അഞ്ജുവിനും മക്കൾക്കും അന്ത്യയാത്രാമൊഴി; കണ്ണീരിൽ കുതിർന്ന് ഇത്തിപ്പുഴ ഗ്രാമം
text_fieldsയു.കെയിൽ കൊല്ലപ്പെട്ട അഞ്ജുവിന്റെയും മക്കളുടെയും മൃതദേഹങ്ങൾ വൈക്കം ഇത്തിപ്പുഴയിലെ വീട്ടിലെത്തിച്ചപ്പോൾ
വൈക്കം: പിച്ചവെച്ചുകളിച്ചുനടന്ന വീട്ടുമുറ്റത്തേക്ക് ചേതനയറ്റ് അവരെത്തി-അഞ്ജുവും മക്കളായ ജീവയും ജാൻവിയും. കണ്ണീരോടെ കാത്തിരുന്ന ഇത്തിപ്പുഴ ഗ്രാമം അന്ത്യയാത്രാമൊഴി നൽകി. വൈക്കം ഇത്തിപ്പുഴ അറക്കൽ അശോകന്റെ മകൾ അഞ്ജു (40), ജീവ (ആറ്) ജാൻവി (നാല് ) എന്നിവരുടെ മൃതദേഹങ്ങൾ ശനിയാഴ്ച രാവിലെ ഒമ്പതോടെയാണ് എമിറൈറ്റ്സ് വിമാനത്തിൽ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിച്ചത്.
തോമസ് ചാഴികാടൻ എം.പി, സി.കെ. ആശ എം.എൽ.എ, ജില്ല പഞ്ചായത്തംഗം പി.എസ്. പുഷ്പമണി, മറവൻ തുരുത്ത് പഞ്ചായത്ത് പ്രസിഡന്റ് പി.ബി. രമ തുടങ്ങിയവർ ഏറ്റുവാങ്ങി. തുടർന്ന് മൂന്ന് ആംബുലൻസുകളിലായാണ് മൃതദേഹങ്ങൾ 10.30 ഓടെ ഇത്തിപ്പുഴയിലെ വീട്ടിലെത്തിച്ചത്. വീടിന് സമീപം പുഴയോട് ചേർന്ന സ്ഥലത്ത് പ്രത്യേകം തയാറാക്കിയ സ്ഥലത്തായിരുന്നു പൊതുദർശനം. അഞ്ജുവിനെയും മക്കളെയും അവസാനനോക്കു കാണാൻ നാടാകെ എത്തിയിരുന്നു. മന്ത്രി റോഷി അഗസ്റ്റിൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രഞ്ജിത്ത്, വാർഡ് മെംബർ പോൾ തോമസ്, എസ്.എൻ.ഡി.പി യോഗം വൈക്കം യൂനിയൻ സെക്രട്ടറി എം.പി. സെൻ, ബി.ജെ.പി ജില്ല പ്രസിഡന്റ് ജി. ലിജിൻലാൽ, സി.പി.എം ലോക്കൽ സെക്രട്ടറി ശെൽവ് രാജ്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അക്കരപ്പാടം ശശി, നിസാം ഇത്തിപ്പുഴ തുടങ്ങി നിരവധിപേർ അന്ത്യോപചാരമർപ്പിച്ചു.
അഞ്ജുവിന്റെയും മക്കളുടെയും മൃതദേഹങ്ങൾ കണ്ട്
പൊട്ടിക്കരയുന്ന ബന്ധുക്കൾ
തുടർന്ന് വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ഉച്ചക്ക് ഒന്നോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു. അഞ്ജുവിന്റെ ഇരു വശത്തുമായിട്ടാണ് മക്കൾക്കും ചിതയൊരുക്കിയത്. അശോകന്റെ അനുജന്മാരുടെ മക്കളായ ഉണ്ണി, മനു, ശരത്ത്, സുമിത്ത്, ജിത്തു എന്നിവർ ചേർന്ന് ചിതക്ക് തീ കൊളുത്തി. അഞ്ജുവിന്റെ സഹപ്രവർത്തകൻ മനോജ് മാത്യു, യു.കെ യിലെ മലയാളി സമാജം ഭാരവാഹിയായ എബി സെബാസ്റ്റ്യൻ എന്നിവരും മൃതദേഹങ്ങൾക്കൊപ്പം യു.കെയിൽനിന്നെത്തിയിരുന്നു. ഡിസംബർ 15ന് രാത്രിയാണ് നഴ്സായ അഞ്ജുവിനെയും മക്കളെയും യു.കെയിലെ താമസസ്ഥലത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഭര്‍ത്താവ് കണ്ണൂര്‍ ശ്രീകണ്ഠപുരം പടിയൂര്‍ സ്വദേശി ചേലവേലിൽ സാജു (52) യു.കെയിൽ പൊലീസ് കസ്റ്റഡിയിലാണ്. സാജുവിനെതിരെ കൊലക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

