വായ്പകൾ ‘ആപ്’ ആവരുത് ജീവന്
text_fieldsകോട്ടയം: വായ്പ ആപ്പുകളുടെ കെണിയിൽകുടുങ്ങിയവരിലേറെയും സാധാരണക്കാരായ വീട്ടമ്മമാർ. അറിവില്ലായ്മയും നിവൃത്തികേടും മുതലെടുത്താണ് വായ്പ ആപ്പുകൾ മുന്നേറുന്നത്. കടലാസുകളുടെ നൂലാമാലകളും ഓഫിസുകൾ കയറിയിറങ്ങലും ഇല്ലാതെ ഒറ്റ ക്ലിക്കിൽ പണം ലഭ്യമാവുമെന്നതാണ് ഇത്തരം വായ്പകളുടെ ആകർഷണം. പണം അനുവദിക്കാൻ ആധാർ, പാൻ തുടങ്ങിയ ഐ.ഡി പ്രൂഫുകൾ അയച്ചുനൽകിയാൽ മാത്രം മതിയാകും.
മൊബൈലിൽ ലോൺ ആപ് ഇൻസ്റ്റാൾ ചെയ്യുന്നതോടെ തട്ടിപ്പുകാർക്ക് ഫോണിലുള്ള വിവരങ്ങളും ഫോട്ടോകളും ലഭിക്കും. ലിങ്ക് മെസേജായി അയച്ച് അതിൽ അമർത്തിയാൽ വായ്പ അനുവദിക്കുമെന്ന വാഗ്ദാനങ്ങളും ഉണ്ട്. പണം അക്കൗണ്ടിൽ ഇടാതെ വായ്പ അനുവദിച്ചതായി മെസേജ് അയച്ച് തിരിച്ചടക്കാൻ ഭീഷണിപ്പെടുത്തുന്ന തട്ടിപ്പും സജീവം.
ഈ കെണിയിൽ വീണാൽ വാങ്ങിയതിനേക്കാൾ ഇരട്ടിയിലേറെ തുക തിരിച്ചടക്കേണ്ട അവസ്ഥയാവും. അടവ് മുടങ്ങിയാൽ ഭീഷണിയും. ഫോണിൽനിന്നു ശേഖരിച്ച ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിക്കുമെന്ന ഭീഷണികൂടി ആകുന്നതോടെ മാനസിക സമ്മർദത്തിലാവും. ഫോണിലെ കോൺടാക്റ്റ് ലിസ്റ്റിലുള്ളവർക്ക് ഈ ചിത്രം അയച്ചുനൽകുകയും ചെയ്യും. ലോൺ എടുക്കുമ്പോൾ കൊടുക്കുന്ന വിവരങ്ങൾ ആധാർ, പാൻ തുടങ്ങിയ ഐ.ഡി പ്രൂഫുകൾ ഉപയോഗിച്ച് നിങ്ങൾ ഫ്രോഡാണ് എന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കും.
കോൺടാക്റ്റ് ലിസ്റ്റിലുള്ള നമ്പറുകളിലേക്ക് നിങ്ങളുടെ ഫോണിൽനിന്നു കൈക്കലാക്കിയ സ്വകാര്യ ഫോട്ടോകൾ മോർഫ് ചെയ്ത് അശ്ലീല ഫോട്ടോകൾ ആക്കി അയച്ചുകൊടുക്കും. അവ സമൂഹമാധ്യമം വഴി പ്രചരിപ്പിക്കും എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യും. സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും ഫോട്ടോയും വിഡിയോയും ഫോണിൽ ഉണ്ടായിരുന്നുവെങ്കിൽ അവരുടെ മോർഫ് ചെയ്ത ഫോട്ടോ അവരുടെ നമ്പറിലേക്ക് അയച്ചുകൊടുത്ത് സുഹൃത്തുക്കളെക്കൊണ്ട് സമ്മർദത്തിലാക്കി പണം അടപ്പിക്കാൻ നിർബന്ധിതരാക്കും. ഈ ഭീഷണിക്ക് വഴങ്ങുന്ന ഉപഭോക്താവ് മറ്റൊരു ലോൺ ആപ്പിൽനിന്ന് പണം എടുക്കേണ്ട സ്ഥിതി വരുന്നു. ഇത് കാര്യങ്ങൾ കൂടുതൽ സങ്കീർണമാക്കുകയും വായ്പ എടുത്തയാൾ ആത്മഹത്യയിലേക്ക് പോകേണ്ട സ്ഥിതിവിശേഷം ഉണ്ടാവുകയും ചെയ്യും.
ആവശ്യപ്പെടാതെ വായ്പ; പിന്നെ ഭീഷണി
ആവശ്യപ്പെടാതെ വായ്പ സംഘം അക്കൗണ്ടിൽ ഇട്ട പണത്തിന്റെ പേരിൽ ദമ്പതികൾ അനുഭവിച്ച മാനസിക സമ്മർദവും പ്രയാസങ്ങളും ചില്ലറയല്ല. ഭീഷണിപ്പെടുത്തലും തുടർച്ചയായ ഫോൺവിളികളും നിമിത്തം ഉറക്കം പോലും നഷ്ടപ്പെട്ട ഇവർ ആവശ്യപ്പെട്ട പണം തിരിച്ചടച്ചാണ് ഈ ശല്യത്തിൽനിന്ന് തലയൂരിയത്. മൂലേടം സ്വദേശികളായ നാടക അധ്യാപകൻ ഷെമീറും ഭാര്യ ജെസീനയുമാണ് ഒരാഴ്ച തീതിന്നത്.
ഈ മാസം മൂന്നിന് 3300 രൂപ ജെസീനയുടെ അക്കൗണ്ടിൽ ക്രെഡിറ്റായതിനെ തുടർന്നാണ് സംഭവങ്ങളുടെ തുടക്കം. ആരയച്ചു എന്നറിയാത്തതിനാൽ ഷെമീർ ബാങ്കിൽ പോയി സ്റ്റേറ്റ്മെന്റ് എടുത്തു. എന്നാൽ, അതിൽ വിവരങ്ങളുണ്ടായിരുന്നില്ല. അക്കൗണ്ട് മാറി വന്നതായിരിക്കുമെന്നും ബാങ്കുകാർ വിളിക്കുമെന്നും കരുതി. അടുത്ത വെള്ളിയാഴ്ച ഉച്ചയോടെ വിളി വന്നു. നിങ്ങൾ എടുത്ത വായ്പ തിരിച്ചടക്കണമെന്നു പറഞ്ഞ്. ഹിന്ദിയോ മറാത്തിയോ എന്നു തിരിച്ചറിയാത്ത ഭാഷയായിരുന്നു. എന്നാൽ, താൻ വായ്പ എടുത്തിട്ടില്ലെന്ന് തനിക്കറിയാവുന്ന ഭാഷയിൽ ജെസീന പറഞ്ഞു.
ഇതൊന്നും കേൾക്കാതെ തിരിച്ച് വഴക്കു പറയുകയായിരുന്നു. അന്നു വൈകീട്ടുവരെ പല നമ്പറുകളിൽനിന്ന് ഇത്തരത്തിൽ വിളിവന്നു. 5700 രൂപ തിരിച്ചടക്കാനാണ് ആവശ്യപ്പെടുന്നത്. വാട്സ്ആപ്പിൽ മെസേജും. ഒരു തവണ മെസേജ് അയച്ചുകഴിഞ്ഞാലുടൻ ആ നമ്പർ ബ്ലോക്കാകും. പിന്നെ മറ്റൊരു നമ്പറിൽനിന്നാണ് മെസേജ് അയക്കുക. ആ നമ്പറിലേക്ക് തിരിച്ചുവിളിക്കാനും കഴിയുന്നില്ല.
ഫോണിലേക്ക് ജെസീനയുടെ ഫോട്ടോയും ആധാറിന്റെയും പാൻ കാർഡിന്റെയും കോപ്പിയും ഫോണിലെ കോണ്ടാക്റ്റ് ലിസ്റ്റും അയച്ചുകൊടുത്തു. ജെസീനയുടെ അനിയത്തിയെ വിളിച്ചും തിരിച്ചടക്കാൻ പറയണമെന്ന് ആവശ്യപ്പെട്ടു. ജെസീനക്ക് അയച്ച ഫോട്ടോകളും കോണ്ടാക്റ്റ് ലിസ്റ്റുകളും അനിയത്തിക്കും അയച്ചുകൊടുത്തു.
രണ്ടു ബന്ധുക്കളെയും ഇത്തരത്തിൽ വിളിച്ച് പണം തിരിച്ചടപ്പിക്കാൻ ആവശ്യപ്പെട്ടു. ഇതോടെ ബന്ധുവിന്റെ കടയിൽ നിൽക്കുന്ന ഹിന്ദി അറിയാവുന്ന ആളെക്കൊണ്ട് സംസാരിപ്പിച്ചു. വിളിക്കുന്നത് ഗുജറാത്തിൽനിന്നാണ് എന്നും ഹീറോ ആപ്പിൽനിന്ന് വായ്പ എടുത്തുമെന്നാണ് അയാളോട് പറഞ്ഞത്. പണം അടച്ചില്ലെങ്കിൽ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി.
ശനിയാഴ്ച വീണ്ടും വിളി തുടങ്ങി. 3300 രൂപ മാത്രം അടച്ചാൽ മതി എന്നു പറഞ്ഞു. ജെസീനയുടെ മോർഫ് ചെയ്ത ചിത്രം മൊബൈലിലേക്ക് അയച്ചുകൊടുക്കുകയും ചെയ്തു. ഇതോടെ ഭയന്നുപോയ ഇവർ എങ്ങനെയെങ്കിലും പ്രശ്നം അവസാനിപ്പിക്കാൻ തയാറായി. 6000 രൂപയാണ് ഇവർ ആവശ്യപ്പെട്ടത്. എസ്.ബി.ഐയുടെ യു.പി.ഐ ഐ.ഡിയും ഇതിനായി നൽകി. പണം നൽകിയതോടെ താൽക്കാലികമായി പ്രശ്നം അവസാനിച്ചു.
എന്നാൽ, ജെസീനയുടെ ഫോട്ടോകളും തിരിച്ചറിയൽ കാർഡുകളും അവരുടെ കൈവശം ഉള്ളതിനാൽ മനഃസമാധാനമില്ലാത്ത അവസ്ഥയാണ്. തന്റെ ഫോട്ടോകളും മറ്റു വിവരങ്ങളും എങ്ങനെ അവരുടെ കൈയിലെത്തി എന്ന് ജെസീനക്കറിയില്ല.
ഇതു സംബന്ധിച്ച് സൈബർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ആത്മഹത്യയിലേക്കെത്തിക്കും വിധമാണ് അവരുടെ ഭീഷണിയെന്നും മറ്റൊരാൾ ഇത്തരത്തിൽ കുടുങ്ങരുതെന്നു കരുതിയാണ് സംഭവം പുറത്തുപറയുന്നതെന്നും ജെസീന പറഞ്ഞു.
പൊലീസ് ചെയ്യുന്നത്
ഓൺലൈൻ വായ്പ ആപ് വഴിയുള്ള തട്ടിപ്പ് സംബന്ധിച്ച് ജില്ലയിൽ പൊലീസിന് ലഭിച്ചത് നൂറോളം പരാതികൾ. ഒരു പരാതിയിലും കേസെടുക്കാനായിട്ടില്ല. ഉത്തരന്ത്യേൻ സംഘങ്ങളായിരിക്കും ഇത്തരം ആപ്പുകൾ നിയന്ത്രിക്കുന്നത്. ഉപയോഗിക്കുന്നത് ചൈനീസ് ആപ്പുകളും. അതുകൊണ്ടുതന്നെ അവരിലേക്കെത്താൻ പരിമിതികളേറെയാണ്.
പരാതിയുമായി വരുന്നവരുടെ ഫോണിൽനിന്ന് വായ്പ ആപ് നീക്കി റീസെറ്റ് ചെയ്തു നൽകുകയാണ് പൊലീസ് ഇപ്പോൾ ചെയ്യുന്നത്. വായ്പ തിരിച്ചടക്കരുതെന്ന നിർദേശത്തോടൊപ്പം മാനസിക പിന്തുണയും ബോധവത്കരണവും നൽകുന്നു. വായ്പ സംഘങ്ങളുടെ കെണിയിൽപെടാതിരിക്കാൻ ജാഗ്രത പാലിക്കണമെന്ന് ജില്ല പൊലീസ് മേധാവി കെ. കാർത്തിക് പറഞ്ഞു.
മുന്നറിയിപ്പ്
1.ആർ.ബി.ഐ അംഗീകാരമുള്ള സുരക്ഷിത ആപ്പുകളിൽനിന്നോ ലിങ്കുകളിൽനിന്നോ ആണ് ലോൺ എടുക്കുന്നതെന്ന് ഉറപ്പുവരുത്തുക
2.ആർ.ബി.ഐ അംഗീകാരമില്ലാത്ത എല്ലാ ലോൺ ആപ്പുകളും വ്യാജ ലോൺ ആപ്പുകളാണ്.
3.ലോൺ എടുക്കാൻ ബാങ്കിനെയോ നോൺ ബാങ്കിങ് ഫിനാൻഷ്യൽ കോർപറേഷനയോ സമീപിക്കുക
4.തിരിച്ചടവുകൾ ലളിതമാക്കിയും തവണ വ്യവസ്ഥകളിൽ തിരിച്ചടവ് കാലാവധി ദീർഘിപ്പിച്ചും പണം തിരിച്ചടക്കാം എന്ന വ്യാജ പരസ്യങ്ങളിൽ വഞ്ചിതരാകാതിരിക്കുക.
5.നിങ്ങളുടെ ലോൺ അപ്രൂവ് ചെയ്തിരിക്കുന്നു, ലോണിന്റെ പ്രോസസിങ്ങിനായി ഒരു തുക അടക്കുക എന്ന് ആവശ്യപ്പെട്ടാൽ മനസ്സിലാക്കുക അതൊരു തട്ടിപ്പാണ്.
6.വ്യാജ ലോൺ ആപ്പുകൾ നിങ്ങളുടെ ഫോണിൽ ഇൻസ്റ്റാൾ ചെയ്യുന്നത് വഴി നിങ്ങളുടെ ഫോണിലെ എല്ലാ വിവരങ്ങളും അവർ ചോര്ത്തിയെടുക്കുകയും അതിലൂടെ നിങ്ങളുടെ മുഴുവൻ കോൺടാക്ട് ലിസ്റ്റും ഫോട്ടോകളും വിഡിയോകളും തട്ടിപ്പ് സംഘങ്ങൾക്ക് ലഭിക്കുകയും അത് പിന്നീട് നിങ്ങളെ ഭീഷണിപ്പെടുത്താൻ ഉപയോഗിക്കുകയും ചെയ്യും.
7.വായ്പ തുക മുഴുവൻ തിരിച്ചടച്ചാലും പൈസ അടച്ചിട്ടില്ല എന്ന തരത്തിൽ നിങ്ങളുടെ നമ്പറിലേക്ക് നിരന്തരം ഫോൺ ചെയ്ത് ഭീഷണിപ്പെടുത്തുകയും പിന്നീട് നിങ്ങളുടെ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും നമ്പറുകളിൽ വിളിച്ച് നിങ്ങളെപ്പറ്റി അപവാദ പ്രചരണം നടത്തുകയും ചെയ്യും.
8.വ്യാജ ലോൺ ആപ്പുകൾ ഫോണിൽ ഇൻസ്റ്റാൾ ചെയ്യുക വഴി, ലോൺ എടുത്തിട്ടില്ലെങ്കിൽ പോലും ലോണെടുത്തതായി കണക്കാക്കി പണം ഈടാക്കാൻ ശ്രമം ഇവർ നടത്തും.