പ്രതീക്ഷ കൈവിടാതെ മുന്നണികളും സ്ഥാനാർഥികളും
text_fieldsകോട്ടയം: ജില്ലയിലെ ത്രിതല സഭകൾ ആര് ഭരിക്കണമെന്ന തീരുമാനമെടുക്കുന്ന വോട്ടെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കവെ പ്രതീക്ഷയിൽ മുന്നണികൾ. അഞ്ച് വർഷങ്ങൾക്ക് മുമ്പ് നടന്ന തെരഞ്ഞെടുപ്പിനേക്കാൾ മികച്ച നേട്ടമാണ് മൂന്ന് മുന്നണികളും പ്രതീക്ഷിക്കുന്നത്.
പഞ്ചായത്തുകളിൽ മികച്ച നേട്ടമുണ്ടാക്കുമെന്ന് എൽ.ഡി.എഫ് ഉറപ്പിക്കുമ്പോൾ ആറ് മുനിസിപ്പാലിറ്റികളിലും മിന്നുന്ന ജയമാണ് യു.ഡി.എഫ് പ്രതീക്ഷ. ഇരുമുന്നണികളെയും അട്ടിമറിച്ച് പലയിടങ്ങളിലും അധികാരം സ്വന്തമാക്കുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി നേതൃത്വം നൽകുന്ന എൻ.ഡി.എ. മൂന്ന് മുന്നണികൾക്കും വെല്ലുവിളി ഉയർത്തി ആം ആദ്മി പാർട്ടി, ട്വന്‍റി-20, എസ്.ഡി.പി.ഐ, വെൽഫെയർ പാർട്ടി തുടങ്ങിയവ പലയിടങ്ങളിലും മത്സരിക്കുന്നുമുണ്ട്.
വിമതശല്യമാണ് മുന്നണികൾക്ക് തലവേദന സൃഷ്ടിക്കുന്ന മറ്റൊരു കാര്യം. കോൺഗ്രസിന് മുൻകാലങ്ങളിലേത് പോലെ വിമതശല്യം കുറവാണെങ്കിൽ കേട്ടുകേൾവിയില്ലാത്ത രീതിയിൽ സി.പി.എം ഉൾപ്പെടെ ഇടതുപാർട്ടികൾക്കും ഇക്കുറി വിമതൻമാരെ നേരിടേണ്ടിവരുന്നുണ്ട്.
പലയിടങ്ങളിലും അപരൻമാരും സ്വതന്ത്രൻമാരും മുന്നണികളുടെ ഉറക്കം കെടുത്തുന്നു എന്നതും മറ്റൊരു സത്യം. അതിന് പുറമെ മുന്നണിയിലെ ഘടകകക്ഷികൾ തമ്മിലുള്ള പോരാട്ടത്തിനും ചിലയിടങ്ങൾ സാക്ഷ്യം വഹിക്കുന്നു. കേരള കോൺഗ്രസുകളുടെ ശക്തിപരീക്ഷണത്തിന് കൂടി ഈ തെരഞ്ഞെടുപ്പ് വേദിയാകുകയാണ്. പലയിടങ്ങളിലും കേരള കോൺഗ്രസ് എം-കേരള കോൺഗ്രസ് നേർക്കുനേർ പോരാട്ടമാണുള്ളത്.
വനിതാസ്ഥാനാർഥികളും വനിതാവോട്ടർമാരുമാണ് കൂടുതൽ എന്നതിനാൽ അവരുടെ വോട്ടുകൾ എങ്ങനെ ആകർഷിക്കാമെന്ന അവസാനവട്ട തന്ത്രങ്ങൾ ആവിഷ്കരിച്ചാണ് മുന്നണികൾ ഇന്ന് പോളിങ് ബൂത്തിലേക്ക് എത്തുന്നത്.
കോട്ടയം ജില്ലയിലെ നഗരങ്ങളേക്കാൾ ഗ്രാമപ്രദേശങ്ങളിലാണ് തെരഞ്ഞെടുപ്പിന്‍റെ ചൂടും ചൂരും വ്യക്തം. നിലവിൽ 14 ജില്ല പഞ്ചായത്ത് ഡിവിഷനുകൾ ഭരിക്കുന്ന എൽ.ഡി.എഫ് ഇക്കുറി അതിലും കൂടുതൽ സീറ്റുകൾ നേടുമെന്ന പ്രതീക്ഷയിലാണ്. 11ൽ പത്ത് ബ്ലോക്ക് പഞ്ചായത്തുകളും ഇക്കുറി ഒപ്പം നിൽക്കുമെന്നും ഗ്രാമ പഞ്ചായത്തുകളും കൂടെ നിൽക്കുമെന്നും എൽ.ഡി.എഫ് കണക്കുകൂട്ടുന്നു.
എന്നാൽ ആറ് മുനിസിപ്പാലിറ്റികളും തങ്ങൾക്ക് അനുകൂലമാകുമെന്നാണ് യു.ഡി.എഫ് പ്രതീക്ഷ. പാലായുടെ കാര്യത്തിൽ മാത്രമാണ് അവർ അൽപം ആശങ്ക പുലർത്തുന്നത്. ജനകീയ വിഷയങ്ങളും ശബരിമലയും, വന്യജീവി ആക്രമണവും കാർഷിക വിളകളുടെ വിലയിടിവുമെല്ലാം ചർച്ചയായ തെരഞ്ഞെടുപ്പിൽ ജനഹിതം ആർക്കായിരിക്കും എന്നാണ് നെഞ്ചിടിപ്പോടെ മുന്നണികൾ നോക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

