അവകാശവാദവുമായി നേതാക്കൾ; കോട്ടയം സീറ്റിനായി ജോസഫ് ഗ്രൂപ്പിൽ ചർച്ച
text_fieldsകോട്ടയം: ലോക്സഭ സീറ്റ് വിഭജനചർച്ചകളിലേക്ക് യു.ഡി.എഫ് കടന്നതിനുപിന്നാലെ, കോട്ടയം സീറ്റിനായി കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിൽ കൂട്ടയിടി. പാർട്ടി ഡെപ്യൂട്ടി ചെയർമാൻ കെ. ഫ്രാൻസിസ് ജോർജ്, കെ.എം. മാണിയുടെ മരുമകനും മുൻ ഐ.എ.എസ് ഉദ്യോഗസ്ഥനായ എ.പി. ജോസഫ്, പി.സി. തോമസ് എന്നിവരെ മുൻനിർത്തിയുള്ള ചർച്ചകൾക്കിടെ, പരസ്യഅവകാശവാദവുമായി ജില്ല പ്രസിഡന്റ് സജി മഞ്ഞക്കടമ്പിലും രംഗത്തെത്തി.
കോട്ടയം സീറ്റില്‍ മത്സരിക്കാനുള്ള ആഗ്രഹം പാർട്ടി ചെയർമാൻ പി.ജെ. ജോസഫിനെ അറിയിച്ചതായും പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സജി മഞ്ഞക്കടമ്പിൽ പറഞ്ഞു. പാർട്ടിയിൽ ഫ്രാന്‍സിസ് ജോര്‍ജിന്റെ പേരിനാണ് മുൻതൂക്കമെന്ന സൂചനകൾക്കിടെയാണ്, സീറ്റ് ആവശ്യപ്പെട്ട് സജി രംഗത്തെത്തിയത്.
കോട്ടയത്ത് മത്സരിക്കാന്‍ ആളില്ലാത്ത പാര്‍ട്ടിയല്ല കേരള കോണ്‍ഗ്രസെന്ന് സജി മാധ്യമപ്രവർത്തകരോട് പറഞ്ഞു. നിരവധി നേതാക്കളുണ്ട്. ഫ്രാന്‍സിസ് ജോര്‍ജിന് അയോഗ്യതയുണ്ടെന്ന് കരുതുന്നില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അദ്ദേഹം മത്സരിച്ചിരുന്നുവെന്ന് ഓര്‍മിപ്പിച്ച സജി മഞ്ഞക്കടമ്പില്‍, തനിക്ക് സാധ്യതയുണ്ടെന്ന് പ്രതീക്ഷിക്കുന്നതായും പറഞ്ഞു.
ജനങ്ങളുമായി ബന്ധപ്പെട്ട് നില്ക്കുന്ന ആളാണ് താൻ. നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പാര്‍ട്ടി ചെയര്മാന് ആവശ്യപ്പെട്ടിരുന്നു. പൂഞ്ഞാറിലാണ് മത്സരിക്കാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ പിന്നീട് അത് കോണ്‍ഗ്രസിന് നല്‍കേണ്ടി വന്നു. ഏറ്റുമാനൂരിൽ മത്സരിക്കാന്‍ തയാറാണെന്ന് പറഞ്ഞപ്പോള്‍ മറ്റൊരു സ്ഥാനാര്‍ഥിയെ പാര്‍ട്ടി രംഗത്തിറക്കി.
പാര്‍ട്ടി മാറി നില്ക്കാന് പറഞ്ഞപ്പോള്‍ അനുസരിച്ചു. പാര്‍ട്ടിക്കോ യു.ഡി.എഫിനോ ക്ഷീണമുണ്ടാകുന്ന ഒരു കാര്യത്തിനും പോയിട്ടില്ല. നിയമസഭയിലേക്ക് മത്സരിപ്പിച്ചിരുന്നെങ്കില്‍ ലോക്സഭ സീറ്റിനായി അവകാശവാദം ഉന്നയിക്കുമായിരുന്നില്ലെന്നും സജി മഞ്ഞക്കടമ്പിൽ പറഞ്ഞു.
മുൻ ഐ.എ.എസ് ഉദ്യോഗസ്ഥനും കെ.എം. മാണിയുടെ മരുമകനുമായ എം.പി.ജോസഫിനായും ഒരുവിഭാഗം രംഗത്തുണ്ട്. മാണിയുടെ കുടുംബത്തില്‍ നിന്നൊരാള്‍ മല്‍സരിക്കുന്നത് തെരഞ്ഞെടുപ്പില്‍ നേട്ടമാകുമെന്നാണ് ജോസഫിനെ അനുകൂലിക്കുന്നവരുടെ വാദം. മത്സരിക്കാന്‍ തനിക്ക് അയോഗ്യതയൊന്നുമില്ലെന്ന് ജോസഫും നേരത്തെ വ്യക്തമാക്കിയിരുന്നു. ദീര്‍ഘകാലം ഇടുക്കി കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച ഫ്രാന്‍സിസ് ജോര്‍ജിനെ കോട്ടയത്ത് മല്‍സരിപ്പിക്കുന്നത് തിരിച്ചടിയാകുമെന്ന വാദവും പാർട്ടിയിൽ ഉയരുന്നുണ്ട്.
കോട്ടയത്ത് ജനകീയരായ, ജയസാധ്യതയുള്ളവരെ സ്ഥാനാർഥിയാക്കണമെന്നാണ് കോൺഗ്രസ് നേതൃത്വം ജോസഫ് ഗ്രൂപ്പിനോട് ആവശ്യപ്പെട്ടത്. മോൻസ് ജോസഫ് എം.എൽ.എയെ മത്സരിപ്പിക്കണമെന്നാണ് നിർദേശവും ഇവർ മുന്നോട്ടുവെച്ചു. എന്നാൽ, താൽപര്യമില്ലെന്ന് മോൻസ് അറിയിച്ചു. പി.സി. തോമസ് മത്സരിക്കുന്നതിനോട് താൽപര്യമില്ലെന്നും കോൺഗ്രസ് നേതൃത്വം പി.ജെ. ജോസഫിനെ അറിയിച്ചിട്ടുണ്ട്.
കോട്ടയം ലോക്സഭ സീറ്റ് നൽകിയുള്ള യു.ഡി. എഫിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിനുശേഷമേ, സ്ഥാനാർഥി ചർച്ചകളിലേക്ക് കടക്കൂവെന്നാണ്പാർട്ടി നേതൃത്വം വിശദീകരിക്കുന്നത്. കേരള കോണ്‍ഗ്രസ് എമ്മിന്റെ തോമസ് ചാഴിക്കാടനാണ് നിലവില്‍ കോട്ടയം എം.പി. കഴിഞ്ഞതവണ യു.ഡി.എഫ്. സ്ഥാനാര്‍ഥിയായി മത്സരിച്ച ഇദ്ദേഹം നിലവില്‍ എല്‍.ഡി.എഫിനൊപ്പമാണ്. വീണ്ടും മത്സരിക്കാൻ ഒരുങ്ങുന്ന ചാഴിക്കാടൻ അനൗദ്യോഗികമായി പ്രചാരണവും ആരംഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

