ആറ് വീടുകൾ പുനർ നിർമിച്ചു; പനച്ചിക്കാട് ആകെ മാറി
text_fieldsപനച്ചിക്കാട് കോളനിയിൽ ജില്ല ലീഗൽ സർവീസ് അതോറിറ്റി പുതുക്കി പണിത വീടുകളിലൊന്ന്. ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയും
സബ് ജഡ്ജുമായ ജി. പ്രവീൺ കുമാർ സമീപം
കോട്ടയം: ആറ് മാസം മുമ്പ് പനച്ചിക്കാട് മലവേടൻ ഉന്നതിയിൽ ചെന്ന ജില്ല ലീഗൽ സർവീസ് അതോറിറ്റി ഭാരവാഹികൾ കണ്ട കാഴ്ചകൾ അതിദയനീയമായിരുന്നു. പാതി തകർന്ന വീടുകൾ, അടച്ചുറപ്പില്ലാത്ത വാതിലുകൾ, ഉപയോഗ ശൂന്യമായ ശുചിമുറികൾ... ആറു മാസം പിന്നിടുമ്പോൾ കാഴ്ച മാറി. മൂന്ന് വീടുകൾ അടക്കം ഇപ്പോൾ ആറ് വീടുകൾ രണ്ടു ഘട്ടങ്ങളിലായി പൂർണമായോ ഭാഗികമായോ പുനർ നിർമിച്ചു.
ചോർന്നൊലിക്കുന്ന മേൽക്കൂരകൾക്ക് പരിഹാരമായി. തകർന്ന തറകൾ പലതും ടൈൽ പാകി മിനുസപ്പെടുത്തി. പഴകി പൊളിഞ്ഞ വയറിങ്ങുകൾ മാറ്റി പുതിയത് സ്ഥാപിച്ചു. ഉപയോഗശൂന്യമായ ശുചിമുറികൾക്കു പകരം പുതിയവ നിർമിച്ചു. ലീഗൽ സർവീസസ് അതോറിറ്റിയുടെ ഇടപെടലിൽ സാധ്യമായതാണ് ഇതെല്ലാം.
കോട്ടയം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയും സീനിയർ സിവിൽ ജഡ്ജുമായ ജി. പ്രവീൺ കുമാർ ആറു മാസങ്ങൾക്ക് മുൻപ് കോളനി സന്ദർശിച്ചപ്പോഴായിരുന്നു അതിദയനീയമായ കാഴ്ചകൾ കണ്ടത്. തുടർന്നാണ് ഇക്കഴിഞ്ഞ മാർച്ച് 28 ന് പനച്ചിക്കാട് മലവേടൻ ട്രൈബൽ ഉന്നതിയെ ലീഗൽ സർവീസസ് അതോറിറ്റി ഏറ്റെടുത്തത്. ഓണനാളിൽ ഉന്നതിയിലെ നിവാസികൾക്ക് മുഴുവൻ ഓണക്കോടിയും ഓരോ കുടുംബത്തിനും ഓണക്കിറ്റും നൽകി.
റോട്ടറി ക്ലബ്ബും നല്ല മനസ്സിനുടമകളായ ചിലരും സഹപ്രവർത്തകരും പാരാലീഗൽ വാളണ്ടിയർമാരും, പാനൽ ലോയർമാരും കോളനിയുടെ മാറ്റത്തിനായി സഹായിക്കുന്നതായി ജി. പ്രവീൺ കുമാർ പറഞ്ഞു. അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനൊപ്പം അവർക്ക് തൊഴിൽ പരിശീലനമടക്കം നൽകി ജീവിത നിലവാരം ഉയർത്തി മുഖ്യധാരയിലെത്തിക്കുകാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

