗം മൂന്ന് സീറ്റുകളിലും, കെ.ഡി.പി. രണ്ട് സീറ്റുകളിലും മത്സരിക്കും. ഒന്ന്, നാല്, അഞ്ച്, ആറ്, എട്ട്, ഒൻപത്, പതിനൊന്ന്, പതിമൂന്ന്, പതിനാല്, വാർഡുകളിൽ കോൺഗ്രസും, രണ്ട് , മൂന്ന്, പന്ത്രണ്ട് വാർഡുകളിൽ കേരള കോൺഗ്രസും, ഏഴ്, പത്ത് വാർഡുകളിൽ കെ.ഡി.പിയും മത്സരിക്കും. ചർച്ചകൾക്ക് യു.ഡി.ഫ് ചെയർമാൻ രാജൻ കൊല്ലംപറമ്പിൽ, കൺവീനർ ബോബി ഇടപ്പാടി, ബേബി ഈറ്റത്തോട്ട്, പ്രേംജിത്ത് ഏർത്തയിൽ, ഷിബു പൂവ്വേലിൽ, ചെറിയാൻ കൊക്കപ്പുഴ, എബി വാട്ടപ്പള്ളിൽ, എൻ.ബി.ശിവദാസൻ നായർ, വിൻസെന്‍റ് കണ്ടത്തിൽ, കൊച്ചുറാണി തോമസ്, ഡയസ് കെ. സെബാസ്റ്റ്യൻ, ഷാജി വെള്ളാപ്പാട്ട്, ശശിധരൻ നായർ നെല്ലാലയിൽ എന്നിവർ നേതൃത്വം നൽകി. ഇത്തവണ പഞ്ചായത്ത് ഭരണം വലിയ ഭൂരിപക്ഷത്തോടെ യു.ഡി.എഫ് തിരികെ പിടിക്കുമെന്നും നേതാക്കൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

