കാടുകയറി കായലോര ടൂറിസം പദ്ധതി
text_fieldsചീപ്പുങ്കലിലെ കായലോര ടൂറിസം പദ്ധതിയുടെ ഭാഗമായി സഞ്ചാരികൾക്ക് വിശ്രമിക്കാൻ തയാറാക്കിയ സ്ഥലം കാടുകയറിയ നിലയിൽ
കോട്ടയം: വിനോദസഞ്ചാരികൾക്ക് വിശാലമായ വിശ്രമമൊരുക്കാൻ ലക്ഷ്യമിട്ടാണ് ചീപ്പുങ്കലിലെ വേമ്പനാട്ട് കായൽ തീരത്ത് കായലോര ടൂറിസം പദ്ധതിക്ക് തുടക്കമിട്ടതെങ്കിലും സഞ്ചാരികൾക്ക് അനുഭവിക്കാൻ ഭാഗ്യമുണ്ടായില്ല.
വിനോദ സഞ്ചാരികൾക്ക് വിശ്രമിക്കാനും കാഴ്ചകൾ കാണാനും ഏറ്റവും അനുയോജ്യമായ സ്ഥലം പ്രയോജനപ്പെടുത്താൻ കഴിയാതെ കാടുകയറുന്ന അവസ്ഥയാണിപ്പോൾ. നടപ്പാതയും വിശ്രമത്തിനായി ഒരുക്കിയിരിക്കുന്ന സ്ഥലവും കാടുനിറഞ്ഞു.
വേമ്പനാട്ട് കായലിനോട് ചേർന്ന് ഇറിഗേഷൻ വകുപ്പിന്‍റെ ഉടമസ്ഥതയിലുള്ള നാലര ഏക്കറിലായിരുന്നു ടൂറിസം വകുപ്പിന്‍റെ ചീപ്പുങ്കൽ കായലോര ടൂറിസം പദ്ധതി. സഞ്ചാരികൾക്ക് വിശാലമായ സൗകര്യം ഒരുക്കുന്നതിനൊപ്പം കുമരകത്തിന് പുറത്തേക്കും ടൂറിസം വികസനം എത്തിക്കാൻ ലക്ഷ്യമിട്ടായിരുന്നു ചീപ്പുങ്കലിനെ പദ്ധതിക്കായി തെരഞ്ഞെടുത്തത്. ഹൗസ്ബോട്ട് ജെട്ടി ഉള്ളതും അനൂകൂല ഘടകമായി വിലയിരുത്തി. വിശാലമായ കായലിനൊപ്പം ഹൗസ്ബോട്ടുകൾ കടന്നുപോകുന്നത് ഇവിടെയിരുന്നാൽ കണ്ണിലെത്തുമായിരുന്നു. സൂര്യാസ്തമയവും സുന്ദരപ്രതീതി സൃഷ്ടിച്ചിരുന്നു.
അയ്മനം പഞ്ചായത്ത് പരിധിയിലായിരുന്ന ഇവിടം ബണ്ട്കെട്ടി വേർതിരിക്കുകയും ചീപ്പുങ്കൽനിന്നുള്ള റോഡ് അവസാനിക്കുന്ന ഭാഗം മുതൽ കായലോരം വരെ നടപ്പാതയും ടൂറിസം വകുപ്പ് നിർമിച്ചു. കായലോരത്ത് വിശ്രമത്തിനായി സ്റ്റീൽ ബെഞ്ചുകളും സ്ഥാപിച്ചിരുന്നു.
എന്നാൽ, സംരക്ഷണച്ചുമതലയുമായി ബന്ധപ്പെട്ട് ഇറിഗേഷൻ വകുപ്പും ടൂറിസം വകുപ്പും തമ്മിലുള്ള തർക്കം പദ്ധതിക്ക് തിരിച്ചടിയായി. സംരക്ഷിക്കാൻ ആളില്ലാതായതോടെ പദ്ധതിയിലേക്ക് കാടുപടർന്നു. നാൽക്കാലികൾ ഉള്ളിലേക്ക് കടക്കുന്നത് തടയാനായി പ്രവേശന കവാടത്തിൽ സ്ഥാപിച്ച കറങ്ങുന്ന ഗേറ്റടക്കം നശിച്ചു. സ്റ്റീൽ ബെഞ്ചുകൾ പലയിടങ്ങളിലായി ചിതറി. നടപ്പാതയിലേക്ക് സമീപത്തെ വൃക്ഷങ്ങളുടെ ശിഖരങ്ങൾ വളർന്നു കയറിക്കിടക്കുന്ന നിലയിലാണ്.
തലയിൽ തട്ടുന്ന കാട്ടുമരങ്ങുടെ ചില്ലകൾ നീക്കിവേണം മുന്നോട്ടുനീങ്ങാൻ. ഇഴജന്തുക്കളുടെ ശല്യവും രൂഷമാണ്. നടപ്പാതയുടെ ടൈലുകൾ പൊട്ടിത്തുടങ്ങിയതിനൊപ്പം കായലോര ഭാഗത്ത് പുല്ല് നിറഞ്ഞു. ഇവിടം കന്നുകാലികൾക്കു മേയാനുള്ള സ്ഥലമായും മാറി.
ഇപ്പോൾ കായലിൽനിന്നുള്ള ചളിയും ഇവിടേക്ക് വാരിയിട്ടിരിക്കുകയാണ്. ഇതിന് സമീപത്തായി, കായലിൽ തുരുത്ത് രൂപപ്പെടുന്നുമുണ്ട്. ഇത് ബോട്ട്യാത്രക്ക് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. വലിയതോതിൽ പുല്ല് നിറഞ്ഞാണ് തുരുത്ത്. ഇത് സുഗമമായ യാത്രകൾക്ക് വെല്ലുവിളിയാണെന്ന് ബോട്ട് ജീവനക്കാർ പറയുന്നു. ഇതിനിടെ, ഇവിടെ 8.5 കോടിയുടെ പദ്ധതി തയാറാക്കി അയ്മനം പഞ്ചായത്ത് ടൂറിസം വകുപ്പിന് നൽകിയെങ്കിലും തുടർനടപടി ഉണ്ടായിട്ടില്ല. ഭക്ഷണശാല, വിശ്രമകേന്ദ്രം, സൂര്യാസ്തമയം കാണുന്നതിനുള്ള സംവിധാനം, കുളത്തിൽ പെഡൽ ബോട്ട്, ഹോം തിയറ്റർ തുടങ്ങിയവ ഉൾപ്പെടുത്തിയുള്ള പദ്ധതിയാണ് തയാറാക്കിയിരുന്നത്. ഇത് ടൂറിസം വകുപ്പ് അംഗീകരിച്ചില്ല. ഇതോടെ സ്ഥലം പഞ്ചായത്തിന് വിട്ടുനൽകിയാൽ ടൂറിസം കേന്ദ്രം സംരക്ഷിക്കാൻ കഴിയുമെന്ന് ചൂണ്ടിക്കാട്ടി അയ്മനം പഞ്ചായത്ത് സർക്കാറിനെ സമീപിച്ചു.
ഇതിനൊടുവിൽ സ്ഥലം ഇറിഗേഷൻ വകുപ്പ് അയ്മനം പഞ്ചായത്തിന് അടുത്തിടെ കൈമാറി. ഇതോടെ നിലവിലെ ടൂറിസം പദ്ധതി നവീകരിക്കുന്നതിനൊപ്പം വിപുലപ്പെടുത്താനുള്ള ആലോചനയും ആരംഭിച്ചിട്ടുണ്ട്. 10 കോടി ചെലവിൽ കുട്ടികളുടെ പാർക്ക് അടക്കമുള്ളവയാണ് ആലോചനയിലുള്ളത്. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം പരിഹരിക്കാൻ ലക്ഷ്യമിട്ട് നിർമിച്ച ബോട്ട് ദുരന്തസ്മാരക മന്ദിരം കുമരകത്തെ മറ്റൊരു ദുരന്തക്കാഴ്ചയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

