ഓണം കളറാക്കാം; കുടുംബശ്രീ 155 ഓണച്ചന്ത തുടങ്ങും
text_fieldsകുടുംബശ്രീ നേതൃത്വത്തിൽ ഒരുക്കിയ പൂകൃഷി
കോട്ടയം: കുടുംബശ്രീ ഓണച്ചന്തകൾക്ക് ഒരുക്കം പൂർത്തിയായി. കുടുംബശ്രീ ഉൽപന്നങ്ങളുടെ വൈവിധ്യവും ഗുണമേന്മയും പൊതുജനങ്ങളിലേക്ക് എത്തിക്കുകയും കൂടുതൽ സ്വീകാര്യത നേടിക്കൊടുക്കുകയും ചെയ്യുന്നതിനാണ് ഇത്തവണ പ്രാധാന്യം നൽകുന്നത്. ജില്ല മിഷന്റെ ആഭിമുഖ്യത്തിൽ 30 മുതൽ സെപ്റ്റംബർ നാലു വരെ 155 ഓണച്ചന്തകളാണ് സംഘടിപ്പിക്കുന്നത്.
തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ ഓരോ കുടുംബശ്രീ സി.ഡി.എസുകളുടെയും നേതൃത്വത്തിലാണ് മേള. ഓരോ സി.ഡി.എസും കുറഞ്ഞത് രണ്ട് ഓണച്ചന്ത മൂന്നു മുതൽ അഞ്ചു ദിവസം വരെ സംഘടിപ്പിക്കും. സംരംഭകർ, ഉപഭോക്താക്കൾ, കുടുംബശ്രീ പ്രവർത്തകർ, തദ്ദേശ സ്ഥാപനങ്ങൾ, കുടുംബശ്രീ ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിധ്യവും സഹകരണവും ഓണച്ചന്തകൾക്ക് സജീവത കൂട്ടും.
ജില്ലയിലെ 5000ത്തോളം സംരംഭ യൂനിറ്റുകൾക്ക് വരുമാനം ലഭ്യമാക്കുകയാണ് പ്രധാന ലക്ഷ്യം. സ്റ്റാളുകളിൽ കുടുംബശ്രീയുടെ ബ്രാൻഡഡ് ഉൽപന്നങ്ങൾ ഉൾപ്പെടെ ലഭ്യമാക്കും. ശർക്കര വരട്ടി, ഉപ്പേരി, പായസം, പുളിയിഞ്ചി, കാളൻ, അച്ചാറുകൾ, കാർഷിക ഉൽപന്നങ്ങൾ, പച്ചക്കറികൾ, കരകൗശല വസ്തുക്കൾ, ബന്ദി, ജമന്തി, വാടാമുല്ല പൂക്കൾ തുടങ്ങിയവയും ജെ.എൽ.ജി യൂനിറ്റുകളിൽ നിന്നുള്ള പച്ചക്കറികളും ലഭ്യമാക്കും.
കുടുംബശ്രീ ഉൽപന്നങ്ങൾ അടങ്ങിയ 750 രൂപ വിലയുള്ള ഓണകിറ്റ് കൂപ്പൺ സിസ്റ്റത്തിലൂടെ അഡ്വാൻസ് ഓർഡർ ആയി ലഭ്യമാക്കും. ഓണച്ചന്ത സംഘടിപ്പിക്കുന്നതിന് ഓരോ സി.ഡി.എസുകൾക്കും ജില്ല മിഷൻ 20,000 രൂപ വീതം സഹായം നൽകും. ചങ്ങനാശ്ശേരി പുതൂർ പള്ളി കോംപ്ലക്സ് ഗ്രൗണ്ടിലാണ് ജില്ല തല ഓണ വിപണന മേള. ഉത്രാട ദിവസം വൈകുന്നേരത്തോടെ ഓണച്ചന്ത സമാപിക്കും.
നാടൻ പൂക്കളും പച്ചക്കറിയും തയാർ
ഏറ്റുമാനൂർ: ഓണം കളറാക്കാൻ തെരുവോരങ്ങളിൽ ഇത്തവണ കുടുംബശ്രീയും കൃഷിവകുപ്പും ഒന്നിച്ചിറങ്ങും. ജില്ലയിലെ 2000 ഹെക്ടറിൽ വിളയിച്ച തനി നാടൻ പച്ചക്കറിയുമായാണ് കൃഷിവകുപ്പ് ഓണവിപണി കൈയടക്കാൻ ഒരുങ്ങുന്നത്. വിവിധ സി.ഡി.എസുകളുടെ കീഴിലായി നട്ടുനനച്ച 208 ഏക്കറിലെ പുഷ്പകൃഷിയുമായാണ് കുടുംബശ്രീ പൂ വിപണിയിലെത്തുക. വിഷമില്ലാത്ത തനി നാടൻ പച്ചക്കറിയും ഫലവ്യഞ്ജനങ്ങളും ന്യായവിലയിൽ ഉപഭോക്താക്കളിലെത്തിക്കുകയാണ് കൃഷി വകുപ്പ് ലക്ഷ്യം.
ഓണവിപണി ലക്ഷ്യംവച്ച് ‘നിറ പൊലിമ’ പദ്ധതിപ്രകാരം സർക്കാർ സഹായത്തോടെ 208 ഏക്കറിലാണ് കുടുംബശ്രീ പുഷ്പകൃഷി ഇറക്കിയത്. ജില്ലയിൽ ഏറ്റവും കൂടുതൽ പുഷ്പകൃഷി കുറിച്ചി പഞ്ചായത്തിലാണ്. 25 ജെ.എൽ.ജി. ഗ്രൂപ്പുകൾ ചേർന്ന് ഇവിടെ 10 ഏക്കറിലാണ് പുഷ്പകൃഷി ചെയ്തത്. 10 ജെ.എൽ.ജി. ഗ്രൂപ്പുകൾ ചേർന്ന് എട്ട് ഏക്കറിൽ കൃഷി ഇറക്കിയ ചിറക്കടവ് പഞ്ചായത്തിനാണ് തൊട്ടു പിന്നിൽ. 6.5 ഏക്കർ കൃഷിയുമായി നീണ്ടൂർ, അതിരമ്പുഴ പഞ്ചായത്തുകൾ ഒപ്പത്തിനൊപ്പമാണ്.
നെടുംകുന്നം, കടനാട്, പാറത്തോട് പഞ്ചായത്തുകളിൽ ശരാശരി നാലേക്കറിലാണ് പുഷ്പകൃഷി. ബന്ദി, ജമന്തി, വാടാമുല്ല തുടങ്ങിയവയെല്ലാം പൂത്തുലഞ്ഞുനിൽക്കുകയാണ്. ഇടക്കിടെ പെയ്യുന്ന മഴ പ്രതികൂലമാകുന്നുണ്ടെങ്കിലും എല്ലായിടത്തും മികച്ച വിളവാണ്. പൂക്കള മത്സരങ്ങൾക്ക് നാടൻ പൂക്കൾക്ക് വലിയ സ്വീകാര്യതയാണ്. ഓണം അടുത്തതോടെ പല സ്കൂളുകളും കോളജുകളും പൂക്കൾ ബുക്ക് ചെയ്തു തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞവർഷം 95 ഏക്കർ പുഷ്പകൃഷിയിൽനിന്ന് 10,25,000 രൂപയാണ് കുടുംബശ്രീ നേടിയത്. 40 ശതമാനമായിരുന്നു ലാഭം. ഇക്കുറി 30 ലക്ഷം രൂപയുടെ കച്ചവടമാണ് കുടുംബശ്രീ പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

