കോട്ടയം ജില്ലയിൽ കഴിഞ്ഞവർഷം കുഷ്ഠരോഗം ബാധിച്ചത് 29 പേർക്ക്
text_fieldsകോട്ടയം: ജില്ലയിൽ കുഷ്ഠരോഗികളുടെ എണ്ണത്തിൽ വൻവർധന. 2023 മാർച്ചിൽ അവസാനിച്ച സാമ്പത്തികവർഷം 29 പേർക്കാണ് രോഗം ബാധിച്ചത്. ആദ്യമായാണ് ഇത്രയധികം രോഗികളെ കണ്ടെത്തുന്നത്. രോഗം ബാധിച്ചവരിൽ പകുതിയിലേറെയും അന്തർസംസ്ഥാന തൊഴിലാളികളാണ്. ഈ വർഷം നാലുമാസം പിന്നിട്ടപ്പോൾ നാലു കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
കോവിഡ് ബാധയുണ്ടായ വർഷങ്ങളിൽ ആശുപത്രികളിൽ പരിശോധനക്കെത്താൻ കഴിയാതിരുന്നതാണ് കുഷ്ഠരോഗികളുടെ എണ്ണത്തിൽ കഴിഞ്ഞ വർഷം വൻവർധനയുണ്ടാകാൻ കാരണമെന്നാണ് ആരോഗ്യവകുപ്പിന്റെ അനുമാനം. കോവിഡ് സമയത്ത് രോഗം കണ്ടെത്തിയവരുടെ എണ്ണം വളരെ കുറവായിരുന്നതായും അധികൃതർ പറയുന്നു.
2021-22ൽ സംസ്ഥാനത്ത് 374 പേരിലും ജില്ലയിൽ ആറുപേരിലുമാണ് കുഷ്ഠരോഗം കണ്ടെത്തിയത്. ഇവയിൽ 295 എണ്ണം ദീർഘകാലമായുള്ള അഞ്ചിൽ കൂടുതൽ പാടുകളോടുകൂടിയുള്ള കുഷ്ഠരോഗവും( മൾട്ടി ബാസിലറി) 21 എണ്ണം വൈകല്യം ബാധിച്ചു കഴിഞ്ഞവയുമായിരുന്നു. 15 കുട്ടികളിലും രോഗം കണ്ടെത്തി.
അടുത്തിടെ ഇടുക്കിയിലും അന്തർ സംസ്ഥാന തൊഴിലാളികൾക്കിടയിൽ വീണ്ടും കുഷ്ഠരോഗം റിപ്പോർട്ട് ചെയ്തിരുന്നു.
കുഷ്ഠരോഗ നിർണയത്തിനായുള്ള ഭവന സന്ദർശന യജ്ഞം ‘അശ്വമേധം’ അടുത്തഘട്ടം ഒക്ടോബറോടെ ആരംഭിക്കും. കുഷ്ഠരോഗം ബാധിച്ചിട്ടുണ്ടെങ്കിലും തിരിച്ചറിയാത്തതിനാൽ ചികിത്സ ലഭിക്കാതെ കഴിയുന്നവരെ കണ്ടെത്തി ചികിത്സ നൽകുന്നതിനാണ് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പദ്ധതി നടപ്പാക്കുന്നത്. ആശ പ്രവർത്തകർ, വളന്റിയർമാർ എന്നിവരുടെ നേതൃത്വത്തിൽ ഭവനസന്ദർശനം നടത്തും. വീടുകളിലുള്ളവരുടെ ത്വക് പരിശോധിച്ചു രോഗലക്ഷണങ്ങൾ സംശയിക്കുന്നവരെ ആശുപത്രിയിലേക്ക് റഫർ ചെയ്യും.
കഴിഞ്ഞ വർഷങ്ങളിലെ രോഗികളുടെ എണ്ണം
- 2021-22 -ആറ്
- 2022-23 -29
- 2023 ഏപ്രിൽ മുതൽ- നാല്
രോഗം പകരുന്നത്
- രോഗി തുമ്മുമ്പോഴും ചുമക്കുമ്പോഴും അടുത്തുനിന്ന് ശ്വസിക്കുന്നതിലൂടെയാണ് രോഗം പകരുക.
- ലക്ഷണങ്ങൾ: തൊലിപ്പുറത്തു കാണുന്ന നിറം മങ്ങിയതോ ചുവന്നതോ ആയ പാടുകൾ, തടിപ്പുകൾ, കട്ടികൂടിയ തിളക്കമുള്ള ചർമം, വേദനയില്ലാത്ത വ്രണങ്ങൾ, കൈകാലുകളിൽ മരവിപ്പ്, വൈകല്യങ്ങൾ, കണ്ണടക്കാനുള്ള പ്രയാസം.
ചികിത്സ
എല്ലാ സർക്കാർ ആശുപത്രികളിലും സൗജന്യ ചികിത്സ ലഭ്യമാണ്. തുടക്കത്തിൽ ചികിത്സ ആരംഭിച്ചാൽ വൈകല്യങ്ങൾ പൂർണമായി തടയാം. വൈകല്യങ്ങൾ ചികിത്സിച്ചു ഭേദമാക്കാൻ പ്രയാസമാണ് എന്നതിനാൽ ഉടൻ ചികിത്സ ആരംഭിക്കുകയാണു വേണ്ടത്. ചികിത്സ ആരംഭിക്കുന്നതോടെ രോഗിയുടെ ശരീരത്തിലെ 90 ശതമാനം ബാക്ടീരിയയും നശിക്കുന്നതിനാൽ മറ്റുള്ളവരിലേക്ക് പകരുന്നത് പൂർണമായി തടയാനാകും. ആറുമുതൽ 12 മാസം വരെയുള്ള കൃത്യമായ ചികിത്സയിലൂടെ പൂർണ രോഗമുക്തി നേടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

