‘കണ്ണുണ്ടായാൽ പോരാ, കാണണം’; തകർന്ന ഗാലറിയുടെ കീഴിൽ ജീവനും വ്യാപാരവും
text_fieldsനാഗമ്പടം നെഹ്റു സ്റ്റേഡിയത്തിന് താഴെ കടമുറിയിൽ പ്രവർത്തിക്കുന്ന വർക്ക്ഷോപ്
കോട്ടയം: തകർച്ചയുടെ വക്കിൽ തുടരുന്ന നാഗമ്പടം സ്റ്റേഡിയത്തിന്റെ ഗാലറികൾ, ചോർച്ചയും വൃത്തിഹീനവുമായ കടമുറികളിൽ വ്യാപാരികളും. 52 വർഷം പഴക്കമുള്ള നാഗമ്പടം നെഹ്റു സ്റ്റേഡിയത്തിനെയാണ് അധികൃതർ മനഃപൂർവം മറക്കുന്നത്. 106 കടമുറികളാണ് ഇവിടെയുള്ളത്. എന്നാൽ, നിലവിൽ പ്രവർത്തിക്കുന്നത് 30ൽ താഴെ മാത്രം. ഇവ സ്ഥിതിചെയ്യുന്നത് ശോച്യാവസ്ഥയിലും. സ്റ്റേഡിയത്തിന്റെ ഗാലറി പണിത കാലംമുതൽ ഇവിടെ സ്ഥാപനം നടത്തുന്നവരുണ്ട്.
ഭിത്തിയും മേൽക്കൂരയും പൊട്ടിപ്പൊളിഞ്ഞ് വീഴാറായി. മുറികളുടെ മേൽഭാഗത്തെ കോൺക്രീറ്റ് അടർന്ന് വീഴുന്ന നിലയിലും. മഴക്കാലത്ത് ചോർച്ചയും വെള്ളക്കെട്ടും. കടക്കുള്ളിൽ വെള്ളം കയറുന്നതും വെല്ലുവിളിയാണ്. വെള്ളപ്പൊക്കമാകുമ്പോൾ കടയിലെ സാധനങ്ങൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റണം. വെളിച്ചമില്ലാത്ത കെട്ടിടങ്ങളുമുണ്ട്. ഒഴിഞ്ഞമുറികൾ സാമൂഹികവിരുദ്ധരുടെ കേന്ദ്രവുമായി.
വാടക കൃത്യമായി ഈടാക്കുന്നതല്ലാതെ കടമുറിയുടെ ശോച്യാവസ്ഥയിൽ നഗരസഭക്ക് മറുപടിയില്ല. നിലവിൽ 4000 രൂപയാണ് വാടക. സ്റ്റേഡിയത്തിന്റെ ഗാലറികൾ ഇടിഞ്ഞു തുടങ്ങിയിട്ട് വർഷങ്ങളായി. മഴമൂലം ഭിത്തികൾ കുതിർന്ന് ഏത് നിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലുമാണ്. കോട്ടയത്ത് നടന്ന നവകേരള സദസ്സിൽ പങ്കെടുക്കാൻ സ്റ്റേഡിയത്തിലെത്തിയ മുഖ്യമന്ത്രി സ്റ്റേഡിയം നവീകരണത്തിനായി പദ്ധതി സമർപ്പിക്കാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, പിന്നീട് ഔദ്യോഗികതലത്തിൽ ഒരു നടപടിയും ഉണ്ടായില്ല.
നടപ്പാക്കിയ ചെറിയ പദ്ധതികളുടെ തുകപോലും ഇപ്പോഴും ലഭിക്കാത്ത സാഹചര്യത്തിൽ ധിറുതിയിൽ ചെയ്തുതീർക്കേണ്ടതല്ല സ്റ്റേഡിയത്തിന്റെ നവീകരണമെന്നും കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ സാമ്പത്തിക സഹായത്തോടെ ആധുനികരീതിയിൽ പൂർത്തിയാക്കേണ്ടതാണ് സ്റ്റേഡിയമെന്നും നഗരസഭ അധികൃതർ പറയുന്നു.
കടമുറികൾക്ക് ലൈസൻസ് പുതുക്കി നൽകുന്നതുകൊണ്ടാണ് പ്രവർത്തിക്കുന്നതെന്ന് ഉടമകൾ പറയുമ്പോൾ വ്യാപാരികൾ കടകൾ വിട്ടുനൽകാൻ വിസമ്മതിക്കുന്നുവെന്നാണ് നഗരസഭ അധികൃതരുടെ പക്ഷം. മഴക്കാലത്ത് ഇവിടെ ജോലിചെയ്യുന്ന തൊഴിലാളികളുടെ ആരോഗ്യം സുരക്ഷിതമല്ല. പലയിടത്തും പഴക്കംചെന്ന കെട്ടിടങ്ങൾ തകർന്ന് അപകടങ്ങൾ ആവർത്തിക്കുമ്പോഴും അധികൃതരുടെ കൺമുന്നിൽ നോട്ടമെത്താതെ കിടക്കുകയാണ് സ്റ്റേഡിയവും പഴക്കംച്ചെന്ന കടമുറികളും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

