തോൽവിയിൽ ഞെട്ടി എൽ.ഡി.എഫ്; കോട്ടയം നഗരസഭയിലേതുൾപ്പെടെ തോൽവിക്ക് സി.പി.എം നേതാവ് ‘പ്രതിക്കൂട്ടിൽ’
text_fieldsകോട്ടയം: എല്ലാ പ്രതീക്ഷകളും അസ്ഥാനത്താക്കി ജില്ലയിലേറ്റ കനത്ത പ്രഹരത്തിൽ പകച്ച് ഇടതുമുന്നണി. കനത്ത തോൽവി സ്വപ്നത്തിൽപോലും എൽ.ഡി.എഫ് ജില്ല നേതൃത്വം പ്രതീക്ഷിച്ചിരുന്നില്ല. ഒമ്പത് നിയമസഭാ മണ്ഡലത്തിൽ എട്ടിലും പൂർണമായും യു.ഡി.എഫിന് മുന്നിൽ അടിപതറിയ എൽ.ഡി.എഫിന് അൽപമെങ്കിലും ആശ്വാസം വൈക്കമാണ്. മന്ത്രി വി.എൻ. വാസവന്റെ മണ്ഡലത്തിൽ ഉൾപ്പെട്ട കുമരകം ജില്ല പഞ്ചായത്ത് ഡിവിഷനിൽ യു.ഡി.എഫ് അട്ടിമറി നേടിയത് സി.പി.എമ്മിനെ ഏറെ ഞെട്ടിച്ചിരിക്കുകയാണ്. തോൽവിയിൽ എൽ.ഡി.എഫ് ഘടകകക്ഷികൾ തമ്മിലുള്ള അഭിപ്രായ വ്യത്യാസത്തിലേക്ക് കാര്യങ്ങൾ കൊണ്ടുപോകുന്നതായാണ് വിവരം.
മുനിസിപ്പാലിറ്റികളിലെ ഭരണം നഷ്ടപ്പെട്ടാലും ജില്ല പഞ്ചായത്ത്, ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകൾ ഒരിക്കലും കൈയിൽനിന്ന് പോകില്ലെന്ന ഉറച്ച വിശ്വാസമായിരുന്നു എൽ.ഡി.എഫിന്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ജില്ല പഞ്ചായത്ത് ഡിവിഷനുകളിൽ നേടിയ 14 സീറ്റ് 16 വരെയാകുമെന്ന് പ്രതീക്ഷിച്ചിരുന്ന എൽ.ഡി.എഫിന് പക്ഷേ, കഴിഞ്ഞതിന്റെ പകുതി സീറ്റ് മാത്രമേ നേടാൻ സാധിച്ചുള്ളൂ. ബ്ലോക്ക് പഞ്ചായത്തുകളിൽ 11 ൽ പത്തുണ്ടായിരുന്ന എൽ.ഡി.എഫ് ഇക്കുറി അത്രയും സീറ്റ് പ്രതീക്ഷിച്ചിരുന്നെങ്കിലും രണ്ടിടത്ത് മാത്രമേ ജയിക്കാനായുള്ളൂയെന്ന് അവർക്ക് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല. തങ്ങൾക്ക് ഏറെ സ്വാധീനമുണ്ടായിരുന്ന സ്ഥലങ്ങളിൽപോലും ഏറ്റ ഈ തോൽവി എൽ.ഡി.എഫിനെ ഇരുത്തി ചിന്തിപ്പിക്കുകയാണ്.
ഗ്രാമപഞ്ചായത്തുകളിലും എൽ.ഡി.എഫ് പ്രതീക്ഷ നഷ്ടപ്പെടുന്ന കാഴ്ചയാണ് കണ്ടത്. 71 ഗ്രാമപഞ്ചായത്തുകളിൽ കഴിഞ്ഞതവണ 51 എണ്ണം നേടിയ എൽ.ഡി.എഫ് പക്ഷെ ഇക്കുറി 44 സീറ്റുകൾ നേടിയ യു.ഡി.എഫിന് മുന്നിൽ വീണു. സി.പി.എമ്മിനാണ് ഏറെ പ്രഹരം ഏൽക്കേണ്ടിവന്നതെന്നതാണ് പ്രധാനകാര്യം.
കേരള കോൺഗ്രസ് എം അവരുടെ തട്ടകമായ പാലായിലുൾപ്പെടെ പിടിച്ചുനിന്നപ്പോൾ സ്വന്തം ചിഹ്നം ഉപേക്ഷിച്ച അവിടെ മൽസരിച്ച ഘടകകക്ഷികൾക്ക് ജനം ജയം സമ്മാനിച്ചില്ലെന്നത് മറ്റൊരു സത്യം. കോട്ടയം ഉൾപ്പെടെ മുനിസിപ്പാലിറ്റികളിലും ഇത്തരമൊരു പരാജയം എൽ.ഡി.എഫ് സ്വപ്നം കണ്ടുകാണില്ല. കഴിഞ്ഞതവണത്തെപ്പോലെ ഇഞ്ചോടിച്ച് പോരാട്ടമാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും ഫലം വന്നപ്പോൾ എല്ലാംപാളി. കോട്ടയം നഗരസഭയിലേതുൾപ്പെടെ തോൽവിക്ക് ഒരു പ്രമുഖ സി.പി.എം നേതാവ് പ്രതിക്കൂട്ടിലായിരിക്കുകയാണ്.
അനാവശ്യ വിവാദങ്ങളും പരാമർശങ്ങളും ഇദ്ദേഹം നിരന്തരം നടത്തിയത് ഇടതുസ്ഥാനാർഥികളുടെ തോൽവിയുടെ ആക്കം കൂട്ടിയെന്ന വിലയിരുത്തലുമുണ്ട്. പലയിടങ്ങളിലേയും തോൽവികൾക്ക് എൽ.ഡി.എഫ് ഘടകകക്ഷികൾ പരസ്പരം പഴിചാരുന്നുമുണ്ട്. വിജയിക്കാൻ സാധിക്കുന്ന പല സീറ്റുകളിലും ശരിയായ പ്രവർത്തനം നടന്നിട്ടില്ലെന്ന ആക്ഷേപമാണ് അവർ പരസ്പരം ഉന്നയിക്കുന്നത്. നിയമസഭ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ ജില്ലയിലുണ്ടായ ഈ വലിയ പരാജയം എൽ.ഡി.എഫ് നേതൃത്വത്തെ ഇരുത്തി ചിന്തിപ്പിക്കുകയാണ്. ദിവസങ്ങൾക്കുള്ളിൽ മുന്നണി യോഗം ചേർന്ന് തോൽവിയുടെ കാരണങ്ങൾ ചർച്ച ചെയ്യുമെന്നാണ് നേതൃത്വം നൽകുന്ന വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

